Module 1


വിഷാദരോഗം – അറിയേണ്ടതെല്ലാം

മോഡ്യൂള്‍-1


വിഷാദം അഥവാ വിഷാദരോഗം എന്ന രോഗാവസ്ഥയെക്കുറിച്ചുള്ള ചില അറിവുകളാണ് മോഡ്യൂളിലെ പരാമർശ വിഷയം . മസ്തിഷ്കമുള്ള വ്യക്തികള്‍ എന്ന നിലയ്ക്ക് ഞാനും നിങ്ങളും ഉള്‍പ്പെടുന്ന എല്ലാവരും തന്നെ വിഷാദരോഗ സാദ്ധ്യത ഉള്ളവരാണെന്ന് പറയാം. വിഷാദരോഗത്തിന് ഇന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാണ് എന്നതാണ് നാം മനസ്സിലാക്കേണ്ട ഏറ്റവും സന്തോഷം നല്കുന്ന കാര്യം.

1.1– ആമുഖം

പതിനഞ്ചു വയസ്സുകാരിയായ ലക്ഷ്മി എന്തുകൊണ്ട് ഉറക്ക ഗുളികകൾ കഴിച്ച് ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചു?

ലോകം മുഴുവന്‍ ആരാധിച്ചിരുന്ന ഒരു നടന്‍ എന്തു കൊണ്ട്സ്വയം ജീവിതം അവസാനിപ്പിച്ചു?

മലയാളികളുടെ മുഴുവന്‍ ആരാധനാപാത്രമായിരുന്ന കവയിത്രി എന്തുകൊണ്ട് അപ്രതീക്ഷിതമായി ജീവിതം അവസാനിപ്പിച്ചു?

ഏറ്റവും നല്ല ഭരണകര്‍ത്താവായിരുന്ന ഐ.എ.എസ്സ് ഉദ്യോഗസ്ഥന്‍ എന്തുകൊണ്ട്പെട്ടെന്നൊരു ദിവസം സന്യാസം സ്വീകരിച്ചു?

ഇങ്ങിനെ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ കഴിയുന്ന ചില വിവരങ്ങളാണ് നാം ഇന്ന് പങ്ക് വെയ്ക്കുന്നത്.

വികസിത രാജ്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട മാനസിക രോഗം ഏതാണെന്ന് ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ – വിഷാദരോഗം.മസ്തിഷ്കജന്യമായ ഒരു മാനസിക രോഗം എന്നതിലുപരിയായി ഇന്നിപ്പോള്‍ വേണമെങ്കില്‍ വിഷാദരോഗത്തെ ഒരു ജീവിതശൈലീരോഗാവസ്ഥ എന്നും കണക്കാക്കാം .അത്രമാത്രം സാധാരണമാണ് ഇന്ന് വിഷാദരോഗം.ജീവിതം ജീവിച്ചു തീര്‍ക്കാനുള്ള ഓട്ടത്തിനിടയില്‍ നാം സൃഷ്ടിക്കുന്ന ഒരു രോഗാവസ്ഥ എന്ന് വിഷാദരോഗത്തെകാണുന്നവരുമുണ്ട്.എതുപ്രായത്തിലും ജാതി-മത-വര്‍ഗ്ഗ-ഭേദമെന്യേ കണ്ടുവരാറുള്ള ഒരു രോഗാവസ്ഥയാണ് വിഷാദരോഗം.വിഷാദംഎന്ന വാക്ക് നാം സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ്. അത് പലപ്പോഴും ഒരു മാനസികാവസ്ഥയെയോ, ഒരു അസ്വസ്ഥതയെയോ അല്ലെങ്കില്‍രോഗാവസ്ഥയെയോ പ്രതിനിധീകരിക്കുന്ന വിധത്തിലാണ് ഉപയോഗിക്കപ്പെടുക.


സ്കിസോഫ്രീനിയ എന്ന മനോരോഗാവസ്ഥയേക്കാള്‍ ഏകദേശം പത്ത് മുതല്‍ ഇരുപത് ഇരട്ടി വരെ ആളുകള്‍ക്ക് വിഷാദരോഗം ഉണ്ടെന്നു കണക്കാക്കപ്പെടുന്നു.പുരുഷന്മാരില്‍ പത്ത് ശതമാനം പേര്‍ക്കും സ്ത്രീകളില്‍ ഏകദേശം ഇരുപത് ശതമാനം പേര്‍ക്കും ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും വിഷാദരോഗം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നു കണക്കാക്കപ്പെടുന്നു.


2016-ല്‍ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ മാനസികാരോഗ്യ റിപ്പോര്‍ട്ടില്‍ പതിനെട്ടു വയസ്സിനു മുകളിലുള്ളവരില്‍ 14.4 ശതമാനം പേര്‍ ജീവിതത്തില്‍ എപ്പോഴെങ്കിലും ഏതെങ്കിലും ഒരു മാനസികാരോഗ്യ പ്രശ്നം അനുഭവിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.അഞ്ചു ജില്ലകളിലായി നടത്തിയ ഈ പഠനത്തില്‍ ഏകദേശം 9 ശതമാനമാണ് കേരളത്തിലെ വിഷാദവും ഉത്‌ക്കണ്ഠയും ഉള്‍പ്പെടുന്ന സാധാരണ മനോരോഗങ്ങളുടെ കണക്ക് എന്നാണ് പരാമര്‍ശം. ഇതില്‍ ഏകദേശം അഞ്ചു ശതമാനം വിഷാദരോഗമാണ്. കേരളംവിഷാദരോഗതലസ്ഥാനമായേക്കാം എന്ന രീതിയിലുള്ള ചില കണക്കുകളും പുറത്ത് വരുന്നുണ്ട്.


1.2 - വൈകാരിക രോഗങ്ങള്‍

വിഷാദരോഗം വൈകാരികരോഗാവസ്ഥകളുടെഗണത്തില്‍പ്പെടുന്ന ഒരു രോഗാവസ്ഥയാണ്.പൊതു സമൂഹത്തില്‍ സാധാരണയായി കണ്ടുവരുന്നതും ഏറെ അവശതയ്ക്കും ഒട്ടേറെ മരണങ്ങള്‍ക്കും കാരണമാകുന്നതുമായ ഒരു കൂട്ടം രോഗാവസ്ഥകളാണ് വൈകാരിക രോഗങ്ങള്‍. ഉറക്കക്കുറവ് എന്നും അകാരണമായ ക്ഷീണം എന്നും അകാരണമായ വേദന എന്നും അമിതമായ കോപമെന്നും മൂഡ്‌ വ്യതിയാനങ്ങളെന്നുമുള്ള പല പല ഭാവങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ തൃതീയതല ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ വരെയുള്ള ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സാധാരണ രോഗങ്ങള്‍ മുതല്‍ ഗുരുതരമായ രോഗാവസ്ഥകള്‍ വരെ വൈകാരിക രോഗങ്ങളില്‍ ഉണ്ട്.

വിഷാദരോഗം ഒരു വൈകാരിക രോഗമാണെന്ന് പറഞ്ഞുവല്ലോ.വിഷാദരോഗങ്ങളില്‍ തന്നെ ഒരു തവണ വരുന്ന വിഷാദ രോഗങ്ങളും ഒന്നിലേറെ തവണ വരുന്ന ആവര്‍ത്തന സ്വഭാവമുള്ള വിഷാദ രോഗങ്ങളുമുണ്ട്. കാരണങ്ങളും ലക്ഷണങ്ങളും സങ്കീര്‍ണ്ണതകളുംഎന്നപോലെ വിവിധ വിഷാദ രോഗങ്ങളുടെ ചികിത്സാ രീതികള്‍ തന്നെ വ്യത്യസ്തമാണ്.

സാധാരണ മാനസിക രോഗങ്ങളുടെ പട്ടികയില്‍ പെടുന്നതാണ് എങ്കിലും മറ്റ് രോഗങ്ങളെ അപേക്ഷിച്ച് ഏറെ അവശതകള്‍ സൃഷ്ടിക്കുന്ന ഒരു രോഗമാണ് വിഷാദരോഗം.അത്കൊണ്ട് തന്നെ സാധാരണ ശാരീരിക മാനസിക രോഗാവസ്ഥകളെ അപേക്ഷിച്ച് ഏറെ ശ്രദ്ധിച്ച് ചെയ്യേണ്ടതാണ്വിഷാദരോഗ ചികിത്സ.


1.3 - എന്താണ് വിഷാദരോഗം?

ഒരു വ്യക്തിയുടെ സ്ഥായിയായ അടിസ്ഥാന മാനസികാവസ്ഥയെയാണ് മൂഡ്‌ എന്ന് പറയുന്നത്. ദൈനംദിന ജീവിതത്തില്‍ ഉണ്ടാകുന്ന മൂഡ്‌ വ്യതിയാനങ്ങളെക്കുറിച്ച് നാമൊക്കെ ബോധാവാന്മാരാണല്ലോ. സാധാരണ മൂഡ്‌ മാറ്റങ്ങളില്‍ നിന്നും തീവ്രതയിലും കാലദൈര്‍ഘ്യത്തിലും വേറിട്ടതായിരിക്കും വൈകാരിക രോഗങ്ങളില്‍ കാണുന്ന മൂഡ്‌ വ്യതിയാനങ്ങള്‍.മൂഡ്‌ വളരെ താഴുമ്പോള്‍ അതിനെ വിഷാദം എന്നും വളരെ ഉയരുമ്പോള്‍ അതിനെ മാനിയ എന്നും പറയുന്നു. പൊതു സമൂഹത്തില്‍ 100-ല്‍ മൂന്നു മുതല്‍ അഞ്ചു വരെ പേര്‍ക്ക് വൈകാരിക രോഗങ്ങള്‍ ഉണ്ടാകാം എന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ ലഘുവായ രോഗാവസ്ഥകല്‍ കൂടി ചേര്‍ക്കുമ്പോള്‍ ഇതിന്‍റെ തോത് ഏകദേശം പതിനഞ്ച് ശതമാനം വരെയാകാം എന്നതാണ് യാഥാര്‍ത്ഥ്യം.

മനോരോഗ ചികിത്സകരും മന:ശ്ശാസ്ത്രജ്ഞരും വിഷാദരോഗം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് രോഗാവസ്ഥയെയാണ്. എന്നാല്‍ പൊതുജനങ്ങള്‍ പലപ്പോഴും സങ്കടത്തെയാണ് വിഷാദമെന്നുംവിഷാദരോഗമെന്നും വിളിക്കുന്നത്.ദൈനം ദിന ജീവിതത്തിലെ സാഹചര്യങ്ങളോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ് പലരും വിഷാദരോഗത്തെ കാണുന്നത്.അത്കൊണ്ട് തന്നെ “സമയം ഉണക്കുന്ന മുറിവ്” മാത്രമായി പലപ്പോഴും വിഷാദരോഗം തെറ്റിദ്ധരിക്കപ്പെടുന്നു. ഒരുകാലഘട്ടത്തില്‍ വിഷാദരോഗാവസ്ഥയുടെ സങ്കീര്‍ണ്ണത മനസ്സിലാക്കിയിട്ടോ അല്ലാതെയോമനോരോഗചികിത്സാ ശാസ്ത്രത്തിലെ സാധാരണ ജലദോഷം (Common Cold of Psychiatry) എന്ന് വിഷാദരോഗത്തെ വിളിച്ചിരുന്നു.


മറ്റ് ചിലര്‍ വിഷാദരോഗത്തെ കാണുന്നത് ആധുനിക കാലത്തിന്‍റെ രോഗമായിട്ടാണ്.വളര്‍ച്ചയുടെ, ആധുനികതയുടെ സൃഷ്ടിയാണ് വിഷാദരോഗം എന്ന് അവര്‍ കാണുന്നു. അല്ലെങ്കില്‍എങ്ങിനെയാണ് ഇപ്പോള്‍ വിഷാദരോഗത്തിന്‍റെ തോത്ഇത്രമാത്രം വർധിച്ചതെന്ന് അവര്‍ സംശയിക്കുന്നു.ഔഷധകമ്പനികള്‍ അവരുടെ ഔഷധങ്ങളുടെ ചിലവ് വര്‍ദ്ധിപ്പിക്കാനായി സൃഷ്ടിക്കുന്ന ഉത്പന്നമായും പലരും വിഷാദരോഗത്തെ കാണുന്നു. അടുത്ത കാലത്തായിഅധികരിച്ച് കൊണ്ടിരിക്കുന്ന വിഷാദരോഗനിവാരിണികളുടെ കണക്കുകള്‍ ഇതിനു ഉപോല്‍ബലകമായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇവയൊക്കെ ശരിയാണെന്ന് തെളിയിക്കാനുള്ള കണക്കുകള്‍ നമ്മുടെ പക്കലില്ല. എന്നാല്‍ മറിച്ച് വിഷാദരോഗം ഒരു മസ്തിഷ്കരോഗാവസ്ഥയാണെന്ന് തെളിയിക്കാനുള്ള ഒട്ടേറെ തെളിവുകള്‍ ലഭ്യമാണ് താനും.


എല്ലാമനോരോഗാവസ്ഥകളും എന്നത് പോലെ വിഷാദരോഗവും രോഗലക്ഷണങ്ങളുടെ ഒരു സമുച്ഛയമാണ്. ഒന്നോ രണ്ടോ ലക്ഷണങ്ങള്‍ എടുത്ത് അത് വിഷാദമെന്ന് പറയാനാവില്ല. എന്നാല്‍ രോഗലക്ഷണങ്ങള്‍ തീവ്രമാകുകയും അവ ഒരു പ്രത്യേക സമയത്തില്‍ക്കൂടുതല്‍ നീണ്ടുനില്‍ക്കുകയും ചെയ്യുന്ന അവസ്ഥയെയാണ് വിഷാദരോഗം എന്ന് പറയുന്നത്.


1.4 - വിഷാദരോഗ ചരിത്രം

ഇടിച്ചു താഴ്ത്തുക എന്നര്‍ത്ഥമുള്ള ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഡിപ്രഷന്‍ അഥവാ വിഷാദം എന്ന വാക്ക് ഉണ്ടാകുന്നത്. പത്തൊന്‍പതും ഇരുപതും നൂറ്റാണ്ടുകളിലാണ് ഈ പദം അധികം പ്രചാരം നേടുന്നത്.ഡിപ്രഷന്‍ എന്ന പദം പ്രചാരത്തില്‍ വരുന്നതിനു മുന്‍പ് “മെലന്‍കോളിയ” എന്ന വാക്കാണ്‌ ഉപയോഗിച്ച്കൊണ്ടിരുന്നത്.ക്രമേണഅതിതീവ്ര വിഷാദരോഗം ഉള്ളവരെ സൂചിപ്പിക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന പദമായി മെലന്‍കോളിയ മാറി.രോഗചികിത്സാശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹിപ്പോക്രാറ്റസ് ആണ് ആദ്യമായി മെലന്‍കോളിയ എന്ന വാക്ക് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു. ഭക്ഷണത്തോടുള്ള താല്‍പ്പര്യമില്ലായ്മ, നിരാശ, ഉറക്കമില്ലായ്മ എന്നിവയൊക്കെ ഹിപ്പോക്രാറ്റസ് അദ്ദേഹത്തിന്‍റെ കുറിപ്പുകളില്‍ പറഞ്ഞിരുന്നതായി രേഖകളുണ്ട്. രോഗാവസ്ഥകള്‍ എല്ലാം തന്നെ ശരീരത്തിലെ വിവിധ തരം ദോഷങ്ങള്‍ അഥവാ ഹ്യൂമറുകള്‍ കാരണം ആണ് ഉണ്ടാക്കുന്നത് എന്നായിരുന്നു അന്നത്തെ ചിന്ത.വിഷാദരോഗത്തിന്‍റെ കാരണമായി അദ്ദേഹം കരുതിയത് കറുത്തപിത്തനീര് (BlackBile) ശരീരത്തില്‍ അടിഞ്ഞുകൂടുന്നതാണ് എന്നാണ്.ഹിപ്പോക്രാറ്റസിന് ശേഷം വന്ന ഗാലനും മെലന്‍കോളിയ എന്ന അവസ്ഥ വിശദമായി തന്നെ പഠിച്ചിരുന്നു. AD 500-ന് ശേഷമാണ് മനോരോഗങ്ങള്‍ ശാരീരിക രോഗങ്ങള്‍ പോലെ ഡോക്ടര്‍മാര്‍ ചികിത്സിച്ചു മാറ്റെണ്ടാതാണ് എന്ന വിശ്വാസത്തിനു പ്രാമുഖ്യം വന്നത്.പാപകര്‍മ്മങ്ങളുടെ ഫലവും,ദുഷ്ടശക്തികളുടെ ആക്രമണവും,ദൈവകോപവും ഒക്കെയായിരുന്നു അക്കാലത്ത് മനോരോഗ കാരണങ്ങളായി കരുതപ്പെട്ടിരുന്നത്. പലപ്പോഴും വിഷാദരോഗികളെ ബുദ്ധിമാന്ദ്യമുള്ളവരായും കരുതിയിരുന്നു.ഇക്കാരണങ്ങള്‍കൊണ്ടൊക്കെത്തന്നെ വിഷാദരോഗാവസ്ഥകളുടെ ചികിത്സയും ശരിയായ രീതിയില്‍ ആയിരുന്നില്ല.

1500-റാം ആണ്ടിനു ശേഷമാണ് വിഷാദരോഗത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളിലും ചികിത്സാരീതികളിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങിയത്.ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ പ്രശസ്തനായ റോബര്‍ട്ട് ബര്‍ട്ടന്‍ എഴുതിയ "അനാട്ടമി ഓഫ് മെലൻഖിലി " എന്ന പുസ്തകം ഇതിനൊരു നിദാനമായിരുന്നു. റിച്ചാര്‍ഡ്‌നാപിയര്‍, തോമസ്‌വില്ലിസ്, വില്ല്യം ഖള്ളൻ , ഫിലിപ്പ്പിനല്‍, ബെഞ്ചമിന്‍റഷ്, ഹെന്റിമോഡ്സ്ലി എന്നിവരൊക്കെ ഈ രംഗത്ത് പഠനം നടത്തിയവരാണ്.

പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിലും ഇരുപതും ഇരുപത്തിയൊന്നും നൂറ്റാണ്ടുകളിലും ആയിട്ടാണ് വിഷാദരോഗ ചികിത്സയ്ക്കുള്ള പല ഫലപ്രദമായ ചികിത്സാരീതികളും നിലവില്‍ വന്നത്. നാല്‍പ്പതിലേറെ വിഷാദരോഗനിവാരിണികളായ ആന്‍റിഡിപ്രസന്റ്ഔഷധങ്ങള്‍,ഇലക്ട്രോകണ്‍വല്സീവ് തെറാപ്പി അഥവാ ഷോക്ക് ചികിത്സ, അതിന്‍റെ പുതിയ രൂപങ്ങളായ റെപ്പറ്റിറ്റീവ്ട്രാന്‍സ്ക്രാനിയാല്‍ മാഗ്നെറ്റിക്സ്റ്റിമുലേഷന്‍, ഡീപ്പ്ബ്രെയിന്‍ സ്റ്റിമുലേഷന്‍, വാഗസ്നെര്‍വ്സ്റ്റിമുലേഷന്‍, കോഗ്നിറ്റീവ്ബിഹേവിയര്‍ തെറാപ്പി പോലെയുള്ള ആധുനികമന:ശ്ശാസ്ത്രചികിത്സാരീതികള്‍,ബുദ്ധിസത്തില്‍ നിന്നും യോഗയില്‍ നിന്നും ഒക്കെ ഉരുത്തിരിഞ്ഞു വന്ന മൈന്‍ഡ്ഫുള്‍നസ്സ് പോലെയുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍എന്നിവയൊക്കെ ഇന്ന് വിഷാദരോഗചികിത്സയ്ക്ക് ഫലപ്രദമായി ഉപയോഗിക്കാവുന്ന മാര്‍ഗ്ഗങ്ങളാണ്. ഇവയെക്കുറിച്ച് വഴിയെ സംസാരിക്കാം.

1.5 – വിഷാദരോഗം – തെറ്റിദ്ധാരണകള്‍

1

തെറ്റിദ്ധാരണ – വിഷാദരോഗം എന്നത്ഒരൊറ്റ രോഗമാണ്

ശരിയായ വസ്തുത –വിഷാദരോഗം എന്നത് ഒരു കൂട്ടം രോഗങ്ങളാണ്.

2

തെറ്റിദ്ധാരണ- വിഷാദരോഗം ഉണ്ടാകുന്നത് ജാതകത്തിലെ ചീത്ത സമയം കൊണ്ടാണ്

ശരിയായ വസ്തുത – വിഷാദരോഗം ഒരു മസ്തിഷ്ക രോഗമാണ്. സാമൂഹ്യ ഘടകങ്ങള്‍ക്ക് അതിന്റെ ആക്കം കൂട്ടാനാകും

3

തെറ്റിദ്ധാരണ – വിഷാദരോഗമുള്ള വ്യക്തികള്‍ തനിക്കോ മറ്റുള്ളവര്‍ക്കോ അപകടകാരികളാണ്

ശരിയായ വസ്തുത – വിഷാദരോഗമുള്ള വ്യക്തികള്‍ പലപ്പോഴും മുതലെടുക്കപ്പെടുന്നവരും മനസ്സിലാക്കപ്പെടാത്തവരും ആണ് എന്നതാണ് സത്യം

4

തെറ്റിദ്ധാരണ- വിഷാദരോഗമുള്ള വ്യക്തികളെ വിവാഹം കഴിപ്പിച്ചാല്‍ രോഗാവസ്ഥയ്ക്ക്ശമനം ലഭിക്കും

ശരിയായ വസ്തുത – രോഗമുള്ള അവസ്ഥയില്‍ ശരിയായ ചികിത്സ ലഭ്യമാക്കാതെ വിവാഹം കഴിപ്പിച്ചാല്‍ അത് പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം.

5

തെറ്റിദ്ധാരണ- വിഷാദരോഗമുള്ള വ്യക്തികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല ദാമ്പത്യ ജീവിതം

ശരിയായ വസ്തുത – രോഗാവസ്ഥ ചികിത്സിച്ചാല്‍ വിഷാദരോഗമുള്ള വ്യക്തിക്ക് മറ്റേതൊരു വ്യക്തിയും പോലെ ദാമ്പത്യ ജീവിതം നയിക്കാനാകും

6

തെറ്റിദ്ധാരണ- വിഷാദരോഗമുള്ള വ്യക്തികള്‍ എല്ലാവരും തന്നെ ആത്മഹത്യാപ്രവണത ഉള്ളവരായിരിക്കും

ശരിയായ വസ്തുത – വിഷാദരോഗമുള്ള വ്യക്തികള്‍ എല്ലാവരും ആത്മഹത്യാ പ്രവണത ഉള്ളവരല്ല

7

തെറ്റിദ്ധാരണ- കുഞ്ഞുങ്ങള്‍ക്ക് വിഷാദരോഗം വരാറില്ല

ശരിയായ വസ്തുത – മസ്തിഷ്കമുള്ള ആര്‍ക്കും വരാവുന്ന ഒരു രോഗാവസ്ഥയാണ് വിഷാദരോഗം. കുഞ്ഞുങ്ങള്‍ക്കും അത് ഉണ്ടാകാം.

8

തെറ്റിദ്ധാരണ – വിഷാദരോഗം പാരമ്പര്യമായി പകര്‍ന്നു കിട്ടുന്നതാണ്

ശരിയായ വസ്തുത –വിഷാദരോഗം പലപ്പോഴും പാരമ്പര്യമായി പകര്‍ന്നു കിട്ടുന്നതല്ല. മറിച്ച്ഒന്നിലേറെ ഘടകങ്ങള്‍ ഒരുമിച്ച് സ്വാധീനിക്കുമ്പോഴാണ് വിഷാദരോഗം ഉണ്ടാകുന്നത്

9

തെറ്റിദ്ധാരണ – അമിതമായ സ്വയംഭോഗം കാരണമാണ് വിഷാദരോഗം ഉണ്ടാകുന്നത്

ശരിയായ വസ്തുത – അമിതമായ സ്വയംഭോഗം വിഷാദരോഗകാരണമല്ല.

10

തെറ്റിദ്ധാരണ- വിഷാദരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഔഷധങ്ങള്‍ അപകടകരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്

ശരിയായ വസ്തുത –വിഷാദരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഔഷധങ്ങള്‍ ശരിയായ അളവിലും ഒരു ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചും കഴിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കില്ല.


Feel free to ask queries to the instructor.Add your suggestions as comments.Thank you.

Complete and Continue  
Discussion

17 comments