RCC ചികിത്സാ പിഴവ് വിവാദം :

[ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ സമിതി അംഗം ഡോക്ടർ ശ്രീജിത്ത് എൻ കുമാർ എഴുതുന്നു ]

ദയ വേണം, ഊഷ്മളതയും ...

ഡോ. ശ്രീജിത്ത് ഫോൺ എടുത്തില്ല. രോഗികളെ കാണുന്ന തിരക്കിലാകുമെന്ന് ഞാനൂഹിച്ചു. RCC യെ കുറിച്ച് പ്രചരിക്കുന്ന വീഡിയോയിൽ പരാമർശിക്കപ്പെട്ട ഡോക്ടറാണദ്ദേഹം. യഥാർത്ഥ വസ്തുത എന്താണെന്നറിയണം. RCC യിലെ ഡോ ശ്രീജിത്തിനെ പറ്റി നല്ലതെ കേട്ടിട്ടുള്ളൂ. അതിനാൽ തന്നെ മറിച്ചുള്ള പരാമർശത്തിന്റെ നിജസ്ഥിതി മനസിലാക്കണം. ഇനി അദ്ദേഹം നിരപരാധിയാണെങ്കിൽ ആശ്വസിപ്പിക്കുകയും വേണം. നല്ല ഡോക്ടർമാരുടെ മനോവീര്യം തകരാതെ നോക്കേണ്ടത് സമൂഹത്തിന്റെ കൂടി ആവശ്യമല്ലെ.

സമയം ലഭിക്കുമ്പോൾ തിരിച്ചുവിളിക്കൂ എന്നൊരു SMS അയച്ചു. നാടായ നാട്ടിലൊക്കെ, ഗ്രൂപ്പായ ഗ്രൂപ്പിലൊക്കെ അദ്ദേഹത്തേയും, അദ്ദേഹം ജോലി നോക്കുന്ന ആശുപത്രിയെയും കുറിച്ച് ചർച്ച നടന്നുകൊണ്ടിരിക്കുന്നു. അടുത്തിടെ കാൻസർ രോഗത്തെ തുടർന്ന് ഭാര്യ നഷ്ടപെട്ട ഒരു ഡോക്ടറുടെ വീഡിയോയാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. തന്റെ ഭാര്യക്കു ലഭിച്ച ചികിത്സയിലെ ന്യൂനതകൾ അതിലദ്ദേഹം പറയുന്നു. കൈകാലുകളിലെ ഞരമ്പിലാണ് മരുന്ന് നൽകാനുള്ള സൂചി കുത്തിയത്, ഉടലിലെ ഞരമ്പിലേക്കല്ല, അന്തിമ നാളുകളിൽ രക്തത്തിലെ ലവണങ്ങളുടെ നിർണ്ണയം കൃത്യമായില്ല, രകതധമനികൾക്കുള്ളിലെ രക്ത കട്ടകൾ നിർണ്ണയിച്ചതിലെ അപാകത, സുഷിര ശസ്ത്രക്രിയയ്ക്ക് പകരം വയറ് തുറന്ന് ശസ്ത്രക്രിയ നടത്തിയതിലെ ഈർഷ്യ തുടങ്ങി പല സാങ്കേതിക കാര്യങ്ങളും അദ്ദേഹം പങ്ക് വച്ചു, കൂടാതെ ചികിത്സയിലായിരുന്ന അവസരത്തിലുള്ള ചില ചിത്രങ്ങളും. സാങ്കേതികതകൾ പൂർണ്ണമായൊന്നും മനസിലായില്ലെങ്കിലും എന്തൊക്കെയോ പന്തികേട് ജനവും ഗ്രഹിച്ചു. 'ഒരു ഡോക്ടർക്ക് ഇതാണനുഭവമെങ്കിൽ സാധാരണക്കാർക്ക് എന്താകും ' - ഇതായിരുന്നു പലരുടെയും ഉത്ഘണ്ഠ.

മനസിൽ തോന്നിയ ചില കാര്യങ്ങൾ കുറിക്കട്ടെ.
രോഗമാകട്ടെ, ചികിത്സയാകട്ടെ, അത് ഒന്നേയുള്ളൂ. എല്ലാ മനുഷ്യർക്കും അത് ഒന്നു പോലെ തന്നെ. VIP യ്ക്ക് ക്യൂ നില്ക്കേണ്ടി വന്നേക്കില്ല. പക്ഷെ മലേറിയയ്ക്കും, TBയ്ക്കും, പനിയ്‌ക്കും, കാൻസറിനും മരുന്ന് VIP യ്ക്കും ,സാധാരണക്കാർക്കും ഒന്ന് തന്നെ. ഡോക്ടർ രോഗി ആയാൽ ചികിത്സ വ്യതസ്തമല്ല. സുതാര്യമായി തന്നെയാണ് ചികിത്സ നടക്കുന്നത്. ഏത് ഘട്ടത്തിലും ഇടപെടാനുള്ള അവകാശം രോഗിയ്ക്കുണ്ട്. സമ്മതത്തോടെ മാത്രമെ ഏത് ചികിത്സയും നല്കുവാൻ കഴിയൂ. സമ്മതം നല്കിയ ശേഷം പിന്നെ ആരോപണം ഉന്നയിക്കുന്നത് ഭൂഷണമാണോ?

VIP അല്ലെങ്കിൽ ചികിത്സ മോശമാകുമെന്ന ധാരണ ശരിയല്ല. വലിയ പത്രാസൊന്നും കാണിക്കാത്ത, സ്നേഹമുള്ള സാധാരണ രോഗികളെയാണ് ഡോക്ടർമാർക്കിഷ്ടം. അല്പം ബഹുമാനം കൂടി ആയാൽ ഡോക്ടർ കഴിവിന്റെ പരമാവധി ചെയ്യുമെന്നുറപ്പ്. ഡേൽ കാർനിഗി് പറഞ്ഞ പോലെ വിമർശനമല്ല, സത്യസന്ധമായ പ്രശംസയാണ് എല്ലായ്പ്പോഴും നല്ലത്. അംഗീകാരം ആരാണ് ആഗ്രഹിക്കാത്തത്. അംഗികാരത്തിന് പകരം ആക്രോശമാകുമ്പോൾ മനസ്സു മരവിക്കുന്നു. എന്ത് ചെയ്താലും കുറ്റം, പിന്നെ എന്തിനീ പാട് പെടുന്നു എന്ന് ചിലരെങ്കിലും നിനച്ച് പോകുന്നു. അത് സമൂഹത്തിന് നല്ലതല്ല. നല്ല ഡോക്ടർമാരും, അവരുടെ നല്ല മനസ്സും നമുക്ക് നഷ്ടപെട്ടുകൂടാ.

രോഗിയിൽ നിന്ന് ലഭിയ്ക്കുന്ന സ്നേഹം തന്നെയാണ് ഞാനറിയുന്ന ഭൂരിപക്ഷം ഡോക്ടർമാരുടെയും ഏറ്റുവം വലിയ പ്രചോദനം'. ഞാനുൾപ്പടെ പല ഡോകർമാരും പല സൗജന്വ സേവനവും ചെയ്യുന്നതും മറ്റൊന്നിനുമല്ല, സ്നേഹത്തിനും, അംഗീകാരത്തിനും വേണ്ടി തന്നെ. പല രോഗികളും ചെറിയ ഉപഹാരങ്ങൾ നല്കാറുണ്ട്. ഗൾഫിലും മറ്റും പോയി വരുമ്പോൾ അല്പം മിഠായി, ഈന്തപ്പഴം തുടങ്ങി. ഇത് സ്വീകരിക്കുമ്പോഴുണ്ടാകുന്ന സന്തോഷം സമ്മാനത്തിന്റെ വില കൊണ്ടല്ല, അത് തരുന്ന മനസ്സിന്റെ സ്നേഹം കൊണ്ടാണ്. നിരസിച്ചാൽ അവർക്ക് വിഷമമാകും. ഇത് ഡോക്ടറിന് വേണ്ടി ഞാൻ പ്രത്യേകം വാങ്ങിയതാണ്, അവർ നിർബന്ധിക്കും. ആ രോഗിയോടുള്ള പെരുമാറ്റം പിന്നെ കൂടുതൽ ഉഷ്മളമാവുക സ്വാഭാവികം. വീട്ടിലെ പല കാര്യങ്ങളും പറയുന്നവരുണ്ട് - മകന്റെ പഠിത്തം തുടങ്ങി മകളുടെ വിവാഹത്തിനെ കുറിച്ച് വരെ അഭിപ്രായമാരായുന്നവരുണ്ട്. അവർക്ക് ഡോക്ടർ കുടുബാംഗമാണ്, ഡോക്ടർക്ക് തിരിച്ചും.

എന്നാൽ പത്രാസ് കാട്ടുന്നവരും, വിരട്ടുന്നവരുമുണ്ട്, VIP കളും. ഒരു കാര്യം തുറന്ന് പറയട്ടെ - VIP കളെ കാണാൻ പലർക്കും താത്പര്യമില്ല. എല്ലാത്തിനും മുൻഗണന, ഏത് സമയത്തും കാണണം, എത്ര നേരം കൊടുത്താലും മതിയാകില്ല, ഇനി പലരും ഒരു രൂപ ഫീസ് പോലും നല്കുകയുമില്ല. ആ സമയത്ത് കുറച്ച് സാധാരണക്കാരെ കണ്ടാൽ അവർക്കും, ഡോക്ടർക്കും കൂടുതൽ സന്തോഷം.

ഡോക്ടർമാർ പണം ഉണ്ടാക്കുന്നില്ലെ? ധനികരായ ചിലരുണ്ട്. പലരും ഏറിയാൽ upper middle class ആണ്. പാവപ്പെട്ടവരുമുണ്ട്. എല്ലാ പേരും പണക്കാരെന്ന ധാരണ തെറ്റാണ്. പണമുണ്ടാക്കാൻ എന്ത് മാർഗ്ഗവും തേടുന്നവർ തീർച്ചയായും കുറവാണ്. ബഹു ഭൂരിപക്ഷവും രോഗികളോടും, സമൂഹത്തോടുമുള്ള സ്നേഹവും, പ്രതിബദ്ധതയും കാത്ത് സൂക്ഷിക്കുന്നവർ തന്നെ. ഞാൻ IMA പ്രസിഡന്റായിരുന്നപ്പോൾ നിർദ്ധന രോഗികളെ സഹായിക്കാനായി ഡോക്ടർമാരിൽ നിന്ന് മാത്രം സംഭാവന സ്വീകരിച്ച് കൊണ്ട് ഞങ്ങൾ ഒരു ക്ഷേമ നിധി തുടങ്ങി. രണ്ടാഴ്ച കൊണ്ട് ഡോകടർമാർ സംഭാവന നല്കിയത് 45 ലക്ഷം രൂപയാണ്. അപകടം സംഭവിക്കുന്ന രോഗികളെ ആശുപത്രിയിൽ എത്തിക്കുവാൻ IMA കേരളത്തിൽ നടപ്പിലാക്കുന്ന INTEC എന്ന പദ്ധതിയുടെ മുഴുവൻ ചിലവും വഹിക്കുന്നത് നരേന്ദ്രകുമാർ എന്ന സ്നേഹസമ്പന്നനായ ഡോക്ടർ നയിക്കുന്ന
ഡോ രമേശ് കുമാർ ഫൗണ്ടെഷനാണ്. ക്രിസ്ത്മസും , വനിതാ ദിനവുമൊക്കെ മെഡിക്കൽ വിദ്യാർത്ഥികൾ ആഘോഷിച്ചത് വൃദ്ധസദനത്തിലും, അനാഥാലയത്തിലുമൊക്കെ ആയിരുന്നു.
അങ്ങനെ എത്രയൊ ഉദാഹരണങ്ങൾ. ആർദ്രതയുള്ള, കരുണ വറ്റാത്ത സമൂഹം തന്നെയാണ് ഇന്നും മെഡിക്കൽ സമൂഹം എന്ന് സൂചിപ്പിക്കുവാൻ പറഞ്ഞുവെന്നെയുള്ളൂ.

എല്ലാം ഉത്തമം എന്നൊന്നും പറയുന്നില്ല. പക്ഷെ ചിലർ ആക്ഷേപിക്കുന്നത് പോലെ തീർത്തും മോശമല്ല മെഡിക്കൽ രംഗം എന്നെനിക്കുറപ്പിച്ച് പറയാൻ കഴിയും.
ഇതിനർത്ഥം ഇനി ഒന്നും ചെയ്യണ്ടെന്നല്ല. വിമർശനങ്ങൾ എന്നും ഉൾക്കൊണ്ട് , അവയോട് ക്രിയാത്മകമായി പ്രതികരിച്ചുമാണ് നമ്മൾ മുന്നോട്ടു നീങ്ങിയിട്ട്ടുള്ളത്. സമൂഹത്തിന്റെ ആകുലതകൾ കൂടുതൽ ആർദ്രതയോടെ കേൾക്കേണ്ടതുണ്ട്. ചികിത്സയെ കുറിച്ചുള്ള പരാതികൾ കേൾക്കുവാനും, പരിഹരിക്കുവാനും കൂടുതൽ ഫലപ്രദമയ ഇടപെടലുകൾ ആവശ്യമുണ്ട്. IMA വിഭാവന ചെയ്തിരിക്കുന്ന പരാതി പരിഹാര സമിതി ജില്ലകളിലും, ആശുപത്രികളിലും ഉടൻ തന്നെ നടപ്പിൽ വരുമെന്നാണ് ഞാൻ മനസിലാക്കുന്നത്. ഉള്ളു തുറന്ന ചർച്ചയും, അഭിപ്രായ രൂപികരണവും വേണം. ഇതിനാണ് സിറ്റിസൺ അഡ്വൈസറി പാനൽ IMAനടത്തുന്നത്. ഇത് കൂടുതൽ കാര്യക്ഷമമാകണം. നൈതിക ഇടപെടലുകൾ നമുക്ക് ഇനിയും മെച്ചപ്പെടുത്തുവാനാകും.
ക്രിയാത്മകമായ, സ്നേഹാധിഷ്ഠിതമായ ഇടപെടലാണ് നമുക്കിന്നാവശ്യം. ആക്രമണവും, അന്ധമായ ആരോപണവും, ആക്രോശവുമൊക്കെ വിപരീത ഫലമാകും ചെയ്യുക.

ഇപ്പോൾ തന്നെ ഡോക്ടർമാർക്ക് ധൈര്യമായി ചികിത്സിക്കാൻ ഭയമാണ്. ഉത്തമ ചികിത്സ നല്കിയാൽ പോലും ജീവഹാനിയോ, മറ്റ് ക്ഷതമോ സംഭവിച്ചാൽ അടി, ആക്രോശം, ആക്രമണം, കേസ് എന്നിങ്ങനെ പോകുന്നു തിക്തഫലങ്ങൾ. ജീവിതത്തിൽ എപ്പൊൾ വേണെലും ഇതൊക്കെ വന്നു ഭവിക്കാം. എന്നാൽ പിന്നെ ചെറിയ ചികിത്സയോ, പരിശോധനയോ ഒക്കെ കുറിച്ച് ഒതുങ്ങി കൂടാമെന്നാണ് പല ഡോക്ടർമാരും കരുത്തുന്നത്. ഇത് മൂലം നഷ്ടം സമൂഹത്തിനാണ്. ഡോക്ടർമാർക്ക് ഉള്ളു തുറന്ന് ചികിത്സിക്കാനാകണം. അതിന് അവർക്ക് ധൈര്യം ലഭിക്കണം. അകാരണമായി അവർ പീഢിപ്പിക്കപ്പെടാതിരിക്കണം. അതിന് സമൂഹം കൈതാങ്ങാകണം.

വീഡിയോയിൽ നടത്തിയ ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടക്കട്ടെ. ശാസ്ത്രീയ അഭിപ്രായങ്ങൾ പലതും സൂചിപ്പിക്കുന്നത് തീർത്തും മാരകമായ രോഗമായിരുന്നു എന്നാണ്. RCC യിലെ തന്നെ ശരിയായ ചികിത്സയിലൂടെ ഏതാണ്ട് രണ്ട് കൊല്ലം രോഗശമനം ലഭിച്ചുവെങ്കിലും, വീണ്ടും കാൻസർ പ്രത്യക്ഷപ്പെട്ടപ്പോൾ ഭേദമാക്കുക അസാധ്യമായിരുന്നുവത്രെ. ചികിത്സയിലെ അപാകതയല്ല , ഇടപ്പെട്ട രീതിയാണ് ശരിയാകാത്തത് എന്ന് ചിലർ പറയുന്നു. ശരിയാണ്. ആശുപത്രിയിൽ എത്ര തിരക്കുണ്ടായാലും ഒരോ രോഗിക്കും പ്രത്യേക ശ്രദ്ധ വേണം. അതിന് നമ്മുടെ സൗകര്യങ്ങൾ വലിയ തോതിൽ മെച്ചപ്പെടണം. പാവപ്പെട്ടവനും തുല്യ ചികിത്സ ലഭിയ്ക്കണം. ഇതിനായി സർക്കാർ ആരോഗ്യത്തിനുള്ള വിഹിതം കൂട്ടണം, കൂടുതൽ പണം ചിലവാക്കണം. കൂടുതൽ സ്റ്റാഫിനെ നിയമിക്കണം. കൗൺസലിംഗ് ചെയ്യുവാൻ പ്രത്യേകം സ്റ്റാഫ് തന്നെ വേണം. ഇന്നുള്ള നാമമാത്ര മുതൽ മുടക്ക് കൊണ്ട് നാമമാത്ര സേവനമെ ലഭിയ്ക്കൂ. എന്നെങ്കിലും ഉണ്ടായേക്കാവുന്ന സാങ്കൽപിക യുദ്ധത്തിനു വേണ്ടിയുള്ള ആയുധത്തിനല്ല , ജനങ്ങൾക്ക് നിത്യം വേണ്ട ആരോഗ്യത്തിനാണ് കൂടുതൽ തുക വകയിരുത്തേണ്ടത്. നാം ശബ്ദമുയർത്തിയെ മതിയാകൂ.

എറെ സമയത്തിന് ശേഷം ഡോ ശ്രീജിത്തിന്റെ ഫോൺ വന്നു. പ്രതീക്ഷിച്ച പോലെ അദ്ദേഹം രോഗികളെ നോക്കുന്ന തിരക്കിലായിരുന്നു. ലോകത്തെ മുഴുവൻ മലയാളികളും ഇദ്ദേഹത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ അദ്ദേഹം രോഗികൾക്കൊപ്പമെന്നത് എന്നെ അത്ഭുതപ്പെടുത്താതിരുന്നില്ല. വീഡിയോയിലെ പരാമർശത്തെ കുറിച്ച് അദ്ദേത്തിന് പറയാനുള്ളത് ഇത്ര മാത്രം - "ഞങ്ങളാൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. ഞാൻ ഒരു ചെറിയ പോസ്റ്റിൽ അത് പറഞ്ഞിരുന്നുവല്ലോ. ഒരുപാട് പേർ, പ്രത്യേകിച്ച് രോഗികൾ വിളിച്ച് പിന്തുണ പറഞ്ഞു. വീഡിയോ പോസ്റ്റ് ചെയ്ത ഡോക്ടർ അദ്ദേഹത്തിന്റെ വ്യസനം കൊണ്ട് ചെയ്തതാകാം. നമുക്കീ പ്രശ്നം ഇവിടെ അവസാനപ്പിക്കാം". അദ്ദേഹം രോഗികൾക്കിടയിലേക്ക് മടങ്ങി.

രോഗികളോട് ഏറെ പ്രതിബദ്ധതയുള്ള അദ്ദേഹത്തോട് മുൻപേ എനിയ്ക്ക് വളരെ ബഹുമാനമായിരുന്നു. ഇപ്പോൾ അത് വർധിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ അതെ പേരാണെന്നതിൽ, തീർത്തും സാധാരണ ഡോക്ടറാണെങ്കിലും, ഞാൻ അഭിമാനിക്കുന്നു.


This health infonet blog post is sourced from Dr Sreejith N kumar's Facebook post and reproduced here with permission.

Dr Sreejith N Kumar is a Medical Doctor, specialising in Diabetes care and passionate on scientific and affordable public health

The source fb post link is https://www.facebook.com/drsnkumar/posts/168941867...