“തുപ്പല് കൂടി ഇറക്കാൻ വയ്യ ഡോക്ടറേ...”. കദീജ വന്നത് സഹിക്കാൻ വയ്യാത്ത തൊണ്ട വേദന, ഉമിനീർ പോലും ഇറക്കാൻ പറ്റാത്ത അത്ര dysphagia , പനി.... വായ ശരിക്കും തുറക്കാൻ വയ്യ .... തുപ്പൽ വായിന്റെ കോണുകളിൽകൂടി ഒഴുകുന്നു. ശരിക്കും Toxic ലുക്ക് . വായ കഷ്ടപ്പെട്ട് തുറന്നു നോക്കി ... peritonsillar abscess അഥവാ Quincy എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഫീകരൻ. അതായതു ടോൺസിൽ ന്റെ ചുറ്റുഭാഗവും പഴുപ്പ് വന്നു നിറഞ്ഞിരിക്കുന്ന അവസ്ഥ . പണ്ടൊക്കെ ഒരുപാടു ആളുകളെ കാലപുരിക്ക് കൂട്ടികൊണ്ടു പോയ വീരൻ . മുഴുവൻ തുറക്കാത്ത വായിലൂടെ Quincy forceps കൊണ്ട് ഒരു പ്രയോഗം ..... ഖദീജയുടെ ശബ്ദം എവിടെയൊക്കെയോ പ്രതിധ്വനിച്ചു. ഒരു 100 ml നല്ല കൊഴുത്ത മഞ്ഞ പഴുപ്പ് .... കലാപരിപാടി കഴിഞ്ഞതും വിയർത്തു കുളിച്ചു ... തളർന്നിരുന്നു കദീജ ബീവി ..... ഒന്ന് മതിയാക്കു ഡോക്ടറേ ... എന്നവർ കണ്ണ് കൊണ്ട് കെഞ്ചി . വൈകുന്നേരം ആയപ്പോഴേക്കും കദീജ ഉഷാറായിരുന്നു ... കഞ്ഞി കുടിച്ചു ... പനി ഇല്ല . പിറ്റേ ദിവസവും Quincy forceps കൊണ്ട് ചെന്നപ്പോൾ ആദ്യം ഒന്ന് വിസമ്മതിച്ചെങ്കിലും ... അസുഖം മാറി വരുന്നത് അതുകൊണ്ടാണെന്നു ഉള്ള തിരിച്ചറിവിൽ അവർ സമ്മതിച്ചു. അഞ്ചു ദിവസം കഴിഞ്ഞു ഒന്നും സംഭവിക്കാത്ത പോലെ ഡിസ്ചാർജ് ആയി പോവുമ്പോൾ ... അവരുടെ കണ്ണുകളിൽ നന്ദിയും സന്തോഷവും നിറഞ്ഞു നിന്നിരുന്നു.

ഇത് അമേരിക്കൻ പ്രസിഡന്റ് ജോർജ് വാഷിംഗ്‌ടൺനെ വരെ സ്വർഗ്ഗത്തിലേക്കയച്ച രോഗം ആണെന്ന് അവരോടു പറയണം എന്നുണ്ടായിരുന്നു. പിന്നെ വെറുതെ പേടിപ്പിക്കേണ്ട എന്ന് വെച്ച് പറഞ്ഞില്ല . ഇത് പോലെ peritonsillar abscess വന്നു മാറിയ എഞ്ചിനീയർ ആയ സുഹൃത്ത് എഴുതിയ കവിതയുടെ ടൈറ്റിൽ ഇങ്ങനെ ആയിരുന്നു. “I survived what killed George Washington”. ജോർജ് വാഷിംഗ്‌ടൺ മരിച്ചത് A /C Epiglottitis കൊണ്ട് ആയിരുന്നു എന്നും ചിലർ പറയുന്നുണ്ട് . ഇതിനെല്ലാം നന്ദി പറയേണ്ടത് ആന്റിബിയോട്ടിക്‌സ് നോടാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഏറ്റവും അധികം മരണം നടന്നിരുന്നത് ... ഇൻഫെക്ഷൻസ്‌ കൊണ്ട് ... communicable diseases കൊണ്ട് ആയിരുന്നു. ഇന്നത്തെ നമ്മൾ പുച്ഛിക്കുന്ന പല അസുഖങ്ങളും അന്ന് ആളെ കൊല്ലികൾ ആയിരുന്നു. അത് അമേരിക്കൻ പ്രസിഡന്റ് ആയാലും കൊച്ചീ രാജാവിന്റെ കൊച്ചു മോളായാലും ശരി... ഒരു രക്ഷയുമില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് 1928 ഇൽ സർ അലക്സാണ്ടർ ഫ്ലെമിംഗ് എന്ന biologist ... മൂടി വെക്കാൻ മറന്നു പോയ Staphylococcus aureus എന്ന ഭീകരനെ വളർത്തിയ culture പ്ലേറ്റിൽ പൂപ്പൽ വന്നിരിക്കുന്നത് ശ്രദ്ധിച്ചത്. ആ പൂപ്പൽ ആ ഭീകരൻ ബാക്റ്റീരിയകളെ നശിപ്പിക്കുന്ന കാര്യം ആദ്യം കുറച്ചു ഈർഷ്യയോടെ ആണ് സർ ഫ്ലെമിംഗ് കണ്ടത് . പിന്നീടാണ് അത് പെൻസിലിയം notatum എന്ന പൂപ്പൽ ആണെന്നും അതിലെ പെനിസിലിൻ ആണ് ബാക്റ്റീരിയകളെ കൊല്ലുന്നത് എന്നും മനസിലാക്കിയത്. മാനവരാശിയിലെ ഒരു വലിയ കണ്ടുപിടുത്തം നടത്തിയ സർ ഫ്ലെമിങ്ങിനു പിന്നീട് നോബൽ സമ്മാനം നൽകി ലോകം ആദരിച്ചു .

അത് മെഡിക്കൽ പ്രാക്ടിസിലേക്കു കൊണ്ട് വരാൻ പിന്നെയും വർഷങ്ങൾ എടുത്തു . രണ്ടാം ലോക യുദ്ധത്തിന്റെ അവസാനത്തോടെ ഇതൊരു “വണ്ടർ ഡ്രഗ്” ആണെന്ന് ലോകം അംഗീകരിച്ചു. പിന്നീടുള്ള ഇരുപതു മുപ്പതു വർഷങ്ങളിൽ ഒരുപാടു antibiotic കൾ കണ്ടു പിടിക്കപ്പെട്ടു. അതോടെ പുലികളായിരുന്ന പല ബാക്ടീരിയകളും എലികളായി . ഇന്നീ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഇൻഫെക്ഷൻസ്‌ കൊണ്ട് esp ബാക്റ്റീരിയൽ ഇൻഫെക്ഷൻസ്‌ കൊണ്ട് മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇന്നത്തെ പ്രധാന മരണകാരണം Non-communicable diseases - അതായത് ഹൃദ്രോഗം , കാൻസർ , പ്രമേഹം , പ്രഷർ , accident .... ഒക്കെ ആണ് . പക്ഷെ ഇന്ന് പുതിയ ആന്റിബിയോട്ടിക്‌സ് ഇറങ്ങുന്നത് കുറവാണ്. ഒപ്പം ആന്റിബിയോട്ടിക്‌സ് resistance കൂടി കൊണ്ടിരിക്കുകയും ചെയ്യുന്നു . അതിന്റെ പ്രധാന കാരണം Antibiotic misuse ആണ്. നമുക്ക് കിട്ടിയ വജ്രായുധമാണ് ആന്റിബിയോട്ടിക്‌സ് . അതിന്റെ മൂർച്ചയും തിളക്കവും കുറയാതെ കാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.


Written by:

Dr Santhosh Kumar N.

M S (ENT) from JIPMER, Fellowship in Head and Neck surgical Oncology From RCC,Trivandrum

Currently he is Consultant ENT and Head and Neck surgeon at Aster MIMS, Kottakkal