Module 3

ക്ഷയരോഗചികിത്സ

ക്ഷയരോഗം കൃത്യമായ ചികിത്സയിലൂടെ പൂർണ്ണമായി മാറ്റാവുന്ന ഒരു രോഗമാണ്. മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന സൂക്ഷ്മാണുവിനെതിരെ വികസിപ്പിച്ചെടുത്തിട്ടുള്ള ആന്റിബയോട്ടിക്കുകളാണ് ചികിത്സയ്ക്കുപയോഗിക്കുന്നത്. ഒരൊറ്റ തരം ആൻറിബയോട്ടിക് മാത്രം ചികിത്സിക്കാൻ ഉപയോഗിക്കുന്നത്, പെട്ടെന്ന് മരുന്നിനെതിരെ ക്ഷയരോഗാണു ശക്തിയാർജ്ജിക്കുന്നതിൽ കലാശിക്കുമെന്ന് മുൻപ് തെളിഞ്ഞിട്ടുള്ളതാണ്. അതിനാൽ നാലും അഞ്ചും മരുന്നുകൾ സംയുക്തമായി കൊടുത്താണ് ക്ഷയരോഗം ചികിത്സിക്കുന്നത്. സാധാരണയായി ആദ്യമായി ക്ഷയരോഗ ചികിത്സയ്ക്ക് വിധേയരാകുന്നവർ ആറുമാസത്തെ ചികിത്സ എടുക്കണം. സൗജന്യമായി ക്ഷയരോഗത്തിനുള്ള ഗുളികകൾ ഏറ്റവുമടുത്ത സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ നിന്നും ലഭ്യമാണ്. Isoniazid, Rifampicin, Pyrazinamide, Ethambutol എന്നീ മരുന്നുകളാണ് ആദ്യനിര മരുന്നുകളായി ഉപയോഗിക്കുന്നത്. അപൂർവമായി ചില പാർശ്വഫലങ്ങൾ മരുന്നുകൾ കഴിക്കുന്ന രോഗികളിൽ കണ്ടുവരാറുണ്ട്. ഓക്കാനം ഛർദ്ദി വയറുവേദന എന്നിവയ്ക്ക് പുറമേ ചുരുക്കം ചിലരുടെ കരളിലെ എൻസൈമുകൾ ഉയരാറുണ്ട്. കൃത്യമായ ഇടവേളകളിൽ നടത്തുന്ന രക്ത പരിശോധനയിലൂടെ ഇത് കണ്ടെത്തുവാനും മരുന്നുകളിൽ വേണ്ടവിധത്തിലുള്ള മാറ്റങ്ങൾ സ്വീകരിക്കാനുമുള്ള സംവിധാനം ഇന്നു ലഭ്യമാണ്. അപൂർവമായി കൈകാലുകളിൽ തരിപ്പ്, നിറങ്ങൾ തിരിച്ചറിയാനുള്ള ശേഷിയിലെ വ്യത്യാസം എന്നിവയും പാർശ്വഫലങ്ങളായി കാണാറുണ്ട്. ക്ഷയരോഗത്തിന് മുൻപ് ചികിത്സ എടുത്തിരുന്ന വ്യക്തികളിൽ , വീണ്ടും ക്ഷയരോഗം ഉണ്ടായാൽ streptomycin എന്ന കുത്തിവെക്കുന്ന ആൻറിബയോട്ടിക് മുൻപ് ഉപയോഗിക്കാറുണ്ട്. എന്നാൽ ഏറ്റവും പുതിയ മാർഗ്ഗ്നിർദ്ദേശപ്രകാരം ഈ മരുന്ന് ചില പ്രത്യേക സാഹചര്യത്തിൽ മാത്രമേ ഉപയോഗിക്കേണ്ടതായുള്ളൂ എന്ന് പറയുന്നു. ഈ മരുന്ന് അപൂർവമായി കേൾവിശക്തിയെ ബാധിക്കാൻ സാധ്യതയുണ്ട്. ക്ഷയരോഗമരുന്നുകളുടെ ഭൂരിഭാഗം പാർശ്വഫലങ്ങളും യഥാസമയം മരുന്നിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ പൂർണമായി പഴയപടി ആക്കുവാൻ സാധിക്കും. 


MDR TB ചികിത്സ

 ആദ്യനിര മരുന്നുകൾക്കെതിരെ പ്രതിരോധമാർജ്ജിച്ച ക്ഷയരോഗമാണ് MDR TB. ആറുമാസത്തെ ആദ്യനിര ചികിത്സക്ക് ശേഷവും രോഗാവസ്ഥയിൽ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ MDR ടിബി സംശയിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഇത് തുടക്കത്തിൽ തന്നെ നിർണ്ണയിക്കാനുള്ള പ്രത്യേക പരിശോധനകൾ ഇപ്പോൾ ലഭ്യമാണ്. രണ്ടുവർഷത്തോളം നീളുന്നതാണ് ഇതിന്റെ ചികിത്സ. ദൈർഘ്യം കുറഞ്ഞ ചികിത്സാരീതിയും ചില സാഹചര്യങ്ങളിൽ ഇപ്പോൾ സ്വീകരിക്കാറുണ്ട്. Kanamycin, Levofloxacin, Ethambutol, Pyrazinamide, Ethionamide, Cycloserine എന്നീ മരുന്നുകളാണ് MDR ടിബിയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ഈ മരുന്നുകളോടും പ്രതികരിക്കാത്ത ഗുരുതരമായ ക്ഷയരോഗ അവസ്ഥയാണ് XDR ടിബി. ഇതിനും രണ്ടു് വർഷത്തോളം നീണ്ടുനിൽക്കുന്ന ചികിത്സ എടുക്കേണ്ടതായി വരും. Bedaquiline, Delamanid എന്നീ നൂതന മരുന്നുകൾ ഇത്തരം ഗുരുതരമായ ക്ഷയരോഗത്തിനെതിരെ ഇന്ന് ലഭ്യമാണ് . ഒരു വിദഗ്ധ മെഡിക്കൽ പാനൽ രോഗിയെയും രോഗവിവരവും പരിശോധിച്ചാണ്‌ ഇത്തരം മരുന്നുകൾ വേണമെന്ന് നിർണയിക്കുന്നത്‌.

  

പ്രതിരോധം

ശ്വാസകോശക്ഷയരോഗമുള്ള വ്യക്തികളിൽ നിന്ന് മറ്റുള്ളവർക്ക് ക്ഷയരോഗം പകരുന്നത് കൊണ്ടുതന്നെ പ്രതിരോധത്തിലെ ആദ്യപടി ക്ഷയരോഗികളിൽ രോഗം നേരത്തെ കണ്ടെത്തുകയും, വേണ്ട രീതിയിൽ ചികിത്സിക്കുകയും ചെയ്യുക എന്നതാണ്. സാധാരണയായി ചികിത്സതുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഇവരിൽനിന്ന് രോഗം പകരാതെയാവും. ശരിയായരീതിയിൽ രോഗികളുടെ കഫം സംസ്കരിക്കുക എന്നതും പ്രധാനമാണ്. തുറസ്സായ സ്ഥലങ്ങളിലും പൊതുവിടങ്ങളിലും കഫം തുപ്പിക്കളയാതെ ശ്രദ്ധിക്കുക. പൊതുവിടങ്ങളിലോ ആശുപത്രികളിലോ പോകേണ്ടിവരുമ്പോൾ മാസ്‌ക് ഉപയോഗിക്കുക. പൊതുഗതാഗത സംവിധാനങ്ങളും പൊതുപരിപാടികളും കഴിയുന്നതും ആദ്യമാസം പൂർണമായും ഒഴിവാക്കുക. ചികിത്സ തുടങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ കഫത്തിൽ നിന്നും ക്ഷയരോഗാണു അപ്രത്യക്ഷമാകും. ഇതിനുശേഷം രോഗം മറ്റൊരാൾക്ക് പകരാനുള്ള സാധ്യത നന്നേ കുറവാണ്.

രോഗിയുടെ കഫം മൂടിയോട് കൂടിയ sputum കപ്പിൽ മാത്രം നിക്ഷേപിക്കുക. ഈ കപ്പിൽ 5% ഫിനോൾ/ക്രിസോൾ/സോഡിയം ഹൈപ്പോക്ലോറൈറ്റ് എന്നീ ലായനികൾ ആദ്യമേ ഒഴിച്ചു വയ്ക്കാം. അല്ലെങ്കിൽ തിളച്ചവെള്ളം കഫമടങ്ങിയ കപ്പിൽ ഒഴിക്കാം. കട്ടിക്കടലാസിൽ കഫം തുപ്പി, അത് താമസമില്ലാതെ കത്തിച്ചു കളയുന്നതും സ്വീകരിക്കാവുന്ന മറ്റൊരു മാർഗമാണ്.


ബിസിജി

ഇന്ത്യ പോലെ ക്ഷയരോഗം ഉയർന്ന നിരക്കിലുള്ള രാജ്യങ്ങളിൽ ബിസിജി കുത്തിവെപ്പ് എല്ലാ കുഞ്ഞുങ്ങൾക്കും നവജാത കാലയളവിൽ നൽകേണ്ടതാണ്. ഇത് ബാലക്ഷയരോഗത്തിൽ നിന്നും, കുഞ്ഞുങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള ക്ഷയരോഗത്തിന്റെ ഗുരുതരമായ സങ്കീർണതകളിൽ നിന്നും ഒരുപരിധിവരെ സംരക്ഷണം നൽകും.പതിനഞ്ച് മുതൽ ഇരുപത് വർഷത്തോളം ഈ സംരക്ഷണം ലഭിക്കും.


ശ്വാസകോശ ക്ഷയരോഗമുള്ള മുതിർന്ന വ്യക്തികളുടെ കൂടെ താമസിക്കുന്ന കുഞ്ഞുങ്ങൾക്ക് രോഗം പകരാതിരിക്കാൻ isoniazid എന്ന മരുന്ന് ആറുമാസത്തോളം നൽകുന്ന രീതിയുണ്ട്. മുലയൂട്ടുന്ന അമ്മമാരിൽ ക്ഷയരോഗം ഉണ്ടാകുമ്പോഴും കുഞ്ഞുങ്ങൾക്ക് ഇത് നൽകും. രോഗികളായ സ്ത്രീകൾ മരുന്നുകൾ കഴിക്കുമ്പോൾ നിർബന്ധമായും നിർദ്ദേശിക്കപ്പെടുന്ന ഗർഭനിരോധനമാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്. ക്ഷയരോഗത്തിനെതിരെ സാധാരണ ഉപയോഗിക്കുന്ന ചില മരുന്നുകൾ ഗർഭസ്ഥശിശുവിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും എന്നതിനാലാണിത്.


വെല്ലുവിളികൾ

അതിപുരാതന രോഗമായിരുന്നിട്ടും, ഫലപ്രദമായ മരുന്നുകൾ ലഭ്യമായിട്ടും ക്ഷയരോഗം ഇന്നും ഒരു പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുന്നതിന് പല കാരണങ്ങളുണ്ട്. പല പാശ്ചാത്യരാജ്യങ്ങളിലും ക്ഷയരോഗനിരക്ക് തീരെക്കുറവാണ്. മെച്ചപ്പെട്ട ജീവിതനിലവാരം, പോഷകാഹാര ലഭ്യത എന്നിവയാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈയടുത്ത കാലത്തായി പലരാജ്യങ്ങളിലും വീണ്ടും ക്ഷയരോഗത്തിന് നിരക്കുകൾ കൂടിവരുന്നതായി കാണുന്നുണ്ട്. എച്ച്ഐവി അണുബാധയാണ് ഇതിന് ഒരുകാരണം. എച്ച്ഐവി ബാധിതരിൽ ഉണ്ടാകുന്ന പ്രതിരോധക്ഷയം ക്ഷയരോഗം ഉണ്ടാക്കാനുള്ള സാധ്യത കൂട്ടുന്നു. ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ഉയർന്ന പ്രമേഹരോഗ നിരക്കുകളും ക്ഷയരോഗം കൂടാൻ മറ്റൊരു കാരണമാകുന്നു.

 നിലവിലുള്ള മരുന്നുകൾക്കെതിരെ ശക്തിയാർജ്ജിച്ച മൈകോബാക്ടീരിയമാണ് മെഡിക്കൽ രംഗം നേരിടുന്ന പ്രധാന വെല്ലുവിളി. എച്ച്ഐവി അണുബാധയും പ്രമേഹരോഗവും ക്ഷയരോഗ നിർമാർജനത്തിന് തടസ്സമായി നിൽക്കുന്ന മറ്റ് വെല്ലുവിളികളാണ്. അവികസിത രാജ്യങ്ങളിലെ താഴ്ന്ന ജീവിതനിലവാരവും, പൂർണ്ണമായി പരിഹരിക്കാൻ സാധിക്കാത്ത പോഷകാഹാരക്കുറവുമാണ് മറ്റു കാരണങ്ങൾ.

  ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ എല്ലാ രാജ്യങ്ങളിലും നടക്കുന്ന 'ദി എൻഡ് ടിബി സ്‌ട്രാറ്റജി' തുടങ്ങിയ സംരംഭങ്ങൾ ലോകത്തെ ക്ഷയരോഗ വിമുക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. കൃത്യമായ അവബോധം ഉണ്ടായിരിക്കുകയും, ഗവേഷണം, ആരോഗ്യനയരൂപീകരണം എന്നിവയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ ക്ഷയരോഗത്തെ ഈ ഭൂമുഖത്തുനിന്ന് പൂർണ്ണമായി തുടച്ചു നീക്കാൻ സാധിക്കുകയുള്ളൂ.

Complete and Continue  
Discussion

0 comments