Module- 4

.

വിഷാദരോഗം – അറിയേണ്ടതെല്ലാം

മോഡ്യൂള്‍ 4


4.1 – വിഷാദരോഗ ചികിത്സ – ആമുഖം

മറ്റേതൊരു ശാരീരിക രോഗത്തെയും പോലെ ചികിത്സിക്കേണ്ട ഒന്ന് തന്നെയാണ് വിഷാദരോഗവും. എന്നാല്‍ മറ്റ് ശാരീരിക രോഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സങ്കീര്‍ണ്ണതയുള്ളതാണ് വിഷാദരോഗചികിത്സ. ഇതിനൊരു കാരണം, സാമൂഹ്യ ഘടകങ്ങളും മനഃശാസ്ത്ര ഘടകങ്ങളും ഒക്കെ മസ്തിഷ്ക രോഗമെന്ന് വിലയിരുത്തപ്പെട്ടു കൊണ്ടിരിക്കുന്ന വിഷാദരോഗാവസ്ഥയെ സ്വാധീനിക്കുന്നുണ്ട് എന്നതാണ്. പ്രത്യക്ഷമായി മസ്തിഷ്കത്തില്‍ ഉണ്ടാകുന്ന ക്ഷതങ്ങളും പരോക്ഷമായി ഉള്ളില്‍ സംഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളും, പുറത്ത് സമൂഹത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും ഒക്കെ വിഷാദരോഗ ലക്ഷണങ്ങൾ സൃഷ്ടിക്കുന്നതിൽ ഒന്നിനൊന്ന് മെച്ചമാണ് എന്ന തിരിച്ചറിവാണ് ചികിത്സയിലെ ഈ സങ്കീർണ്ണതയ്ക്ക് പ്രധാനകാരണം. 

പണ്ടു കാലങ്ങളിൽ വിഷാദ രോഗ ചികിത്സയ്ക്ക് വേണ്ടി ഉപയോഗിച്ചിരുന്നത് ശരീരത്തിൽ നിന്നുള്ള വിഷാംശങ്ങൾ കളയാൻ വേണ്ടി ഉള്ള ചികിത്സാരീതികൾ ആയിരുന്നു. രോഗിക്ക് മരുന്നുകള്‍ നല്‍കി ഛര്‍ദ്ദിപ്പിക്കുക, അട്ടയെക്കൊണ്ട് കടിപ്പിച്ചോ, ധമനികള്‍ മുറിച്ച് രക്തം ഒഴുക്കിക്കളഞ്ഞോ ഒക്കെയായിരുന്നു ഇത് നടത്തിയിരുന്നത്. ദൈവകോപം കൊണ്ട് അല്ലെങ്കില്‍ ബാധോപദ്രവം കൊണ്ട് ഉണ്ടാകുന്നതാണ് വിഷാദരോഗം എന്ന വിശ്വാസത്തില്‍ മന്ത്രവാദങ്ങളും പൂജകളും ഒക്കെ വിഷാദരോഗ ചികിത്സയ്ക്ക് വേണ്ടി ഉപയോഗിച്ചിരുന്നു. കറങ്ങുന്ന കസേരയിലിരുത്തി അമിത വേഗത്തില്‍ കസേര തിരിച്ച രോഗിക്ക് ഉത്തേജനം വരുത്തുവാൻ ശ്രമിക്കുന്ന രീതിയിലുള്ള ചികിത്സാരീതികളും അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു.സാഹചര്യ ഘടകങ്ങളാണ് വിഷാദരോഗത്തിലേക്ക് നയിക്കുന്നത് എന്ന ധാരണയില്‍ രോഗമുള്ള വ്യക്തിയെ കുടുംബത്തില്‍ നിന്ന് മാറ്റി അസൈലങ്ങളില്‍ (asylum) പാര്‍പ്പിക്കുന്നരീതിയും ചിലസ്ഥലങ്ങളിൽ ഉണ്ടായിരുന്നു.ഉറക്കഗുളികകൾ, ബാർബിച്യുറേറ്റ് പോലെ അപസ്മാര ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഔഷധങ്ങൾ എന്നിവയും വിഷാദ രോഗ ചികിത്സയ്ക്ക് വേണ്ടി ഉപയോഗിച്ചിരുന്നു.


വിഷാദരോഗ ചികിത്സകളെ പ്രധാനമായി നമുക്ക് നാലായി തരംതിരിക്കാം.

1.    ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സ (Pharmacological Management)

a.    വിഷാദരോഗ നിവാരിണികള്‍ അഥവാ ആന്‍റിഡിപ്രസന്റുകള്‍ (Anti depressant drugs)

b.    മറ്റ് ഔഷധങ്ങള്‍

2.    മറ്റ് ഭൗതിക ചികിത്സാരീതികള്‍ (Other biological treatments)

a.    ഷോക്ക് ചികിത്സ അഥവാ (Electro convulsive Therapy)

b.    റെപ്പെറ്റിറ്റീവ് ട്രാന്‍സ്ക്രാനിയല്‍ മാഗ്നെറ്റിക് സ്ടിമുലേഷന്‍ (rTMS)

c.    വാഗസ് ഞരമ്പ് ഉത്തേജനം (Vagal nerve stimulation)

d.    അഗാധ മസ്തിഷ്ക ഉത്തേജനം (Deep Brain Stimulation)


3.    മന:ശ്ശാസ്ത്ര ചികിത്സാ രീതികള്‍

4.    സാമൂഹ്യമായതും മറ്റുമുള്ള ഇതര ചികിത്സാരീതികള്‍

നാലാം മോഡ്യൂളിൽ നാം പങ്കുവെക്കുന്നത് ഔഷധങ്ങളെയും മറ്റ് ഭൗതിക ചികിത്സാ രീതികളെയും കുറിച്ചുള്ള ചില അറിവുകൾ ആണ്.

വിഷയത്തിലേക്ക് കടക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

1.    വ്യത്യസ്ത വ്യക്തികളില്‍ വ്യത്യസ്ത ചികിത്സാ രീതികളായിരിക്കും ഫലപ്രദം.ചിലപ്പോള്‍ കുടുംബാംഗങ്ങളില്‍ മുന്‍പ് ഫലപ്രദമായിട്ടുള്ള ഔഷധങ്ങള്‍ രോഗമുള്ള വ്യക്തിക്ക് ഫലപ്രദമായേക്കാം

2.    മുന്‍പ് ഫലം തന്നിട്ടുള്ള ഔഷധം പലപ്പോഴും വീണ്ടും വിഷാദരോഗം വരുമ്പോള്‍ ഫലപ്രദമായേക്കാം.

3.    വിഷാദരോഗം ലഘുമനോരോഗങ്ങളില്‍ പെട്ട ഒന്നായി കണക്കാക്കപ്പെടുന്നത് കൊണ്ട് വിഷാദരോഗ ചികിത്സ ലളിതമാണെന്ന് കരുതരുത്. വേണ്ടത്ര യോഗ്യതയുള്ള ഒരു മനോരോഗചികിത്സകന് മാത്രമേ ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള വിഷാദരോഗ ചികിത്സ കാര്യക്ഷമമായി ചെയ്യാന്‍ സാധിക്കുകയുള്ളൂ.

4. 2

വിഷാദരോഗ നിവാരണികൾ

സെറോട്ടോണിൻ, നോർ എപ്പിനെഫ്രിൻ, ഡോപ്പമിന്‍, തുടങ്ങിയ രാസവസ്തുക്കളുടെ അളവിലുണ്ടാകുന്ന മാറ്റങ്ങളാണ് വിഷാദരോഗാവസ്ഥയ്ക്ക് കാരണം എന്ന ധാരണയിലാണ് ആദ്യകാലത്തെ വിഷാദരോഗ നിവാരണികളായ ആന്റി ഡിപ്രസന്റ് ഔഷധങ്ങൾ നിലവിൽ വരുന്നത്. ഇന്ന് ഏകദേശം നാല്‍പ്പതിലേറെ വിഷാദരോഗ ചികിത്സയ്ക്കുള്ള ഔഷധങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.60 ശതമാനത്തിലേറെ രോഗലക്ഷണങ്ങൾക്ക് കുറവ് വരുത്തുവാൻ ഈ ഔഷധങ്ങൾക്ക് സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.വിഷാദരോഗ ചികിത്സയ്ക്കുള്ള  പ്രധാനപ്പെട്ട ഔഷധങ്ങള്‍ ഇനി പറയുന്നവയാണ്:


1. ട്രൈസൈക്ലിക് ആൻറിഡിപ്രസൻറ്സ് 

2. സെലക്ടീവ് സിറോട്ടോണിൻ റീ-അപ്ട്ടേക്ക് ഇൻഹിബിറ്റർ

3.സെറോട്ടോണിൻ നോർഎപ്പിനെഫ്രിൻ റീ-അപ്ട്ടേക്ക് ഇൻഹിബിറ്റർ4.നോർഎപ്പിനെഫ്രിൻ ആൻഡ്  സ്പെസിഫിക് സെറോട്ടോണേർജിക് ആൻറിഡിപ്രസൻറ്സ്

5. നോർഎപ്പിനെഫ്രിൻ റീ-അപ്ട്ടേക്ക് ഇൻഹിബിറ്റർ

6. നോര്‍എപ്പിനെഫ്രിന്‍ ആന്‍ഡ്‌ ഡോപ്പമിൻ റീ-അപ്ട്ടേക്ക് ഇൻഹിബിറ്റർ


വിഷാദരോഗചികിത്സയ്ക്ക് ഏറ്റവും ഫലപ്രദമായി തെളിയിച്ചിട്ടുള്ളവയാണ് വിഷാദരോഗ നിവാരിണികള്‍ അഥവാ ആന്‍റി ഡിപ്രസന്റ്റ് ഔഷധങ്ങള്‍.  തീവ്രവിഷാദരോഗങ്ങള്‍ക്ക് ഇവ ഏറെ ഫലപ്രദമാണ് എന്ന് ശക്തമായ തെളിവുകള്‍ ഉണ്ട്. എന്നാല്‍ ലഘു വിഷാദരോഗങ്ങള്‍ക്ക് ഇവ പ്ലാസിബോ (പ്രവര്‍ത്തനക്ഷമതയില്ലാത്ത കപട ഔഷധങ്ങള്‍) ഗുളികകളെക്കാള്‍ വലിയ ഫലമൊന്നും നല്‍കുന്നില്ല എന്നും ഗവേഷണങ്ങള്‍ പറയുന്നു. വിഷാദരോഗത്തിന്‍റെ തീവ്രത അനുസരിച്ചിരിക്കും ആന്‍റി ഡിപ്രസന്റ്റ് ഔഷധങ്ങള്‍ നല്‍കുന്ന ഫലം എന്നും ഗവേഷണങ്ങള്‍ പറയുന്നു. മിക്കവാറും എല്ലാ ആന്‍റി ഡിപ്രസന്റ്റ് ഔഷധങ്ങളും ഒരേ അളവില്‍ തന്നെ ഫലം തരുന്നതാണ്.പലപ്പോഴും പാര്‍ശ്വഫലങ്ങളാണ് ഔഷധങ്ങള്‍ തിരഞ്ഞെടുക്കാന്‍ ചികിത്സകന്‍ മാര്‍ഗ്ഗനിര്‍ദ്ദേശമാക്കുന്നത്.

ഈ വിഷാദരോഗ നിവാരിണികളെല്ലാം തന്നെ ഒരു സൈക്യാട്രിസ്റ്റ്-ന്‍റെ മേല്‍നോട്ടത്തില്‍ കഴിക്കുമ്പോള്‍ തികച്ചും സുരക്ഷിതമാണ്. അത് കൊണ്ട് തന്നെ വിഷാദരോഗ നിവാരിണികള്‍ കഴിക്കുമ്പോള്‍ അവ നിര്‍ദ്ദേശിക്കുന്നതിനായി വിദഗ്ദ്ധനായ ഒരു മനോരോഗ ചികിത്സകന്റെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതാണ് നല്ലത്.

വിഷാദരോഗചികിത്സയ്ക്കായി ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഔഷധങ്ങളാണ് സെലക്ടീവ് സിറോട്ടോണിൻ റീ-അപ്ട്ടേക്ക് ഇൻഹിബിറ്റർ അഥവാ SSRIs. ഫ്ലുവോക്സെറ്റിന്‍ (fluoxetine), ഫ്ലുവോക്സമിന്‍(Fluoxamin), സെര്‍ട്രാലിന്‍(Sertraline), എസ്സിറ്റലോപ്രാം (Escitalopram) തുടങ്ങിയവയാണ് ഈ വിഭാഗത്തില്‍പ്പെട്ട പ്രധാനപ്പെട്ട ഔഷധങ്ങള്‍. മറ്റ് ഔഷധങ്ങളെ അപേക്ഷിച്ച് താരതമ്യേനെ കുറച്ച് പാര്‍ശ്വഫലങ്ങള്‍ മാത്രമേ ഈ ഔഷധങ്ങള്‍ ഉണ്ടാക്കാറുള്ളൂ. ഓക്കാനം, ഛര്‍ദ്ദില്‍, വയറിളക്കം, ചെറിയ തോതിലുള്ള വെപ്രാളം, ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ ചെറിയ പാര്‍ശ്വഫലങ്ങള്‍ മാത്രമേ അപൂര്‍വ്വമായി ഇവ ഉണ്ടാക്കാറുള്ളൂ.ഏതു പ്രായത്തിലുംഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് ഈ വിഭാഗം ഔഷധങ്ങളുടെ പ്രത്യേകത.

വെന്‍ലാഫാക്സിന്‍ (Venlafaxine), ഡ്യൂലോക്സെറ്റിന്‍ (Duloxetine) എന്നിവയാണ് സെറോട്ടോണിൻ നോർഎപ്പിനെഫ്രിൻ റീ-അപ്ട്ടേക്ക് ഇൻഹിബിറ്റർ വിഭാഗത്തില്‍പ്പെട്ട പ്രധാനപ്പെട്ട ഔഷധങ്ങള്‍. നോർഎപ്പിനെഫ്രിൻ ആൻഡ്  സ്പെസിഫിക് സെറോട്ടോണേർജിക് ആൻറിഡിപ്രസൻറ് വിഭാഗത്തില്‍പ്പെട്ട പ്രധാനപ്പെട്ട ഔഷധമാണ് മിര്‍ട്ടാസെപിന്‍ (Mirtazapine). നോര്‍എപ്പിനെഫ്രിന്‍ ആന്‍ഡ്‌ ഡോപ്പമിൻ റീ-അപ്ട്ടേക്ക് ഇൻഹിബിറ്റർ വിഭാഗത്തില്‍പ്പെട്ട പ്രധാനപ്പെട്ട ഔഷധമാണ് ബുപ്രോപയോണ്‍ (Bupropion). ലൈംഗികപ്രശ്നങ്ങള്‍ പാര്‍ശ്വഫലമായി അധികം സൃഷ്ടിക്കാരില്ല എന്നതാണ് ഈ ഔഷധത്തിന്‍റെ പ്രധാന പ്രയോജനം.

വിലാസിഡോണ്‍ (vilazodone) എന്ന ഔഷധം പുതിയതായി വിഷാദരോഗചികിത്സയ്ക്കായി  പുറത്തിറക്കിയതാണ്. ലൈംഗിക പ്രശ്നങ്ങള്‍ ഇല്ല, ഭാരക്കൂടുതല്‍ ഉണ്ടാക്കുന്നില്ല എന്നിവയാണ് ഈ ഔഷധത്തിന്റെ പ്രത്യേകതകള്‍.


മേല്‍പ്പറഞ്ഞവയെല്ലാം തന്നെ ആധുനിക തലമുറയില്‍പ്പെട്ട വിഷാദരോഗ നിവാരിണികളാണ്. എന്നാല്‍ തീവ്രവിഷാദരോഗാവസ്ഥയില്‍, മറ്റ് ഔഷധങ്ങള്‍ വേണ്ടത്ര ഫലം തരുന്നില്ല എന്നുകണ്ടാല്‍,പഴയ തലമുറയില്‍പ്പെട്ട ട്രൈസൈക്ലിക്ക് ആന്റിഡിപ്രസന്റ്-കള്‍ ഉപയോഗിക്കാറുണ്ട്.

ആന്‍റിഡിപ്രസന്റ് ഔഷധങ്ങള്‍ മാത്രമല്ല വിഷാദരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഔഷധങ്ങള്‍. കീറ്റമിന്‍ അഗോമെലാറ്റിന്‍, ലിത്തിയം, അപസ്മാര ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സോഡിയം വാല്‍പ്രോയേറ്റ്, കാര്‍ബമസെപിന്‍, ലാമോട്രിജിന്‍, എന്നിവയും സൈക്കൊസിസ് രോഗാവസ്ഥയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ക്ലോസപിന്‍, ക്വറ്റിയാപ്പിന്‍, എന്നീ ഔഷധങ്ങളും തൈറോയ്ഡ്‌ ഹോര്‍മ്മോണ്‍ ഔഷധങ്ങളുമൊക്കെ വിവിധ ഘട്ടങ്ങളില്‍ വിഷാദരോഗ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്.ചില ഘട്ടങ്ങളില്‍ ഉറക്ക ഗുളികകളും വിഷാദരോഗമുള്ള വ്യക്തികളില്‍ ആവശ്യമായി വന്നേക്കാം. എന്നാല്‍ അധികനാള്‍ ഇവ കഴിക്കുന്നത് രോഗ ലക്ഷണങ്ങള്‍ മറയ്ക്കാന്‍ സഹായിച്ചേക്കും എങ്കിലും ഈ ഔഷധങ്ങളുടെ മേല്‍ ഉള്ള അടിമത്തമായി അത് മാറിക്കൂടെന്നില്ല. പലപ്പോഴും രോഗമുള്ള വ്യക്തികള്‍ ഡോക്ടറുടെ അറിവ് കൂടാതെ ഇത്തരം ഉറക്ക ഗുളികകള്‍ മാത്രം തുടരെ കഴിക്കുന്ന സംഭവങ്ങളും വിരളമല്ല.

വിഷാദരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഔഷധങ്ങളെക്കുറിച്ചും ഒട്ടേറെ തെറ്റിദ്ധാരണകള്‍ നിലവിലുണ്ട്. ആന്‍റിഡിപ്രസന്റ് ഔഷധങ്ങളെക്കുറിച്ചുള്ള ചിലവസ്തുതകള്‍ ഒന്നുകൂടി ഓര്‍ത്തുകൊണ്ട് നമുക്ക് മറ്റൊരു സെക്ഷനിലേക്ക് കടക്കാം:

1.    വിഷാദരോഗം ഒരു മസ്തിഷ്കരോഗമാണ്. സാമൂഹ്യ ഘടകങ്ങള്‍ക്ക് രോഗാവിര്‍ഭാവത്തെയും രോഗ ശമനത്തെയും സ്വാധീനിക്കാനാകും.

2.    വിഷാദരോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണ്.

3.    മറ്റ് വൈദ്യശാസ്ത്ര ശാഖകളില്‍ ഉപയോഗിക്കുന്ന മരുന്നുകളില്‍ കൂടുതലായ പാര്‍ശ്വഫലങ്ങള്‍ ഒന്നും ആന്റിഡിപ്രസന്റ് ഔഷധങ്ങള്‍ ഉണ്ടാക്കാറില്ല.

4.    ആന്റിഡിപ്രസന്റ് ഔഷധങ്ങള്‍ കാരണമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ പലതും താല്‍ക്കാലികമാണ്. പരിചയസമ്പന്നനായ ഒരു ചികിത്സകന്റെ കൈയില്‍ ഈ ഔഷധങ്ങള്‍ അപകടകാരികളല്ല.

5.    മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനത്തെ മരവിപ്പിക്കാത്തത്, എന്നാല്‍ മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നവയാണ് മിക്ക ആന്റിഡിപ്രസന്റ് ഔഷധങ്ങളും.

4.3 – ഷോക്ക് ചികിത്സകള്‍

വിഷാദരോഗചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചികിത്സാരീതികളില്‍ ഏറ്റവും ഫലവത്തായി കണ്ടുവരുന്ന ചികിത്സാരീതയാളില്‍ ഒന്നാണ് ഇലക്ട്രോ കണ്‍വല്‍സീവ് തെറാപ്പി (ECT) അഥവാ ഷോക്ക് ചികിത്സ. അതേസമയം തന്നെ വിഷാദരോഗ ചികിത്സകളില്‍ ഏറ്റവും അധികം ഭയപ്പെടുന്നതും വളരെയധികം തെറ്റിദ്ധാരണകള്‍ നിലവിലുള്ളതുമായ ഒരു ചികിത്സാ രീതി കൂടിയാണത്.

ഒരു അനസ്തറ്റിസ്റ്റിന്‍റെ മേല്‍നോട്ടത്തില്‍ ഔഷധങ്ങൾ കൊടുത്ത് രോഗമുള്ള വ്യക്തിയെ മയക്കിയതിനു ശേഷം നിയന്ത്രിതമായ അളവില്‍ അയാളുടെ മസ്തിഷ്കത്തിലൂടെ വൈദ്യുതി കടത്തി വിട്ട് അപസ്മാരം സൃഷ്ടിക്കുക എന്നതാണ്  ECT ചികിത്സയില്‍സംഭവിക്കുന്നത്. ഒരു ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയാണ് ഇപ്രകാരം രോഗിയെ ഷോക്ക് ചികിത്സയ്ക്ക് വിധേയനാക്കുന്നത്. പലപ്പോഴും ആദ്യം കൊടുത്തിട്ട് ഫലം തരാതിരുന്ന ഔഷധങ്ങള്‍ ECT-യ്ക്ക് ശേഷം നല്‍കുമ്പോള്‍ ഫലം തരുന്നതായും കാണാറുണ്ട്.

വിഷാദരോഗ ചികിത്സയില്‍ ചില പ്രത്യേക ഘട്ടങ്ങളിലാണ് ECT ഒരു ചികിത്സയായി നിര്‍ദ്ദേശിക്കപ്പെടുന്നത്. അവ പ്രധാനമായി താഴെ പറയുന്നവയാണ്:

1.       രോഗി അതികഠിനമായ വിഷാദത്തിലായിരിക്കുമ്പോള്‍

2.       രോഗി അതിതീവ്രമായ ആത്മഹത്യാ പ്രവണത കാണിക്കുമ്പോള്‍

3.       രോഗി ഔഷധങ്ങള്‍ കഴിക്കാന്‍ കൂട്ടാക്കാതിരികുമ്പോള്‍

4.       രോഗി ഭക്ഷണവും വെള്ളവും കഴിക്കാന്‍ കൂട്ടാക്കാതിരിക്കുമ്പോള്‍

5.       പാര്‍ശ്വഫലങ്ങള്‍ മൂലം ഔഷധങ്ങള്‍ രോഗിക്ക് കൊടുക്കാന്‍ കഴിയാതെ വരുമ്പോള്‍

6.       ഔഷധങ്ങള്‍ വേണ്ടത്ര ഫലം തരാതെ വരുമ്പോള്‍

7.       വിഷാദരോഗത്തിന്‍റെ ചില പ്രത്യേക അവസ്ഥകളില്‍ (ഉദാ: ശരീരചലനാവസ്തകളിലും പെരുമാറ്റരീതികളിലും അസാധാരണത്വം കാണിക്കുന്ന കാറ്റട്ടോണിയ എന്ന അവസ്ഥയില്‍).

8.       പ്രസവശേഷമുള്ള വിഷാദരോഗങ്ങളില്‍

പ്രതിദിനം മാറ്റങ്ങള്‍ വരുന്ന നമ്മുടെ ലോകത്ത് ECT ചികിത്സയിലും മാറ്റങ്ങള്‍ സ്വാഭാവികമാണ്. റെപ്പെറ്റിറ്റീവ് ട്രാന്‍സ്ക്രാനിയല്‍ മാഗ്നെറ്റിക്ക് സ്റ്റിമുലേഷന്‍ (rTMS), അഗാധ മസ്തിഷ്ക ഉത്തേജനം (DBS), ഫീസ്റ്റ്(FEAST) എന്നിങ്ങനെ വിവിധ രീതികളില്‍ ഇന്ന് ഷോക്ക് ചികിത്സ രൂപഭേദം പ്രാപിച്ചിട്ടുണ്ട്.

rTMSചികിത്സയില്‍ മസ്തിഷ്ക ഭാഗങ്ങളെ ഉത്തേജിപ്പിക്കാന്‍ കാന്തിക ശക്തിയാണ് ഉപയോഗിക്കുന്നത്. rTMS പല വിദേശ രാജ്യങ്ങളിലും മരുന്നുകളോട് പ്രതികരിക്കാത്ത വിഷാദരോഗികള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ ഈ ചികിത്സാ രീതി ഇന്നും ലഭ്യമല്ല. അമിതമായ സാമ്പത്തിക ചിലവാണ്‌ (രൂപ അറുപതിനായിരത്തിനു മേലെ) ഈ ചികിത്സാരീതിയുടെ ഒരു ദൂഷ്യവശം.

DBS ചികിത്സ ചെയ്യുന്നത് മസ്തിഷ്കത്തിനുള്ളില്‍ സ്ഥാപിക്കുന്ന രണ്ട് ഇലക്ട്രോഡ്‌കള്‍ വഴിയാണ്. മസ്തിഷ്കത്തില്‍ നടത്തുന്ന ഒരു ഓപ്പറേഷനില്‍ക്കൂടി മാത്രമേ ഈ ചികിത്സ ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നതാണ് ഒരു പ്രശ്നം. സൌകര്യവും സാമ്പത്തിക ചിലവുമൊക്കെ ഈ ചികിത്സാരീതിയുടെയും പ്രശ്നങ്ങളാണ്.

4.4 – മറ്റ് ഭൗതിക ചികിത്സാ രീതികള്‍

ഔഷധങ്ങളും ഷോക്ക് ചികിത്സകളുമല്ലാതെ മറ്റ് ചില ഭൗതിക ചികിത്സാരീതികളും വിഷാദരോഗ ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്. വാഗസ് ഞരമ്പ് ഉത്തേജനം, ഉറക്കം ഇല്ലാതാക്കല്‍, പ്രകാശ ചികിത്സ എന്നിവയൊക്കെ ഇവയില്‍ ചിലതാണ്. ഗവേഷണങ്ങളുടെ അഭാവവും കൂടുതല്‍ നല്ല ഔഷധങ്ങളുടെ ലഭ്യതയുമൊക്കെ ഈ ചികിത്സാരീതികളെ പലപ്പോഴും പിന്നിലാക്കിക്കളയുന്നു എന്നതാണ് ശരി. ഭക്ഷണരീതികള്‍ പലതും വിഷാദരോഗത്തിനു ചികിത്സയുടെ ഫലം ചെയ്യുമെന്ന് കേട്ടുകേള്‍വികള്‍ ഉണ്ടെങ്കിലും ഇവയൊന്നും തന്നെ ഗവേഷണങ്ങളിലൂടെ അഗ്നിശുദ്ധി വരുത്തപെട്ട അറിവുകളല്ല.ഇവയൊക്കെ ശ്രമിക്കുന്നത് സമയനഷ്ടത്തിനു ഇടവരുമെന്നതിനാലും ഇവയില്‍ പല ചികിത്സകളും നമ്മുടെ നാട്ടില്‍ സാധാരണയായി ഉപയോഗിക്കാത്തതിനാലും കൂടുതല്‍ വിവരിക്കുന്നില്ല.

4.5 – വിഷാദരോഗം – ഭാവിയിലെ ചികിത്സാ രീതികള്‍

ഔഷധങ്ങളും മന:ശ്ശാസ്ത്ര ചികിത്സാരീതികളുമല്ലാതെ നാളത്തെ വിഷാദരോഗമുള്ള വ്യക്തികള്‍ക്ക് എന്തൊക്കെ ചികിത്സാരീതികളാകും ലഭ്യമാകുക? അല്‍പ്പം ഭാവനയൊക്കെ ചേര്‍ത്തുള്ള സങ്കല്പങ്ങള്‍ ആണെങ്കിലും അവ ഒട്ടും തന്നെ അയഥാര്‍ത്ഥ്യം ആണെന്ന് പറയാനാകില്ല.ഒരുതുള്ളി രക്തം കൊണ്ട് വിഷാദരോഗം കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങള്‍ പലതും പലയിടങ്ങളിലായി നടന്നു വരുന്നുണ്ട്. എത്രമാത്രം ഫലപ്രദമാകും എന്ന് പറയാറായിട്ടില്ലെങ്കിലും ചരിത്രകാരന്‍മാരുടെ കണ്ണില്‍ ഇവയൊക്കെ ശുഭാപ്തി വിശ്വാസമുണര്‍ത്തുന്ന വിവരങ്ങളാണ്. അതുപോലെ തന്നെ ജീനുകളെ വരെ സ്വാധീനിക്കാന്‍ ആന്‍റിഡിപ്രസന്റ് ഔഷധങ്ങള്‍ക്ക് സാധിക്കും എന്നതും മെഡിറ്റേഷനും കോഗ്നിറ്റീവ് തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സകള്‍ വിഷാദരോഗ ചികിത്സയ്ക്കും വിഷാദരോഗം തടയാനും ഏറെ ഫലപ്രദമാണെന്നതുമൊക്കെ ആധുനിക ഗവേഷണങ്ങളുടെ ഫലമായി നമുക്ക് ലഭിച്ച വിവരങ്ങളാണ്. ജീന്‍ തെറാപ്പി മനോരോഗചികിത്സകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഒരു ചികിത്സാരീതിയാണ്. അതുപോലെ തന്നെ വിഷാദരോഗം വരാതെ തടയാനുള്ള വാക്സിനുകള്‍ മനോരോഗ ചികിത്സകരുടെ മറ്റൊരു സ്വപ്നമാണ്.

ശ്രദ്ധിക്കാനും മനസ്സില്‍ സൂക്ഷിക്കാനുമുള്ള മൂന്നു വാചകങ്ങള്‍ ഒരിക്കല്‍ക്കൂടി പറയാം:

1.       വിഷാദരോഗം ഒരു മസ്തിഷ്ക രോഗമാണ്

2.       സാമൂഹ്യഘടകങ്ങള്‍ക്ക് മസ്തിഷ്കത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ട്.

3.       വിഷാദരോഗം ചികിത്സിച്ചു മാറ്റാവുന്ന ഒരു രോഗാവസ്ഥയാണ്.

ബാക്കി അടുത്ത മോഡ്യൂളിലാകട്ടെ.

Discussion

4 comments