Write-up- Malayalam

എംബിബിഎസ് അവസാന വർഷക്കാലത്ത് ,ഒരു ദിവസം രാത്രി ഹോസ്റ്റലിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് എന്ജിനീറിങ്ങിന് പഠിക്കുന്ന സുഹൃത്തിന്റെ ഫോൺ വരുന്നത്.


"എടൊ, എന്റെ മുക്കീന്നു ചോര വരുന്നല്ലോ...എനിക്കെന്തെലും പറ്റുമോ?"
മറുപുറത്തു വേവലാതി നിറഞ്ഞ ശബ്ദം.ഊട്ടിയിലൊരു പ്രോജക്ടിന്റെ കാര്യവുമായി വന്നതായിരുന്നു ആൾ.ഒരു കസേരയിൽ ഇരുന്ന്, തല അൽപ്പം മുന്നോട്ട് കുനിച്ചു വച്ച്,തള്ള വിരലും ,ചൂണ്ടുവിരലും ഉപയോഗിച്ചു മൂക്കിന്മേൽ പത്ത് പതിനഞ്ചു മിനുറ്റ് നേരം അമർത്തിപ്പിടിക്കാൻ പറഞ്ഞു,വായിൽക്കൂടെ ശ്വാസം എടുക്കാനും. വേവലാതി മാറ്റി സമാധാനിപ്പിച്ചു വിട്ടു.അരമണിക്കൂറിന് ശേഷം വീണ്ടും വിളിച്ചപ്പോൾ രക്തസ്രാവം നിന്നിട്ടുണ്ടായിരുന്നു.കാഷ്വാലിറ്റി ജോലിക്കിടയിൽ പലപ്പോഴായി പിന്നീട് മൂക്കിൽ നിന്നും രക്തസ്രാവവുമായി രോഗികൾ പലരും വന്നു.മൂക്കിൽ നിന്നും ചോരയൊലിപ്പിച്ചു,തോർത്തോ തുണിക്കഷ്ണമോ കൊണ്ട് മൂക്കും പൊത്തിപ്പിടിച്ചു വന്നെത്തുന്ന രോഗികൾ.
മൂക്കിൽ നിന്നുമുണ്ടാകുന്ന രക്തസ്രാവം സ്ത്രീകളെ അപേക്ഷിച്ചു കൂടുതലായും കണ്ടു വരുന്നത് പുരുഷന്മാരിലാണ്.ഇതിൽ തന്നെ പത്ത് വയസ്സിനു താഴെയും ,അൻപത് വയസ്സിനു മുകളിലുമാണ് കൂടുതൽ സാധ്യത.


'എപിസ്റ്റാക്സിസ്' അഥവാ മൂക്കിൽ നിന്നുമുണ്ടാകുന്ന രക്തസ്രാവത്തെ രണ്ടായി തിരിക്കാം.മൂക്കിന്റെ മുൻ വശത്ത് നിന്നുമുണ്ടാകുന്നതും,മൂക്കിന്റെ പുറകു വശത്ത് നിന്നുമുണ്ടാകുന്നതും.മൂക്കിന്റെ മുൻവശം അഥവാ മൂക്കിൻപാലത്തിന്റെ താഴെ അറ്റത്തായിട്ടാണ് രക്തക്കുഴലുകളുടെ സമ്മേളന സ്ഥലമായ 'ലിറ്റിൽസ് ഏരിയ' ഉള്ളത്.അത് കൊണ്ട് തന്നെ ഇവിടെ ഉണ്ടാകുന്ന പരിക്കുകൾ രക്തസ്രാവത്തിന് കാരണമാകുന്നു .മൂക്കിന്റെ പുറകു വശത്ത് നിന്നുമുണ്ടാകുന്ന രക്തസ്രാവം ആണ് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ളതും,കൂടുതൽ ഗൗരവമുള്ളതും.


നിസാരമായ പരിക്കുകൾ മുതൽ,ഗൗരവതരമായ അസുഖങ്ങൾ വരെ പല കാരണങ്ങൾ കൊണ്ട് മൂക്കിൽ നിന്നും രക്തസ്രാവം ഉണ്ടാകാം.താഴെ പറയുന്ന കാരണങ്ങൾ ശ്രദ്ധിക്കാം.
_വീഴ്ച കൊണ്ടുള്ള പരിക്ക്,മറ്റു ബാഹ്യമായ ആഘാതങ്ങൾ
_ബാഹ്യ വസ്തുക്കൾ കൊണ്ടുണ്ടാകുന്ന പരിക്ക്(പ്രത്യേകിച്ചു കുട്ടികൾ,മൂക്കിൽ പെൻസിൽ മുത്ത് തുടങ്ങിയവ ഇടുന്നത് കാരണമുണ്ടാകുന്ന പരിക്ക്)
_ജലദോഷം,ശ്വസന വ്യവസ്ഥയിലുണ്ടാകുന്ന അണുബാധ,സൈനസൈറ്റിസ്..
_അന്തരീക്ഷമർദ്ദം കുറയുന്നത് കാരണം(അതാണ് ഊട്ടിയിലേക്ക് വന്ന സുഹൃത്തിന് സംഭവിച്ചത.കൂടിയ അന്തരീക്ഷ മർദ്ദത്തിൽ നിന്നും കുറഞ്ഞ അന്തരീക്ഷ മർദ്ദത്തിലേക്ക് വന്നപ്പോൾ മൂക്കിൽ നിന്നും രക്തസ്രാവം ഉണ്ടായി.)
_ഉയർന്ന രക്തസമ്മർദ്ദം.
_മൂക്കിന്റെയും,മൂക്കിലെ രക്തക്കുഴലുകളുടെയും ഘടനാ പരമായ കാരണങ്ങൾ
_ചെറിയ മുഴകൾ പോലുള്ള അസുഖങ്ങളിൽ തുടങ്ങി കാൻസർ വരെ..
_മൂക്കിലെ ശസ്ത്രക്രിയകൾ..
_മദ്യപാനം
_രക്തം കട്ട പിടിക്കുന്നതുമായി ബന്ധപ്പെട്ട അസുഖങ്ങൾ.
_ആസ്പിരിൻ' തുടങ്ങിയ മരുന്നുകളുടെ ഉപയോഗം.
_കരൾ രോഗങ്ങൾ
_ഹൃദയ സംബന്ധിയായ അസുഖങ്ങൾ.
_ഗര്ഭാവസ്ഥയിലുണ്ടാകുന്ന ഹോർമോണുകളുടെ വ്യതിയാനം.
_.വിറ്റാമിൻ സി,കെ തുടങ്ങിയവയുടെ അഭാവം.

ഇനി മൂക്കിൽ നിന്നും രക്തസ്രാവം ഉണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾ പറയാം.പുറത്ത് നിന്നും മർദ്ദം കൊടുക്കുന്നത് വഴി രക്തസ്രാവം തടുത്തു നിർത്താം.മേൽസൂചിപ്പിച്ച പ്രകാരം ,രണ്ടു വിരലുകൾ ഉപയോഗിച്ചു 'ലിറ്റിൽസ് ഏരിയ 'യിൽ മർദ്ദം കൊടുക്കുക വഴി വലിയൊരു ശതമാനം രക്തസ്രാവങ്ങളും നിയന്ത്രിക്കാനാവുന്നതാണ്.രോഗിയോട് തല അൽപ്പം മുന്നിലേക്ക് കുനിച്ചു വയ്ക്കാനും കൂടെ നിർദേശം നൽകുക.അധിക രക്തം വയറിലെത്തുന്നത് വഴി ഉണ്ടാകുന്ന ശർദിയും,ഓക്കാനവും കുറക്കാനും,ശ്വസനമാർഗം തടസ്സപ്പെടുത്തുന്നത് തടയാനും ഇത് വഴി സാധിക്കുന്നു.
മൂക്കിൽ നിന്നും രക്തസ്രാവം ഉണ്ടാകുമ്പോൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.അതിൽ ഒന്നാണ് മൂക്ക് ശക്തിയിൽ ചീറ്റാതിരിക്കുക എന്നുള്ളത്.രക്തസ്രാവം ഉണ്ടായാൽ രോഗിയിൽ ഉണ്ടാകുന്ന പ്രതികരണമാണ് മൂക്ക് ചീറ്റുക എന്നുള്ളത്.ഇത് രക്ത
സ്രാവം കൂട്ടുകയാണ് ചെയ്യുക.അത് കൊണ്ട് തന്നെ യാതൊരു കാരണവശാലും മൂക്കു ചീറ്റാതിരിക്കുക.മറ്റൊന്ന് തല പുറകിലേക്ക് ചരിക്കാതിരിക്കുക എന്നുള്ളതാണ്.തല പുറകിലേക്ക് ചരിക്കുമ്പോൾ അത് വഴി രക്തം ശ്വസനപാതയിൽ എത്തുന്നതിനും, ശ്വാസതടസ്സം ഉണ്ടാകുന്നതിനുo കാരണമാകുന്നു.അത് കൂടാതെ ,അധികമുള്ള രക്തം വയറിലെത്തിയാൽ ,അത് വയറിൽ അസ്വസ്ഥത ഉണ്ടാക്കാനും,അത് വഴി ശർദിക്കും കാരണമാകുന്നു.അത് കൊണ്ട് നിവർന്നിരുന്നു തല മുന്നിലേക്ക് കുനിച്ചു വയ്ക്കുക.
'ഓക്സിമേറ്റസോളിൻ','ഫിനായിൽഎഫ്രിൻ' തുടങ്ങിയ മരുന്നുകൾ രക്തക്കുഴലുകളുടെ സങ്കോചത്തിനു കാരണമാകുന്നു.അത് വഴിയും രക്തസ്രാവം കുറയ്ക്കാം.
മേൽപ്പറഞ്ഞ മാർഗങ്ങളിലൂടെ രക്തസ്രാവം തടയാൻ സാധിക്കാത്ത അവസരങ്ങളിൽ 'കോട്ടറിസഷൻ(cauterization),പാക്കിങ് (packing) മുതലായ മാർഗങ്ങൾ അവലംബിക്കുന്നു.സിൽവർ നൈട്രേറ്റ് പോലുള്ളവ ഉപയോഗിച്ചു രക്തസ്രാവം ഉള്ള ഭാഗം ചൂടാക്കി രക്തസ്രാവം നിർത്തുന്നതിനെയാണ് കോട്ടറിസഷൻ എന്നു പറയുന്നത്.പാക്കിങ് അഥവാ മൂക്കിന്റെ ഉൾവശം രക്തസ്രാവം കുറയ്ക്കുന്ന രീതിയിൽ കോട്ടൻ ഉപയോഗിച്ചു നിറച്ചു വയ്ക്കൽ_ മൂക്കിന് മുൻവശത്ത് ചെയ്യുന്നത്,പുറകുവശത്ത് ചെയ്യുന്നത് എന്നിങ്ങനെ രണ്ടുതരത്തിലുണ്ട്.
ഇത് കൊണ്ടും തടഞ്ഞു നിർത്താൻ കഴിയാത്ത രീതിയിലുള്ള രക്തസ്രാവം ഉണ്ടായാൽ,അനസ്‌തേഷ്യ യുടെ സഹായത്തോടെ എൻഡോസ്കോപ്പി പരിശോധനകൾ നടത്തി രക്തസ്രാവം കൈകാര്യം ചെയ്യുകയാണ് ചെയ്യുന്നത്.

(ഡോ:ശബ്ന.എസ്)

This article is written by Dr Sabna for Health Infonet

A similar version of this article written by the same author can be accessed from Infoclinic FB page https://www.facebook.com/infoclinicindia/

Complete and Continue