RCC ചികിത്സാ പിഴവ് വിവാദം :

[ ഡോ: എസ്. എസ്. ലാൽ എഴുതുന്നു ]
വർത്തമാനത്തിലെ പിശക്

--------------------------------------------

ആർ.സി.സി. യിലെ ഡോ: ശ്രീജിത്ത് ഒരു നല്ല ഡോക്ടറും നല്ല മനുഷ്യനുമാണെന്ന് ഒരുപാടുപേർ ആവർത്തിച്ചു പറയുന്നു. ഡോക്ടർമാരും സാധാരണക്കാരും ഒരുപോലെ ഇക്കാര്യത്തിൽ യോജിപ്പിലാണ്. എൻറെ ഫേസ്ബുക്ക് പേജിലും മെസ്സഞ്ചറിലുമൊക്കെ വന്ന് ഇതേകാര്യം പറയുന്നവരും ഉണ്ട്.

രാപകൽ ജോലിചെയ്യുന്ന ആത്മാർത്ഥതയുള്ള ഡോക്ടറാണ് ശ്രീജിത്തെന്നാണ് പൊതുവായ അഭിപ്രായം. ഐ.എം.എ. നേതാക്കളായ ഡോ: ശ്രീജിത്ത്. എൻ. കുമാറുമായും ഡോ: സുൽഫിയുമായും ഞാൻ സംസാരിച്ചു. അവരും ഡോക്ടർ ശ്രീജിത്തിനെപ്പറ്റി നല്ല വാക്കുകൾ മാത്രം പറയുന്നു.

ആർ.സി.സി. യെപ്പോലെ ഇത്രയും തിരക്കുള്ള ഒരു സർക്കാർ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ഒരു ഡോക്ടറെപ്പറ്റി ഒരുപാട് നല്ലവാക്കുകൾ കേൾക്കുന്നത് സന്തോഷമുള്ള കാര്യമാണ്. അദ്ദേഹത്തെപ്പറ്റി എനിക്ക് വ്യക്തിപരമായി ഉണ്ടായിരുന്ന അഭിപ്രായവും ഇതുതന്നെയാണ്.

ഡോ: ശ്രീജിത്ത് നല്ലവനാണെന്ന കാര്യം നമ്മൾ മുഖവിലയ്‌ക്കെടുക്കുന്നു. അദ്ദേഹത്തിൻറെ കഠിനാദ്ധ്വാനത്തെ നമ്മൾ ആദരിക്കുന്നു. അദ്ദേഹത്തെപ്പോലെ വേറെയും ചില നല്ല ഡോക്ടർമാർ ആർ.സി.സി. യിൽ ഉണ്ടായിരിക്കണം. അതുകൊണ്ടാണല്ലോ പതിനായിരക്കണക്കിന് രോഗികൾ വന്നെത്തുന്ന ഈ സർക്കാർ സ്ഥാപനം നടന്നുപോകുന്നത്.

അപ്പോൾ പിന്നെയെന്തുകൊണ്ടാണ് ആർ.സി.സി. യിൽ ചികിത്സയിലിരിക്കെ മരിച്ച ഒരു ഡോക്ടറുടെ ഭർത്താവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആർ.സി.സി.യെ പേരെടുത്തു പറഞ്ഞ് കുറ്റപ്പെടുത്തിയത്‌? കൂട്ടത്തിൽ ഡോക്ടർ ശ്രീജിത്തിനും പ്രഹരം കിട്ടിയത്?

ഭാര്യ മരിച്ച ഒരാളുടെ വേദന നമുക്ക് ഊഹിക്കാൻ കഴിയണം. അദേഹം ഡോക്ടറാണെന്നതിനാൽ വേദനിക്കാൻ പാടില്ലെന്ന് പറയാൻ കഴിയില്ല. കടുത്ത വേദനയ്ക്കിടയിൽ കുറ്റപ്പെടുത്തലുകൾ സ്വാഭാവികമാണ്. പക്ഷേ, അങ്ങനെ ലളിതമായിപ്പറഞ്ഞ് ഈ വിഷയം അവസാനിപ്പിക്കാൻ കഴിയുമോ?

ഡോക്ടർ ശ്രീജിത്തിൻ്റെ നന്മകളെയും കടത്തിവെട്ടുന്ന വ്യക്തികളോ കാരണങ്ങളോ ആർ.സി.സി. യിൽ ഉണ്ടായിരിക്കുമെന്ന സംശയം ഇവിടെ പ്രസക്തമാണ്.

കാൻസർ ബാധിച്ചുവരുന്ന മുഴുവൻ പേരെയും ചികിൽസിച്ചു രക്ഷപെടുത്താൻ ലോകത്ത് ഒരാശുപത്രിക്കും കഴിയില്ല. അതൊരു യാഥാർത്ഥ്യമാണ്. മെഡിക്കൽ യാഥാർത്ഥ്യം. പക്ഷേ, ഒരു സുപ്രഭാതത്തിൽ തനിക്ക് കാൻസറാണെന്നറിയുന്ന ഒരാളുടെ, കുടുംബാംഗങ്ങളുടെ, മാനസികാവസ്ഥ ഊഹിച്ചു നോക്കുക. അവരുടെ സ്ഥാനത്ത് സ്വയം നിർത്തി നോക്കുക. അത്തരം അനുഭവങ്ങളിൽക്കൂടി കടന്നുപോയിട്ടുള്ളവർക്ക് ഒരുപക്ഷേ ഇത് നന്നായി മനസ്സിലായെന്നുവരും.

രോഗിയുടെ ശാരീരീരിക വേദനകൾ കൂടാതെ മൊത്തം കുടുംബത്തിൻറെയും ജീവിതതാളം തെറ്റുന്ന കാഴ്ചകളാണ് കാൻസർ രോഗിയുടെ വീട്ടിൽ കാണുന്നത്. ചിലവേറിയ ചികിത്സകൾക്കിടയിൽ രോഗിയ്ക്കും വേണ്ടപ്പെട്ടവർക്കും തൊഴിൽ ചെയ്യാൻ കഴിയാതെ കൂടി വരും. അതുവഴിയുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാത്തിനും മുകളിൽ. രോഗവും, ആസന്ന മരണവും, അതുവഴിയുണ്ടാകുന്ന വേർപാടുകളെപ്പറ്റിയുള്ള ഭയവും. അതിനിടയിലാണ് സാമ്പത്തിക ബാധ്യതകളും.

കാൻസർ വന്ന്‌ ജീവിതം തകർന്നുനിൽക്കുന്ന മനുഷ്യർ ഒരുപാട് സാന്ത്വനവും ദയയും സ്നേഹവും ഒക്കെ അർഹിക്കുന്നു. അവർ അന്നേരവും ഉത്തമ മനുഷ്യരായി പെരുമാറണമെന്ന് നമുക്ക് വാശിപിടിക്കാൻ പറ്റില്ല. തനിക്കോ കുടുംബാംഗങ്ങൾക്കോ കാൻസർ കണ്ടുപിടിക്കപ്പെട്ടപ്പോൾ വലിയ വായിൽ നിലവിളിച്ച പോലീസ് ഓഫീസറെയും രാഷ്ട്രീയക്കാരനെയും ഡോക്ടറെയുമൊക്കെ ഞാനും ഒരുപാട് കണ്ടിട്ടുണ്ട്. ദുരിതത്തിൻറെ ആ നിമിഷങ്ങളിൽ അവരൊന്നും അവരായിരുന്നില്ല. ധൈര്യശാലികളായിരുന്നില്ല. ഉത്തമ മനുഷ്യരായിരുന്നില്ല. മറ്റാരൊക്കെയോ ആയിരുന്നു.

എന്റെയച്ഛന് ആറുവർഷം മുമ്പ് കരളിലെ കാൻസർ കണ്ടുപിടിക്കപ്പെട്ടപ്പോൾ തുടർന്ന് ഞാൻ കടന്നുപോയ ദിവസങ്ങളെ എനിക്ക് മറക്കാൻ കഴിയില്ല. ഒരു ഡോക്ടറായ, കേരളത്തിലെ ഏറ്റവും മിടുക്കരായ ഡോക്ടർമാരെയൊക്കെ പരിചയമുള്ള, എൻറെയും ധൈര്യം ഏതുവഴിയോ ചോർന്നുപോയി. അതിനിടയിലാണ് അച്ഛനും മറ്റു കുടുംബാംഗങ്ങൾക്കും ധൈര്യം നൽകാനുള്ള ഉത്തരവാദിത്തവും. ഭാരിച്ച ചികിത്സാ ചെലവ് വേറേ. അനുഭവിച്ച ഞാൻ പറയുന്നു, എളുപ്പമല്ല ആ ദിവസങ്ങൾ.

ഭാര്യ മരിച്ച ഡോക്ടർ റെജി എല്ലാ അനുകമ്പയും അർഹിക്കുന്നു. അദ്ദേഹത്തിൻറെ പ്രതികരണങ്ങൾ അതിരുകടന്നിട്ടുണ്ടാകാം. അദ്ദേഹം ഒരു ഡോക്ടറായതിനാൽ അത് പാടില്ലെന്ന് പറയാൻ നമുക്ക് കഴിയില്ല. ഇത്തരം സാഹചര്യങ്ങളിൽ ഇതുപോലെയോ ഇതിനേക്കാൾ മോശമായോ പ്രതികരിച്ചവർ നമുക്കിടയിൽക്കാണും. ഡോക്ടർമാർക്കിടയിലും.

ഡോക്ടർ റെജി പറഞ്ഞ മെഡിക്കൽ കാര്യങ്ങളിൽ അപാകതകളുണ്ടെങ്കിൽ ആർ.സി.സി.യ്ക്ക് അത് തിരുത്താം. അദ്ദേഹം കാൻസർ സ്പെഷ്യലിസ്റ് അല്ലല്ലോ. കാൻസർ വരുന്നവർക്കെല്ലാം മെഡിക്കൽ ഡിഗ്രി വേണമെന്ന് നമുക്കു വാശിപിടിക്കാനും കഴിയില്ല. രോഗി ഒരു ഡോക്ടറേയല്ലെങ്കിൽ ഇതിനെക്കാളും മെഡിക്കൽ തെറ്റുകൾ പറഞ്ഞെന്നും വരും. പക്ഷേ, അതുകൊണ്ട് പരാതി പറയാൻ പാടില്ലെന്നുണ്ടോ? പോലീസ് സ്റ്റേഷനിലെ കൊലപാതകങ്ങളെക്കുറിച്ച് പലർക്കുമൊപ്പം ഞാനും പ്രതികരിച്ചിരുന്നു. അത്തരം അഭിപ്രായങ്ങൾ പറയാൻ എനിക്ക് ഐ.പി.എസ്. ഉണ്ടോയെന്ന് ആരും ചോദിച്ചില്ല.

തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ടെകിൽ ആർ.സി.സി. തന്നെ മുൻകയ്യെടുത്ത് അത് തിരുത്തണം. ആർ.സി.സി. യെ നശിപ്പിക്കാൻ ആർക്കും ആഗ്രഹമില്ല. നശിക്കാൻ പാടില്ല. നല്ല ഡോക്ടർമാരുടെ ആത്മവിശ്വാസം തകരാനും പാടില്ല. നമ്മുടെയെല്ലാം ആശ്രയമാണ് ആ സ്ഥാപനം.

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യവുമുണ്ട്. ഡോ: റെജിയെപ്പറ്റി തിരിച്ചും വ്യക്തിപരമായ ആക്ഷേപങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. അല്ലെങ്കിൽ വിലകുറഞ്ഞ പകരം വീട്ടലിൻറെ നിലവാരത്തിലാകും കാര്യങ്ങൾ. ഭാര്യ മരിച്ച് മനസ്സുതകർന്നു നിൽക്കുന്ന ഒരാളോട് ഇങ്ങനെയല്ല പെരുമാറേണ്ടത്. അദ്ദേഹം നാലാം ക്ലാസിൽ പഠിക്കുമ്പോൾ മാവിന് കല്ലെറിഞ്ഞിട്ടുണ്ടെന്നൊക്കെ ഇപ്പോൾ വിളിച്ചു പറയുന്നത് മാന്യതയല്ല. എൻറെ ഡോക്ടർ സുഹൃത്തുക്കളും ഇത് ശ്രദ്ധിക്കണം. ഡോക്ടർ റെജിക്കെതിരെ ആരെങ്കിലും പടച്ചുവിടുന്ന ആക്ഷേപങ്ങൾ നമ്മൾ പ്രചരിപ്പിക്കരുത്. തങ്ങൾക്ക് ഇഷ്ടമല്ലാത്ത കാര്യം ഒരാൾ പറഞ്ഞാൽ അയാളെ അതേ നാണയത്തിൽ തിരികെ ആക്ഷേപിക്കുന്നത് എന്ത് നൈതികതയാണ്. അദ്ദേഹം ഒരു ഡോക്ടറാണ് എന്ന കാര്യം അദ്ദേഹത്തെ ആക്രമിക്കാനുള്ള കാരണവും ആകരുത്. അദ്ദേഹം ഈ സംഭവത്തിൽ ഭാര്യ മരിച്ച ഒരു മനുഷ്യൻ മാത്രമാണ്. നഷ്ടപ്പെട്ടു നിൽക്കുന്ന ഒരാളാണ്.

ആർ.സി.സി. യെപ്പറ്റി വീണ്ടും പറഞ്ഞ് നിർത്താം. അവിടെ എല്ലാം ശരിയായി നടക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. നേരിട്ടുള്ള അനുഭവങ്ങളിൽ നിന്നാണ് ഈ അഭിപ്രായം പറയുന്നത്. എനിക്കറിയാവുന്ന മറ്റു രണ്ട് ഡോക്ടർ സുഹൃത്തുക്കൾ സമാനമായ പരാതി പറഞ്ഞിട്ടുണ്ട്. ഒരാൾ കാൻസർ കാരണം മരിച്ചുകഴിഞ്ഞു. എൻറെ സുഹൃത്തുക്കൾ പരാതികൾ പുറത്തുപറഞ്ഞില്ലെന്നു മാത്രം. ആവരുടെയും പരാതി ചികിത്സയിലെ പിഴവുകളെപ്പറ്റിയല്ല. അവരോട് ക്രൂരമായി പെരുമാറിയെന്ന കാര്യത്തിലാണ്.

ശ്രീജിത്തിനെപ്പോലെ നല്ല ഡോക്ടർമാർ ഉള്ളതുപോലെ തന്നെ വളെരെ മോശക്കാരും അവിടെയുണ്ട്. സ്വന്തം ക്ലാസ്മേറ്റിനെ കരയിച്ച് ഇറക്കിവിട്ട ഒരു ഡോക്ടറുടെ കാര്യവും എനിക്കറിയാം. ആ ഡോക്ടറെ ബന്ധപ്പെടാൻ മറ്റു ഡോക്ടർമാർക്കും പേടിയാണ്. ഇത്തരം ഡോക്ടർമാരാണ് ആർ.സി.സി.യെ പോലീസ് സ്റ്റേഷൻ പോലെയാക്കുന്നത്. കളങ്കപ്പെടുത്തുന്നത്.

താങ്ങാനാവുന്നതിൽക്കൂടുതൽ തിരക്ക് ആർ.സി.സി.യിൽ ഉണ്ടായിരിക്കാം. അതൊന്നും മോശം പെരുമാറ്റത്തിന് ജാമ്യം നൽകുന്ന കാര്യങ്ങളല്ല. ജോലിഭാരം കുറയ്ക്കാൻ കൂടുതൽ സ്റ്റാഫിനെ നിയമിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. നടക്കുന്നില്ലെങ്കിൽ ജനങ്ങളെ അറിയിക്കണം. അവർ പരിഹാരമുണ്ടാക്കും. എന്നാൽ സർക്കാരിൽ നിന്ന് കിട്ടുന്ന ഫണ്ട് മുഴുവനും അവിടെ ബഹുനിലക്കെട്ടിടങ്ങളും ആർഭാട മുറികളും ഉണ്ടാക്കാനായി മാത്രം ഉപയോഗിക്കരുത്.

ഇത്രയും വലിയ സർക്കാരാശുപത്രിയിൽ രോഗികളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാനും കൗൺസലിംഗ് ചെയ്യാനുമൊക്കെ ഒരു സ്റ്റാഫ് പോലും ഇല്ലെന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നു. ചികിത്സ നന്നായറിയാവുന്ന ഡോക്ടർമാരെല്ലാം രോഗികളുമായുള്ള ആശയ വിനിമയത്തിലും മികവുറ്റവരായിക്കൊള്ളണമെന്നില്ല. അക്കാര്യങ്ങൾ പഠിച്ചവരെ അതേൽപ്പിച്ചാൽ വർത്തമാനത്തിലെ പിശകുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾകൂടി പരിഹരിക്കാനാകും.

വർത്തമാനത്തിലെ പിശകാണ് ചികിത്സയിലെ പിശകിനെക്കാൾ വലിയ ഏറ്റുമുട്ടലുകൾക്ക് കാരണമാകുന്നത്. ഇതുപോലുള്ള മിക്ക സന്ദർഭങ്ങളിലും.


This health infonet blog post is sourced from Dr SS Lal's Facebook post and reproduced here with permission.

The source fb post link is https://www.facebook.com/drsslal/posts/10213910636...

His blog link https://drsslal.blogspot.in/

[Dr S S Lal is TB Technical Director, PATH, USA. Public Health expert. Health columnist. Writer. Blogger. TV Anchor ]

PATH is an international health organization driving transformative innovation to save lives