Malayalam Version

ഒരു മാലിന്യ സംസ്കരണ പ്ലാന്റ് സങ്കല്‍പ്പിക്കൂ.. ലോറികളില്‍ കൊണ്ട് വരുന്ന മാലിന്യങ്ങള്‍ സ്വീകരിച്ചു പ്ലാന്റിനകത്തു വച്ച് മാലിന്യങ്ങള്‍ സംസ്കരിച്ചു സുരക്ഷിതമാക്കിയ ശേഷം ചെറിയ Packet ആക്കി ഒരു കുഴലിലൂടെ പ്ലാന്റിന് പുറത്തുള്ള ഒരു കുഴിയില്‍ നിക്ഷേപിക്കുന്നു.. സംസ്കരിച്ചു സുരക്ഷിതമായ മാലിന്യ പാക്കെറ്റുളില്‍ സുരക്ഷിതം എന്ന ഒരു മുദ്ര വച്ച ശേഷമാണ് കുഴലിലൂടെ പുറത്തെ കുഴിയില്‍ നിക്ഷേപിക്കുന്നത്..

ഒരു ദിവസം പ്ലാന്റ് തുറക്കാന്‍ വന്നു നോക്കുമ്പോള്‍ ആ പരിസരത്ത് ഒന്നാകെ ഈ മാലിന്യം കാണപ്പെടുന്നു.. അത് വരെ കുഴപ്പം ഇല്ലാതെ പ്രവര്‍ത്തിച്ച പ്ലാന്റ് ആണ്. എവിടെ നിന്നാണ് ഇത് പുറത്തേക്കൊഴുകി പരിസരം വൃത്തികേടാക്കുന്നത് എന്ന് അറിയാന്‍ കഴിയുന്നുമില്ല. നമ്മള്‍ ഒരു മെക്കാനിക്കിന്റെ സഹായം തേടുന്നു..
മെക്കാനിക്ക് വരുന്നു. ദൂരെ നിന്ന് പ്ലാന്റിന്റെ പരിസരം വീക്ഷിക്കുന്നു.. കുഴപ്പം ഒന്നുമില്ല..ഈ പരിസരം നല്ലവണ്ണം ഒന്ന് കഴുകി വൃത്തിയാക്കിയാല്‍ എല്ലാം ശരിയാവും എന്ന് പറഞ്ഞു തിരിച്ചു പോവുന്നു.. എന്തായിരിക്കും നമ്മുടെ പ്രതികരണം? കണ്ടം വഴി ഓടാന്‍ പറഞ്ഞു പണി അറിയാവുന്ന വേറെ ആളെ വിളിക്കും..


അടുത്ത മെക്കാനിക്ക് വരുന്നു.. അദ്ദേഹം ആദ്യം തന്നെ പരിശോധിച്ച കാര്യം സുരക്ഷിതം എന്ന മുദ്ര വച്ച മാലിന്യമാണോ അതോ മുദ്ര വെക്കാത്ത മാലിന്യമാണോ അതോ ഇത് രണ്ടും കൂടിയാണോ പരിസരത്ത് കാണപ്പെടുന്നത് എന്നാണ്.. അതാണ്‌ പ്രയോകിക ബുദ്ധി.. മുദ്ര വെക്കാത്ത മാലിന്യങ്ങള്‍ മാത്രമാണ് കാണുന്നതെങ്കില്‍ അവ പ്ലാന്റില്‍ കൊണ്ട് വന്നു ഇറക്കുന്നിടത്തോ ഇറക്കിയവ ഉള്ളിലേക്ക് എടുക്കിന്നിടത്തോ എന്തോ പ്രശനം ഉണ്ടെന്നു മനസിലാക്കാം. രണ്ടും കാണപ്പെടുന്നെങ്കില്‍ ഫാക്ടറിക്ക് അകത്തു സംസ്കരണം നടക്കുന്ന ഭാഗത്ത്‌ എന്തോ പ്രശ്നം ഉണ്ട്.. മുദ്ര വച്ച മാലിന്യം മാത്രമാണ് കാണപ്പെടുന്നതെങ്കില്‍ അത് പുറത്തേക്കു കൊണ്ടുപോവുന്ന കുഴലിനു എവിടെയോ പ്രശ്നം ഉണ്ടെന്നു മനസിലാക്കാം.. ഇത്രയെങ്കിലും മനസിലാക്കാതെ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല എന്നത് ഉറപ്പാണല്ലോ. അതില്ലാതെ കഴുകി വൃത്തിയാക്കിയാല്‍ മതി എന്ന് പറയുന്നത് എത്രത്തോളം വിഡ്ഢിത്തമാണെന്നു ഊഹിക്കാവുന്നതെയുള്ളൂ .


ഇതൊക്കെ ഇവിടെ പറഞ്ഞത് എന്തിനാണെന്നല്ലേ..? മഞ്ഞപിത്തത്തിനു ആധുനിക വൈദ്യ ശാസ്ത്രത്തില്‍ എന്തെങ്കിലും ചികിത്സയുണ്ടോ, ഒറ്റമൂലി, പച്ചമരുന്നു അല്ലെ ഫലപ്രദം എന്ന ഇന്‍ബോക്സ് ചോദ്യങ്ങള്‍ കേട്ട് മടുത്തതു കൊണ്ടാണ്. നേരാ തിരുമേനീ .. മഞ്ഞപ്പിത്തത്തിന് എന്ന പേരില്‍ ഒരു മരുന്ന് ആധുനിക വൈദ്യശാസ്ത്ര പുസ്തകങ്ങളില്‍ ഇല്ല.. കാരണം രണ്ടാമത് വന്ന മെക്കാനിക്കിന്റെ രീതിയെ അവിടെയുള്ളൂ..


കരളിനെ നേരത്തെ പറഞ്ഞ മാലിന്യ സംസ്കരണ പ്ലാന്റ് ആയി കാണാം. രക്തത്തില്‍ ഉള്ള ബിലിറൂബിന്‍ അഥവാ മഞ്ഞപ്പിത്തം സംസ്കരിക്കപ്പെടാത്ത അഥവാ Unconjugated bilirubin ആണ്. അത് കരളില്‍ എത്തിയ ശേഷം അവിടെ വച്ച് conjugation എന്ന ഒരു പ്രക്രിയ നടന്ന ശേഷമാണ് പിത്ത കുഴല്‍ വഴി ചെറു കുടലിലേക്കു പുറം തള്ളപ്പെട്ടു മലം വഴി പുറത്തു പോവുന്നത്. Conjugation എന്ന പ്രക്രിയയെ മാലിന്യ സംസ്കരണത്തോട് ഉപമിക്കാം. അതിനു ശേഷം പിത്ത കുഴലിലൂടെ പുറം തള്ളപ്പെടുന്നത് മുദ്ര വച്ച മാലിന്യം അഥവാ conjugated bilirubin ആണ് . മഞ്ഞപിത്തം പിടിപെട്ട ആള്‍ക്ക് ഇതില്‍ ഏതു തരം ബിലിറൂബിന്‍ ആണ് കൂടുതല്‍ എന്നാണ് ഞങ്ങള്‍ മെകാനിക്കുകള്‍ ആദ്യം നോക്കുന്നത്.. Unconjugated bilirubin ആണെങ്കില്‍ ബിലിറൂബിന്‍ കരളില്‍ എത്തുന്ന മുന്നെയുള്ള പ്രശ്നങ്ങളില്‍ ഏതാണ് പ്രസ്തുത രോഗിക്ക് എന്ന് വിശദമായി പരിശോദിച്ചു മനസിലാക്കേണ്ടതുണ്ട്. Conjugated and unconjugated കാണുന്നെങ്കില്‍ കരള്‍ സംബന്ധമായ നിരവധി അസുഖങ്ങളില്‍ ഏതാണ് എന്നാണ് നോക്കുന്നത്.. അതിനും വിശധമായ പരിശോധനകളും മറ്റു ടെസ്റ്റുകളും വേണ്ടി വരും. Conjugated ബിലിറൂബിനാണ് കൂടുതലെങ്കില്‍ പിത്തക്കുഴലില്‍ എവിടെയാണ്, എന്ത് കാരണം കൊണ്ടാണ് തടസം വന്നത് എന്നാണ് പരിശോധിക്കേണ്ടത്..
ഇതില്‍ ഓരോ തരം മഞ്ഞപ്പിത്തത്തിന്റെയും കാരണങ്ങള്‍ വളരെ വ്യത്യസ്തങ്ങളാണ്.. സ്വാഭാവികമായും അടിസ്ഥാന കാരണത്തെയാണ്‌ ചികിത്സിക്കുന്നത് എന്നതിനാല്‍ ചികിത്സയും വ്യത്യസ്തമായിരിക്കും.. ഓരോന്നും വിശദമായി ഈ പോസ്റ്റില്‍ പറയാന്‍ കഴിയില്ല. ചെറിയ ഒരു ഉദാഹരണം മാത്രം പറയാം..


Conjugated bilirubin കൂടുതലായി കാണപ്പെടുന്ന മഞ്ഞപിത്തത്തിന്റെ പ്രധാന കാരണങ്ങളില്‍ ചിലത് പിത്തകുഴല്‍, പാന്‍ക്രിയാസ്, ചെറുകുടല്‍, ആമാശയം തുടങ്ങിയവയിലെ കാന്‍സറുകളാണ്. നേരത്തെ കണ്ടുപിടിച്ചാല്‍ പൂര്‍ണ്ണമായി സുഖപ്പെടുത്താവുന്നവയുണ്ട്. അതിനു ശ്രമിക്കാതെ, ഏതു തരം മഞ്ഞപ്പിത്തം ആണെന്ന് പോലും കണ്ടു പിടിക്കാതെ ഒറ്റമൂലി കഴിക്കാന്‍ ഓടുന്നവരെ ഓര്‍ത്തു സഹതാപമാണ്. ഒറ്റപ്പാലത്ത് ജോലി ചെയ്യുന്ന കാലത്ത് പ്രായമായ അച്ഛനെയും കൊണ്ട് ഒപിയില്‍ വന്ന മകനെ ഓര്‍ക്കുന്നു.. അച്ഛന് വിശപ്പില്ലായ്മയും ചര്ധിയുമാണ്.. തൂക്കം കുറഞ്ഞു വരുന്നു.. ഒറ്റനോട്ടത്തിലെ മഞ്ഞപിത്തം വ്യക്തമാണ്. രക്ത പരിശോധനയില്‍ Conjugated bilirubin ആണ് കൂടുതല്‍.. പിത്തക്കുഴല്‍ എവിടെയോ തടസ്സപ്പെട്ടിട്ടുണ്ട്. ലക്ഷണങ്ങള്‍ വച്ച് കാന്‍സര്‍ ആവാനാണ് സാധ്യത.
അച്ഛന് മഞ്ഞപിത്തം ഉണ്ട്.. പിത്തം പോവുന്ന കുഴലില്‍ എവിടെയോ.......
എന്നെ പറഞ്ഞു മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല.. ആഹാ മഞ്ഞപ്പിത്തം ആണോ.. എന്നാല്‍ ഡോക്ടര്‍ മരുന്ന് എഴുതേണ്ട... ഞങ്ങള്‍ പച്ചമരുന്നു കഴിച്ചോളാം ..


അല്ല.. ഇത് ആ മഞ്ഞപ്പിത്തം അല്ല... വിശദമായി ചിത്രം ഒക്കെ വരച്ചു കാണിക്കാന്‍ പേനയും പേപ്പറും എടുത്തപ്പോഴേക്കും മകന്‍ അച്ഛനെ പിടിച്ചു എഴുന്നേല്‍പ്പിച്ചു..
വയറിന്‍റെ ഒരു Ultrasound സ്കാന്‍ എടുപ്പിച്ചിട്ടു പൊയ്ക്കോളൂ .. അവസാനമായി ഒന്ന് കൂടെ പറഞ്ഞു നോക്കി.. അതിന്‍റെ റിപ്പോര്‍ട്ട് വച്ച് വിവരിച്ചു കൊടുത്താല്‍ ചിലപ്പോള്‍ ബോധം വന്നെങ്കിലോ എന്നായിരുന്നു എന്‍റെ ചിന്ത.. രക്ഷയില്ല. അതൊന്നും കേള്‍ക്കാനേ ശ്രമിക്കുന്നില്ല.. കൂടുതല്‍ പറഞ്ഞാല്‍ സ്കാന്‍ ചെയ്തു പണം പിടുങ്ങാന്‍ നോക്കുന്നു എന്ന ചീത്തപ്പേരും വന്നേക്കാം.. പിന്നെ ഒന്നും പറയാന്‍ നിന്നില്ല. ആളുകളുടെ വിധി മാറ്റിമറിക്കാന്‍ കഴിയില്ലല്ലോ..


ഒമാനില്‍ വന്ന ശേഷം ഇത്ര ഭീകരമായ അവസ്ഥ കണ്ടിട്ടില്ല. ചുരുങ്ങിയ പക്ഷം അസുഖത്തെ കുറിച്ച് ഡോക്ടര്‍ വിശദീകരിക്കുന്നത് ശ്രദ്ധയോടെ കേള്‍ക്കാന്‍ ഉള്ള മനസ് കാണിക്കുന്നവരാണ് ഇവിടത്തുകാര്‍. ഒറ്റമൂലി കലക്കി ഒരു സിദ്ധന്‍ അപ്പുറത്ത് കാത്തിരിക്കുന്നില്ല എന്നതും ഒരു കാരണം ആവാം 
ഒറ്റമൂലിക്ക് വേണ്ടി ഓടുന്നവരുടെ ശ്രദ്ധയ്ക്ക്.. ഒറ്റമൂലി വൈദ്യന്മാര്‍ സുഖപ്പെടുത്തുന്നത്‌ Hepatitis A വൈറസ് മൂലം വരുന്ന മഞ്ഞപിത്തമാണ്. ഒരു ചികിത്സയും എടുക്കാതെ വിശ്രമം മാത്രമേ മിക്കപ്പോഴും അതിനു വേണ്ടതുള്ളൂ..തുടക്കത്തില്‍ വിശപ്പില്ലായ്മയും ചര്ധിയുമെല്ലാം ഉണ്ടാകുമെന്ന് മാത്രം.. പിന്നെ വര്‍ഷങ്ങളായി മഞ്ഞപ്പിത്തത്തിനു ഒറ്റമൂലി കഴിക്കുന്നു എന്ന് പറയുന്ന ആളുകളില്‍ Gilbert syndrome എന്ന ഒരു അവസ്ഥയാണ് കാണാറുള്ളത്‌. ചെറിയ തോതില്‍ കൂടിയും കുറഞ്ഞും ഇരിക്കുന്ന ഒരു തരം മഞ്ഞപ്പിത്തം. അതും ഒരു അസുഖമല്ല. ചികിത്സ ആവശ്യമില്ല.. കാലങ്ങളായി ഒറ്റമൂലി കൊടുത്തു മഞ്ഞപിത്ത രോഗി എന്ന ഒരു പ്രതീതി ഉണ്ടാക്കിയെടുത്ത് ആശങ്ക വളര്‍ത്താം എന്നല്ലാതെ ഒരു കാര്യവുമില്ല.
ഇത് വായിക്കുന്നവര്‍ ദയവു ചെയ്തു മഞ്ഞപ്പിത്തത്തിനു പച്ചമരുന്നല്ലേ നല്ലത് എന്ന മണ്ടന്‍ ചോദ്യം ചോദിക്കരുത്.. ആധുനിക വൈദ്യ ശാസ്ത്രം മഞ്ഞപിത്തത്തിനെയല്ല, അതിന്റെ കാരണത്തിനെയാണ് ചികിത്സിക്കുന്നത്.. ഒറ്റമൂലി കഴിച്ചേ അടങ്ങു എന്ന് നിര്‍ബന്ധം ഉള്ളവര്‍ ചുരുങ്ങിയ പക്ഷം മഞ്ഞപ്പിത്തം എന്ത് അസുഖം കൊണ്ടാണ് പിടിപെട്ടത്‌ എന്ന് കണ്ടെത്തുന്ന വരെയെങ്കിലും ക്ഷമിക്കുക.. ഞങ്ങളുടെ ഒരു സമാധാനത്തിനു .. !!

Complete and Continue  
Discussion

0 comments