Module-3

വിഷാദരോഗം– അറിയേണ്ടതെല്ലാം

മോഡ്യൂള്‍ 3




3.1 – വിഷാദരോഗം – രോഗനിര്‍ണ്ണയം

മനോരോഗചികിത്സകന്മാര്‍ രോഗ നിര്‍ണ്ണയത്തിനായി ഉപയോഗിക്കുന്ന DSM-5 എന്ന രോഗ വര്‍ഗ്ഗീകരണ പുസ്തകത്തില്‍ വിഷാദരോഗം നിര്‍ണ്ണയിക്കുന്നതിനു നല്‍കിയിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇനി പറയുന്നവയാണ്.

താഴെ പറയുന്ന ഒന്‍പത് ലക്ഷണങ്ങളില്‍ അഞ്ച് എണ്ണമെങ്കിലും കുറഞ്ഞത് രണ്ടാഴ്ചക്കാലത്തോളം ഉണ്ടായിരിക്കണം.

അതിലൊരെണ്ണം വിഷാദാത്മകമായ മാനസികാവസ്ഥയോ ചുറ്റുമുള്ള കാര്യങ്ങളില്‍ ഉള്ള താല്പ്പര്യക്കുറവോ അല്ലെങ്കില്‍ സന്തോഷം അനുഭവിക്കാനുള്ള കഴിവില്ലായ്മയോ ആയിരിക്കണം.ഈ ലക്ഷണങ്ങള്‍ രോഗമുള്ള വ്യക്തിയുടെ മുന്‍കാല രീതികളില്‍ നിന്നുമുള്ള വ്യക്തമായ മാറ്റം ആയിരിക്കുകയും അവ ഏറ്റവും കുറഞ്ഞത് രണ്ടാഴ്ചത്തെ കാലയളവ്‌ നീണ്ടു നില്‍ക്കുകയും ചെയ്യണം.

(കുറിപ്പ്: മറ്റേതെങ്കിലും രോഗാവസ്ഥകള്‍ കൊണ്ടാണ് ഈ ലക്ഷണങ്ങള്‍ ഉണ്ടാകുന്നതെങ്കില്‍ അവ ഉള്‍പ്പെടുത്താന്‍ പാടില്ല).

1. മിക്കവാറും ദിവസങ്ങളില്‍, മിക്കവാറും സമയം രോഗമുള്ള വ്യക്തി വിഷാദാത്മകമായ മാനസികാവസ്ഥയുമായി ഇരിക്കുന്നതായി മറ്റുള്ളവര്‍ നിരീക്ഷിച്ചത് (ഉദാ: വെറുതെയിരുന്ന് കണ്ണീര്‍ വാര്‍ക്കുക) അല്ലെങ്കില്‍ രോഗമുള്ള വ്യക്തി തന്നെ പറയുന്നത് (ഉദാ: മനസ്സില്‍ വിഷമം, പ്രതീക്ഷാരാഹിത്യം)

2.  മിക്കവാറും ദിവസങ്ങളില്‍, മിക്കവാറും സമയം മറ്റു കാര്യങ്ങളില്‍ താല്‍പ്പര്യമില്ലാതെയിരിക്കുക അല്ലെങ്കില്‍ ചുറ്റുമുള്ള സന്തോഷമുള്ള കാര്യങ്ങള്‍ ആസ്വദിക്കാന്‍ ഉള്ള കഴിവില്ലായ്മ. (മറ്റുള്ളവര്‍ നിരീക്ഷിച്ചത് അല്ലെങ്കില്‍ രോഗമുള്ള വ്യക്തി തന്നെ പറയുന്നത്)

3.   കാര്യമായ ഭാരക്കുറവ് അല്ലെങ്കില്‍ ഭാരക്കൂടുതല്‍ (ഉദാ: ശാരീരിക ഭാരത്തിന്റെ ഏകദേശം അഞ്ച് ശതമാനത്തില്‍ കൂടുതല്‍ വ്യതിയാനം) അല്ലെങ്കില്‍ വിശപ്പ്‌ കുറവോ കൂടുതലോ (കുട്ടികളില്‍ പ്രതീക്ഷയ്ക്കനുസരിച്ച് ഭാരം കൂടുന്നില്ലെങ്കില്‍ അത് ഇവിടെ ഉള്‍പ്പെടുത്താം)

4.  മിക്കവാറും എല്ലാ ദിവസവും ഉറക്കമില്ലായ്മ അല്ലെങ്കില്‍ ഉറക്കക്കൂടുതല്‍

5.   മിക്കാവാറും ദിവസങ്ങളില്‍ ശാരീരികവും മാനസികവുമായ വെപ്രാളം അല്ലെങ്കില്‍ മന്ദത (മറ്റുള്ളവരാല്‍ നിരീക്ഷിക്കപ്പെടുന്നത്)

6.   മിക്കവാറും ദിവസങ്ങളില്‍ അമിതമായ ക്ഷീണം അല്ലെങ്കില്‍ ഊര്‍ജ്ജമില്ലായ്മ

7.  മിക്കവാറും ദിവസങ്ങളില്‍ തനിക്ക് ഒരു വിലയുമില്ല എന്ന തോന്നല്‍ അല്ലെങ്കില്‍ അമിതമായ അല്ലെങ്കില്‍ അനുയോജ്യമല്ലാത്ത കുറ്റബോധം

8.       മിക്കവാറും ദിവസങ്ങളില്‍ ഏകാഗ്രതയില്ലായ്മ, തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവില്ലായ്മ (മറ്റുള്ളവര്‍ നിരീക്ഷിച്ചത് അല്ലെങ്കില്‍ രോഗമുള്ള വ്യക്തി തന്നെ പറയുന്നത്)

9.    ആവര്‍ത്തിച്ചുള്ള ആത്മഹത്യാ മരണ ചിന്തകള്‍ (മരണത്തെക്കുറിച്ച് ഉള്ള ഭയം അല്ല), വ്യക്തമായ പ്ലാന്‍ ഇല്ലാതെയുള്ള ആവര്‍ത്തിച്ചുള്ള ആത്മഹത്യാ ചിന്തകള്‍, ആത്മഹത്യാ ശ്രമം അല്ലെങ്കില്‍ ആത്മഹത്യാ ചെയ്യുന്നതിനായുള്ള വ്യക്തമായ പ്ലാന്‍.

മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കാരണം സാമൂഹ്യം, തൊഴില്‍പരം, മറ്റു പ്രധാനപ്പെട്ട കര്‍മ്മ രംഗങ്ങൾ എന്നിവയില്‍ കാര്യമായ അസ്വസ്ഥതയോ കഴിവില്ലായ്മയോ രോഗമുള്ള വ്യക്തിക്ക് അനുഭവപ്പെട്ടിരിക്കണം. ഈ ലക്ഷണങ്ങള്‍ ഒന്നും തന്നെ മറ്റൊരു ശാരീരിക രോഗാവസ്ഥയോ അല്ലെങ്കില്‍ ലഹരി വസ്തു ഉപയോഗം കൊണ്ടോ ഉണ്ടാകുന്നതായിരിക്കരുത്.


3.2 – മറ്റ് പ്രധാനപ്പെട്ട വിഷാദരോഗങ്ങള്‍

കഴിഞ്ഞ മോഡ്യൂളില്‍ പറഞ്ഞ പ്രധാനപ്പെട്ട ചില വിഷാദരോഗങ്ങളെക്കുറിച്ച് ലഘുവായ ചില വിവരണങ്ങളാണ് ഈ ഭാഗത്ത് നല്‍കിയിരിക്കുന്നത്.

3.2.1 –ഏറെക്കാലം നീണ്ടുനില്‍ക്കുന്ന വിഷാദരോഗാവസ്ഥ (ഡിസ്തൈമിയ)

കുറഞ്ഞത് രണ്ടു വര്‍ഷക്കാലമെങ്കിലും നിലനില്‍ക്കുന്ന ലഘുവിഷാദരോഗ അവസ്ഥയാണിത്. വിശപ്പില്ലായ്മ, ഉറക്കക്കുറവ്, ഊര്‍ജ്ജ്വസ്വലതയില്ലായ്മ, ആത്മവിശ്വാസമില്ലായ്മ, എകാഗ്രത നിലനിര്‍ത്താനുള്ള ബുദ്ധിമുട്ട്, പ്രതീക്ഷാ രാഹിത്യം തുടങ്ങിയ വിഷാദരോഗാവസ്ഥയുടെ സാധാരണ ലക്ഷണങ്ങള്‍ എല്ലാം തന്നെ ഈ അവസ്ഥയില്‍ ഉണ്ടായിരിക്കും.മേല്‍പ്പറഞ്ഞവയില്‍ കുറഞ്ഞത് രണ്ടു ലക്ഷണങ്ങള്‍ എങ്കിലും മുന്‍പ് പറഞ്ഞ കാലത്തോളം നിലനില്‍ക്കുമെങ്കില്‍ ഈ അവസ്ഥ ഉള്ളതായി കണക്കാക്കാം. സാധാരണയായി കുട്ടിക്കാലത്തോ, കൗമാര പ്രായത്തിലോ അല്ലെങ്കില്‍ ചെറുപ്പകാലത്തോ ആകാം ഈ രോഗാവസ്ഥയുടെ തുടക്കം. ഡിസ്തൈമിയ ഉള്ള വ്യക്തികള്‍ സാധാരണയായി എല്ലായ്പ്പോഴും സന്തോഷമില്ലാത്തവരായിരിക്കും. ഇവര്‍ക്ക് മുഖ്യ വിഷാദരോഗം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.ഡിസ്തൈമിയ ഉള്ളവരില്‍ മുഖ്യ വിഷാദരോഗം കൂടി ഉണ്ടാകുമ്പോള്‍ ആ അവസ്ഥയെ ഡബിള്‍ ഡിപ്രഷന്‍ (Double Depression) അഥവാ ഇരട്ട വിഷാദരോഗം എന്ന് പറയുന്നു.


3.2.2 – മാസമുറയ്ക്ക് മുൻപ്  വരുന്ന വൈകാരിക അസ്വസ്ഥത

സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു അവസ്ഥയാണിത്.മാസമുറ തുടങ്ങുന്നതിനു ഏകദേശം ഒരാഴ്ച മുന്‍പ് തുടങ്ങുന്ന ലക്ഷണങ്ങള്‍ മാസമുറ തുടങ്ങുന്നത് വരെ നീണ്ടു നില്‍ക്കും. അമിതമായ മൂഡ്‌ വ്യതിയാനങ്ങള്‍, പെട്ടെന്ന് ചിരിയും കരച്ചിലും മാറി മാറി വരുന്ന അവസ്ഥ (affective lability), അമിതമായ കോപം, വ്യക്തി ബന്ധങ്ങളില്‍ ഉള്ള പ്രശ്നങ്ങള്‍, അമിതമായ വിഷാദാത്മകമായ മാനസികാവസ്ഥ, പ്രതീക്ഷാരാഹിത്യം, ആകാംക്ഷ , ടെന്‍ഷന്‍ എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍. അതോടൊപ്പം തന്നെ നെഞ്ചുകടുപ്പം, സന്ധികളിലും പേശികളിലും ഉള്ള വേദന തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും ഉണ്ടായിരിക്കും.


3.2.3– ബൈപോളാര്‍ രോഗാവസ്ഥ

വിഷാദവും അതിന്‍റെ എതിര്‍ ലക്ഷണങ്ങള്‍ ആയ മാനിയയുടെ ലക്ഷണങ്ങളും മാറി മാറി വരുന്ന രോഗാവസ്ഥയാണ് ബൈപോളാര്‍ രോഗാവസ്ഥ. അമിതമായ ഭക്തി, അമിതമായ സംസാരം, അപരിചിതരോട് പോലും അമിതമായ പരിചയഭാവം, അമിതമായ ധന-പണച്ചിലവ്, അമിതമായ ലൈംഗിക താല്‍പ്പര്യം എന്നിവയാണ് മാനിയയുടെ പ്രധാന ലക്ഷണങ്ങള്‍. അതോടൊപ്പം തന്നെ അമിതകോപം, രാത്രി ഉറക്കമില്ലായ്മ, ഉറക്കം ഇല്ലെങ്കിലും പകല്‍ ഒട്ടും തന്നെ ക്ഷീണമില്ലായ്മ, അമിത വിശപ്പ്‌ എന്നിവയും മാനിയ അവസ്ഥയുടെ ലക്ഷണങ്ങള്‍ തന്നെ.


3.3– വിവിധ പ്രായങ്ങളിലെ വിഷാദരോഗ ലക്ഷണങ്ങള്‍

3.3.1 – വിഷാദരോഗം കുട്ടികളിലും കൗമാര പ്രായക്കാരിലും

കുട്ടികളിലെ വിഷാദരോഗം കണ്ടുപിടിക്കുക എന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള പണിയാണ്. മുതിര്‍ന്നവരില്‍ കാണുന്ന ലക്ഷണങ്ങള്‍ പലതും അതുപോലെ കുട്ടികളില്‍ കാണണം എന്നില്ല. ശാരീരിക ലക്ഷണങ്ങളായും, സ്കൂളില്‍ പോകാന്‍ മടിയായും, അമിതമായി മാതാപിതാക്കളോടൊപ്പം ഒട്ടി നില്‍ക്കുന്നതും, അച്ഛനമ്മമാര്‍ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള പേടിയുമൊക്കെ കുട്ടികളിലെ വിഷാദരോഗ ലക്ഷണങ്ങളാകാം.  കുറച്ച് കൂടി മുതിര്‍ന്ന കുട്ടികളിലാകട്ടെ സ്കൂളില്‍ നിന്നുമുള്ള സ്ഥിരമായ പരാതികള്‍, ക്ലാസ്സില്‍ കയറാതെ കറങ്ങി നടക്കുക, തങ്ങളെ ആരും മനസ്സിലാക്കുന്നില്ല, ലഹരി വസ്തു ഉപയോഗം എന്നിവയൊക്കെ വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങളാകാം.

ഒരു കുട്ടിയുടെ പെരുമാറ്റം പോലെ ആകണമെന്നില്ല മറ്റൊരു കുട്ടിയുടെ സ്വഭാവം എന്നതിനാല്‍ തന്നെ കുട്ടി വിഷാദരോഗ അവസ്ഥയിലാണോ അതോ സാധാരണ ജീവിതത്തിന്റെ സംഘര്‍ഷത്തിലൂടെയാണോ കടന്നു പോകുന്നതെന്ന് തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടായിരിക്കും. പലപ്പോഴും അച്ഛനമ്മമാര്‍ക്ക് പോലും മനസ്സിലാകില്ല തങ്ങളുടെ കുഞ്ഞിന്റെ സ്വഭാവത്തില്‍ എന്താണ് സംഭവിച്ചിരിക്കുന്നതെന്ന്.


3.3.2–വിഷാദരോഗം സ്ത്രീകളില്‍

പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ രണ്ടിരട്ടിയാണ് വിഷാദരോഗത്തിന്‍റെ തോത് എന്നാണു കണക്ക്. വിവിധ ഹോർമോണുകൾ , മാനസിക സമ്മര്‍ദ്ദങ്ങളോടുള്ള പ്രതികരണ സ്വഭാവം, സാമൂഹ്യമായ സമ്മര്‍ദ്ദങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങകളുണ്ട് ഇതിനു പിന്നില്‍. മാസമുറയും, ഗര്‍ഭധാരണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇത് കൂടുതല്‍ സങ്കീര്‍ണ്ണവുമാക്കും.

മേല്‍പ്പറഞ്ഞ മനശ്ശാസ്ത്ര, ജൈവ, സാമൂഹ്യ ഘടകങ്ങള്‍ കൂടാതെ മറ്റ് ചില ഘടകങ്ങള്‍ സ്ത്രീകളിലെ വിഷാദരോഗ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതായി നാഷണല്‍ ഇന്‍സ്റിട്യൂട്ട് ഓഫ് ഹെല്‍ത്ത്‌ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

  •   ചെറുപ്പകാലത്ത് തന്നെ മാതാപിതാക്കള്‍ (ഒരാളായാല്‍ പോലും) നഷ്ടപ്പെടുക. (ഉദാ: പത്ത് വയസ്സിനു മുൻപ് )
  •   വിവാഹമോചനം, ദാമ്പത്യ പ്രശ്നങ്ങള്‍, തൊഴിലില്ലായ്മ
  •   ചെറുപ്പ കാലത്ത് നേരിടുന്ന ശാരീരികമോ ലൈംഗികമോ ആയ പീഡനം
  • മുൻപ് വൈകാരിക രോഗങ്ങള്‍ വന്നിട്ടുണ്ടായിരിക്കുക
  •   ചില ഔഷധങ്ങളുടെ ഉപയോഗം (ഉദാ: ഗര്‍ഭനിരോധന ഔഷധങ്ങള്‍)


സ്ത്രീകളില്‍ കാണുന്ന വിഷാദരോഗത്തിന് ചില പ്രത്യേകതകള്‍ നമുക്ക് കണ്ടെത്താനാകും. അതില്‍ ചിലത് ഇനി പറയുന്നവയാണ്:

  •  സ്ത്രീകള്‍ കൂടുതലായി ക്ഷീണവും തളര്‍ച്ചയും പ്രകടിപ്പിക്കും
  • പലപ്പോഴും വിഷാദരോഗമുണ്ടാകുന്ന അവസ്ഥയില്‍ സ്ത്രീകള്‍ ഭക്ഷണത്തിലും ടെലിവിഷനിലും അടുത്ത സുഹൃത്തുക്കളിലും ആണ് അഭയം പ്രാപിക്കുക; പുരുഷന്മാരാകട്ടെ മദ്യം, സെക്സ്, സ്പോര്‍ട്സ് എന്നിവയിലും.
  • വിഷാദരോഗമുണ്ടാകുന്ന അവസ്ഥയില്‍ സ്ത്രീകള്‍ സ്വയം കുറ്റപ്പെടുത്തും, പുരുഷന്മാര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തും
  • സ്ത്രീകള്‍ കൂടുതലായി ആകാംക്ഷയും ഭയവും പ്രകടിപ്പിക്കും, പുരുഷന്മാരാകട്ടെ ധൈര്യം അഭിനയിക്കും.
  •  സ്ത്രീകള്‍ ചിലപ്പോള്‍ ശാരീരിക ലക്ഷണങ്ങളായിട്ടായിരിക്കും വിഷാദ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക. വിട്ടുമാറാത്ത തലവേദന, നടുവേദന, സന്ധിവേദന എന്നിവയൊക്കെ വിഷാദരോഗമുള്ള സ്ത്രീകളില്‍ സാധാരണമാണ്, പുരുഷമാരാകട്ടെ വിഷാദരോഗമുണ്ടാകുമ്പോള്‍ കൂടുതലായി കോപിഷ്ടരാവുകയാണ് ചെയ്യുക.
  •   വിഷാദരോഗമുണ്ടാകുമ്പോള്‍ സ്ത്രീകള്‍ മറ്റുള്ളവരില്‍ നിന്ന് ഉള്‍വലിയാനും പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനുമാണ് ശ്രദ്ധിക്കുക. പലപ്പോഴും പുരുഷന്മാര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുക.

പ്രസവശേഷം സ്ത്രീകളില്‍ കണ്ടുവരാറുള്ള ഒരു മനോരോഗാവസ്ഥയാണ് വിഷാദരോഗം. പോസ്റ്റ്‌പാര്‍ട്ടം ബ്ലൂസ് എന്ന പേരിലുള്ള ലഘു വിഷാദം വളരെ സാധാരണമാണ്. അതുപോലെ തന്നെ പോസ്റ്റ്‌ പാര്‍ട്ടം ഡിപ്രഷന്‍ എന്ന രോഗാവസ്ഥയും. ഈ അവസ്ഥയിലുള്ള സ്ത്രീകള്‍ പലപ്പോഴും നവജാതശിശുവിനെ അപായപ്പെടുത്താന്‍ ഉള്ള പ്രവണതയും കാണിക്കും.

3.3.3 – വിഷാദരോഗം വാര്‍ദ്ധക്യത്തില്‍

വാര്‍ദ്ധക്യം തന്നെ പലരും ഭയക്കുന്ന ഒരവസ്ഥയാണ്. അതോടൊപ്പം വാര്‍ദ്ധക്യത്തില്‍ വിഷാദരോഗം കൂടി ആയാലോ? പലരും വിചാരിക്കുന്നത് പോലെ വാര്‍ദ്ധക്യത്തിന്റെ കൂടപ്പിറപ്പല്ല വിഷാദരോഗം. എന്നാല്‍ സാമ്പത്തിക സുരക്ഷിതത്വമില്ലായ്മ, ഒറ്റപ്പെടല്‍, മറ്റ് ശാരീരിക രോഗങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍, വൈകാരിക പ്രശ്നങ്ങള്‍, ഉറക്കമില്ലായ്മ, അതുവരെ ജീവിച്ച സാഹചര്യത്തില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരിക എന്നിവയൊക്കെ വാര്‍ദ്ധക്യത്തിലെ വിഷാദരോഗത്തിന് കാരണമാകാം.വാര്‍ദ്ധക്യത്തിലെ വിഷാദരോഗാവസ്ഥയ്ക്കും ഉണ്ട് ചില പ്രത്യേകതകള്‍. പലപ്പോഴും വിഷാദാത്മകത പ്രകടമായിരിക്കില്ല.  പലപ്പോഴും ഉറക്കക്കുറവും മലബന്ധവും ശാരീരികമായ അമിത ക്ഷീണവും ഒക്കെ വാര്‍ദ്ധക്യത്തിലെ വിഷാദരോഗലക്ഷണങ്ങള്‍ ആകാം.

പലപ്പോഴും വാര്‍ദ്ധക്യത്തില്‍ ആദ്യമായി ഉണ്ടാകുന്ന വിഷാദരോഗ ലക്ഷണങ്ങള്‍ ഏതെങ്കിലും ശാരീരിക രോഗാവസ്ഥകള്‍ കൊണ്ടാണോ എന്ന് നാം ശ്രദ്ധിക്കേണ്ടതുണ്ട്. പാര്‍ക്കിന്‍സണ്‍ രോഗം, പക്ഷാഘാതം, ഹൃദ്രോഗം, അര്‍ബുദം, തൈറോയിഡ്‌ ഗ്രന്ഥിയുമായി ബന്ധപ്പെട്ട രോഗാവസ്ഥകള്‍, മേധാക്ഷയം, അനീമിയ,മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ് തുടങ്ങിയ ഒട്ടേറെ ശാരീരിക രോഗാവസ്ഥകള്‍ ചിലപ്പോള്‍ ആദ്യം പ്രകടമാകുന്നത് വിഷാദരോഗ ലക്ഷണങ്ങളായിട്ടായിരിക്കും. മറ്റ് രോഗങ്ങള്‍ക്ക് വേണ്ടി കഴിക്കുന്ന ഔഷധങ്ങളും പലപ്പോഴും ഈ പ്രായത്തില്‍ വിഷാദരോഗലക്ഷണങ്ങള്‍ സൃഷ്ടിക്കാം. ഉദാഹരണത്തിന് അമിതരക്തസമ്മര്‍ദ്ദ ചികിത്സയ്ക്ക് കഴിക്കുന്ന ഔഷധങ്ങള്‍, അമിതമായ രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വേണ്ടി കഴിക്കുന്ന ഔഷധങ്ങള്‍, ഉറക്ക ഗുളികകള്‍, വയറിലെ അള്‍സറിനു ചികിത്സയ്ക്കായി കഴിക്കുന്ന ഔഷധങ്ങള്‍, വേദനാ സംഹാരികള്‍, സ്റ്റീറോയ്ഡ്‌ ഔഷധങ്ങള്‍ എന്നിവ. ഇവയൊക്കെ പതിവായി കഴിച്ചാല്‍ വിഷാദരോഗത്തിന് കാരണമാകാം.

വാര്‍ദ്ധക്യത്തിലെ വിഷാദരോഗലക്ഷങ്ങള്‍ മുൻപ് പറഞ്ഞത് കൂടാതെ ഇനി പറയുന്ന ലക്ഷണങ്ങളോട് കൂടി പലപ്പോഴും പ്രത്യക്ഷപ്പെടാം:

1.  മറ്റ് കാരണങ്ങൾ കൊണ്ട് വിശദീകരിക്കാനാവാത്ത ശാരീരികമായ വേദനകള്‍, നോവുകള്‍.

2.    സംസാരത്തിലും നടത്തത്തിലും വേഗത കുറയല്‍

3.    ഓര്‍മ്മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍

4.    വ്യക്തിശുചിത്വമില്ലായ്മ

5.    പെട്ടെന്ന് കോപം വരിക

വാര്‍ദ്ധക്യത്തില്‍ കാണുന്ന വിഷാദരോഗവുമായി ബന്ധപ്പെട്ട ഓര്‍മ്മപ്പിശക് പലപ്പോഴും മേധാക്ഷയമായി തെറ്റിദ്ധരിക്കപ്പെടാന്‍ സാദ്ധ്യതയുണ്ട്. വിഷാദരോഗം കാരണം ഉണ്ടാകുന്ന മേധാക്ഷയത്തിനു തുല്യമായ മസ്തിഷ്ക പ്രവര്‍ത്തന വൈകല്യത്തെ സ്യൂഡോ-ഡിപ്രഷന്‍ (pseudo-depression)എന്ന് പറയുന്നു. മസ്തിഷ്ക തേയ്മാനം കാരണം ഉണ്ടാകുന്ന മേധാക്ഷയത്തില്‍ നിന്ന് ഈ അവസ്ഥ വേര്‍തിരിച്ചറിയാന്‍ പലപ്പോഴും ബുദ്ധിമുട്ടായിരിക്കും. ഒരു പ്രധാനപ്പെട്ട വ്യത്യാസം അമിതമായ വിഷാദ ചിന്തകള്‍ ഓര്‍മ്മക്കുറവ്‌ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഉണ്ടായിരിക്കും എന്നതാണ്. സ്യൂഡോ ഡിപ്രഷന്‍ ഉള്ളവര്‍ ചോദ്യങ്ങള്‍ക്ക് സാധാരണയായി “എനിക്ക് അറിയില്ല” എന്ന രീതിയിലുള്ള ഉത്തരമായിരിക്കും നല്‍കുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.

3.4 – വിഷാദ രോഗമാപിനികള്‍

വിഷാദരോഗം കണ്ടുപിടിച്ചു കഴിഞ്ഞാല്‍ അതിന്റെ തീവ്രത അളക്കണം. വിഷാദരോഗ നിദാനത്തിന് മാപിനികളില്ല. പരിണിതപ്രജ്ഞാനായ ഒരു മാനസികാരോഗ്യ പ്രവര്‍ത്തകനെ കാണുക എന്നത് തന്നെയാണ് ഉചിതം. എന്നാല്‍ തീവ്രത അളക്കാന്‍ ഒട്ടേറെ അളവുകോലുകള്‍ ഉണ്ട് താനും.വിഷാദരോഗലക്ഷണങ്ങളുടെ തീവ്രത അളക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്നവയാണ് വിഷാദരോഗ മാപിനികള്‍. ചികിത്സകര്‍ക്കും, രോഗമുള്ള വ്യക്തികള്‍ക്കും ഉപയോഗിക്കാവുന്നവയായി പ്രത്യേകം മാപിനികള്‍ ലഭ്യമാണ്.

21 ചോദ്യങ്ങളുള്ള ഹാമില്‍ട്ടണ്‍ ഡിപ്രഷന്‍ റേറ്റിംഗ് സ്കൈല്‍, 10 ഇനങ്ങള്‍ ഉള്ള മോണ്ട്ഗോമെറി ആസ്ബെര്ഗ് ഡിപ്രഷന്‍ റേറ്റിംഗ് സ്കെയിൽ എന്നിവ ചികിത്സകരാല്‍ ഉപയോഗിക്കപ്പെടുന്ന സാധാരണ വിഷാദരോഗ മാപിനികളാണ്.

രോഗികള്‍ക്ക് തന്നെ പൂരിപ്പിക്കാവുന്നവയാണ് മറ്റു ചില മാപിനികള്‍ ഇനി പറയുന്നവയാണ്:

·         ബെക്ക് ഡിപ്രഷന്‍ ഇന്‍വെന്ററി

·         പേഷ്യന്റ് ഹെല്‍ത്ത്‌ ചോദ്യാവലി – 2

·         ജീറിയാട്രിക് ഡിപ്രഷന്‍ ഇന്‍വെന്ററി– (പ്രായമായവര്‍ക്ക് വേണ്ടി)

 

പേഷ്യന്റ് ഹെല്‍ത്ത് ചോദ്യാവലിയെക്കുറിച്ച് ചില കാര്യങ്ങള്‍ ഇതാ:

പേഷ്യന്റ് ഹെല്‍ത്ത്‌ ചോദ്യാവലി – 2

1.       കഴിഞ്ഞ മാസം, നിങ്ങള്‍ എപ്പോഴെങ്കിലും നിരാശയാലോ, വിഷാദത്താലോ, മാനസികമായ മന്ദതയാലോ വിഷമിച്ചിട്ടുണ്ടോ?

2.       കഴിഞ്ഞ മാസം, നിങ്ങള്‍ എപ്പോഴെങ്കിലും കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള താല്പ്പര്യക്കുറവ് കൊണ്ട് അല്ലെങ്കില്‍ സന്തോഷമില്ലായ്മയാലോ വിഷമിച്ചിട്ടുണ്ടോ?

ഏതെങ്കിലും ഒരു ചോദ്യത്തിന് നിങ്ങളുടെ ഉത്തരം അതെ എന്നാണെങ്കില്‍ നിങ്ങള്‍ക്ക് വിഷാദരോഗമുണ്ടാകാനുള്ള സാദ്ധ്യത എണ്‍പത് ശതമാനത്തോളം ഉണ്ട് എന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എങ്കില്‍ കൂടുതല്‍ പരിശോധന ആവശ്യമാണ്‌ എന്ന് സാരം.

 

3.5 – വിഷാദരോഗം കാരണം ഉണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍

3.5.1– വിഷാദരോഗം – സങ്കീര്‍ണ്ണതകള്‍

മനോരോഗ ചികിത്സാ വിഭാഗത്തിലെ ജലദോഷം എന്നും സാധാരണ മനോരോഗങ്ങളില്‍ ഒന്ന് എന്നുമാണ് അറിയപ്പെടുന്നത് എങ്കിലും വിഷാദരോഗം സമ്മാനിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് കയ്യും കണക്കുമില്ല.

ആത്മഹത്യയും ആത്മഹത്യാശ്രമങ്ങളും തന്നെയാണ് ഇതില്‍ മുന്‍പന്തിയില്‍. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ശാരീരികരോഗങ്ങള്‍ ആവര്‍ത്തിച്ച് ഉണ്ടാകാനുള്ള സാദ്ധ്യത വിഷാദരോഗം വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. പഠനതടസ്സം, തൊഴില്‍ തടസ്സം, വിവാഹജീവിത പ്രശ്നങ്ങള്‍ എന്നിവയൊക്കെ വിഷാദരോഗം കാരണം ഉണ്ടാകുന്ന ജീവിത പ്രശ്നങ്ങളാണ്. ലഹരിവസ്തുക്കള്‍ ദുരുപയോഗം ചെയ്യുന്ന പലരും ഇത് ചെയ്യാന്‍ കാരണം വൈകാരിക രോഗം – പ്രധാനമായും വിഷാദരോഗവും ബൈപോളാര്‍ രോഗാവസ്ഥയും – ആണ്. ടെലിവിഷന്‍, മൊബൈല്‍ തുടങ്ങിയവയ്ക്ക് അടിമപ്പെട്ട പലരും അതിന്റെ പിന്നില്‍ വിഷാദരോഗം ആണെന്ന് അറിയുന്നില്ല. യാഥാര്‍ത്ഥ്യത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടമായിരിക്കാം പലപ്പോഴും ഇത്തരം മീഡിയ അഡിക്ഷനു കാരണമായി മാറുന്നത് .

വേണ്ട സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഈ പ്രശ്നങ്ങള്‍ ഒക്കെ തന്നെ രോഗമുള്ള വ്യക്തിക്കും, കുടുംബത്തിനും അയാള്‍ ജീവിക്കുന്ന സമൂഹത്തിനും വളരെ വലിയ പൊല്ലാപ്പുകള്‍ ഉണ്ടാക്കിയേക്കാം. ശരിയായ ചികിത്സ ലഭിച്ചാല്‍ പൂര്‍ണ്ണമായും വിഷാദരോഗമുള്ള ഒരു വ്യക്തിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കും എന്നതാണ് നാമറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. വിഷാദരോഗം ഒരു മസ്തിഷ്കരോഗമാണെന്നും അതിനു പിന്നില്‍ ജൈവ, മനശ്ശാസ്ത്ര, സാമൂഹ്യ ഘടകങ്ങള്‍ ഉണ്ടെന്നും ഉള്ള പാഠം നാം മറക്കാതിരുന്നാല്‍ ഒരു പക്ഷെ പലര്‍ക്കും ജീവിതം ഒരു പുതിയ വെളിച്ചത്തിലൂടെ മുന്നോട്ട് കൊണ്ടുപോകാനാകും. ഭക്ഷണം മാറ്റിയും, പൂജയും മന്ത്രവാദവും നടത്തിയും, സമയത്തിനു വിട്ടുകൊടുത്തും, കണ്ണടച്ചിരുന്നും കാലുനീട്ടി നടന്നും ഒന്നും വിഷാദം മാറും എന്ന് കരുതരുത് എന്ന് സാരം. വിഷാദരോഗ ചികിത്സ വിദഗ്ദ്ധനായ ഒരു മാനസികാരോഗ്യ പ്രവര്‍ത്തകന്റെ നിര്‍ദ്ദേശാനുസരണം നടത്തേണ്ട ഒരു പ്രക്രിയയാണ്.


3.5.2 - ആത്മഹത്യ/ ആത്മഹത്യാശ്രമങ്ങള്‍

നമുക്ക് ചുറ്റും സംഭവിക്കുന്ന ആത്മഹത്യകളില്‍ ഏകദേശം 90 ശതമാനത്തിനും പിന്നില്‍ മനോരോഗം എന്ന അപകടമുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചിലര്‍ തനിയേയും മറ്റുള്ളവര്‍ ഉറ്റവര്‍ക്കൊപ്പവും മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു.ലോകാരോഗ്യ സംഘടന കണക്കാക്കുന്നത് ഉദ്ദേശം ലോകത്ത് ഓരോ മിനിട്ടിലും ഓരോ വ്യക്തി ആത്മഹത്യ ചെയ്യുന്നു എന്നാണ്. എല്ലാ മനോരോഗങ്ങളും ആത്മഹത്യയ്ക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എങ്കിലും വിഷാദരോഗവും, ബൈപോളാര്‍ വിഷാദരോഗവും തന്നെയാണ് ഇത്തരം രോഗാവസ്തകളുടെ മുന്‍നിരയില്‍.ആത്മഹത്യയ്ക്ക് കാരണമാകുന്ന മനോരോഗാവസ്ഥകളില്‍ പ്രധാന കാരണം വിഷാദരോഗവും, ആത്മഹത്യാശ്രമത്തിന് കാരണമാകുന്ന പ്രധാന കാരണം പൊരുത്തപ്പെടല്‍ രോഗവുമാണ്(Adjustment Disorder).

ഏതു പ്രായത്തിലും ആത്മഹത്യകള്‍ സംഭവിക്കാം. എങ്കിലും 15-24 വയസ്സിലും 65 വയസ്സിനു മുകളിലുമാണ് ഏറ്റവും കൂടുതല്‍ അപകട സാദ്ധ്യത.

ഭാരതത്തിലെ മരണങ്ങളുടെ പ്രധാനപ്പെട്ട കാരണങ്ങള്‍ അന്വേഷിച്ചാല്‍ അതിലൊന്ന് ആത്മഹത്യ തന്നെയാണ്. പൂര്ത്തിയാക്കപ്പെടുന്ന ഓരോ ആത്മഹത്യയ്ക്കും പിന്നില്‍ 10 മുതല്‍ 20 വരെ ആത്മഹത്യാശ്രമങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.

മനോരോഗചികിത്സകര്‍ നേരിടേണ്ടി വരുന്ന വിഷാദരോഗത്തിന്‍റെ ഒരു സങ്കീര്‍ണ്ണതയാണ് ആത്മഹത്യകളും ആത്മഹത്യാ ശ്രമങ്ങളും. പൊതുവേയുള്ള ആത്മഹത്യാ നിരക്കില്‍ കുറച്ചൊക്കെ കുറവ് കണ്ടു വിരുന്നുണ്ടെങ്കിലും യുവാക്കളിലെ ആത്മഹത്യാനിരക്ക് വര്‍ദ്ധിക്കുന്നുവെന്നാണ് 2016-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.ദേശീയ ശാരാശരിയുടെ ഇരട്ടിയിലേറെയാണ് ഇപ്പോഴും നമ്മുടെ നാട്ടിലെ ആത്മഹത്യാ നിരക്ക്. ഒറ്റപ്പെടലും,സാമ്പത്തിക കാരണങ്ങളും, പ്രണയ നൈരാശ്യവും ഒക്കെ കാരണങ്ങളായി സാമൂഹ്യശാസ്ത്രജ്ഞരും മാനസികാരോഗ്യ പ്രവര്‍ത്തകരും ഒക്കെ പറയുന്നു എങ്കിലും ആത്മഹത്യ എന്നാ മസ്തിഷ്ക പ്രതിഭാസം നമ്മുടെ നാട്ടില്‍ ഇനിയും വേണ്ടത്ര ഗവേഷണം ചെയ്യപ്പെട്ടിട്ടില്ല.

ആത്മഹത്യ ഒരു മസ്തിഷ്ക പ്രതിഭാസം തന്നെയാണ് എന്നതിന് ഇന്ന് തെളിവുകളുണ്ട്. മസ്തിഷ്കത്തിന്റെ കര്‍മ്മങ്ങളായ ശ്രദ്ധ, ഏകാഗ്രത, തുടങ്ങിയ എക്സിക്യൂട്ടീവ് കര്‍മ്മങ്ങളുടെ അപാകത ആത്മഹത്യാശ്രമം നടത്തുന്നവരില്‍ ഏറെ ശ്രദ്ധേയമായ രീതിയില്‍ കണ്ടെത്തപ്പെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ അമിഗ്ഡല എന്ന വൈകാരിക നിയന്ത്രണ ഭാഗവും ആത്മഹത്യയുമായും ഉള്ള ബന്ധങ്ങള്‍ ഗവേഷണം ചെയ്യപ്പെടുന്നുണ്ട്.വിഷാദരോഗവും, ലഹരി ഉപയോഗവും ഒക്കെ ആ മസ്തിഷ്കപ്രതിഭാസത്തിന് ആക്കം കൂട്ടുന്ന അപകട സാദ്ധ്യതകളും.  ഈ അവസരത്തില്‍ ആത്മഹത്യകളെക്കുറിച്ച് നാം അറിയേണ്ട ചില മിഥ്യാധാരണകളും വസ്തുതകളും  ഒന്ന് സൂചിപ്പിക്കുന്നത് അനവസരത്തിലാകില്ല എന്ന് കരുതുന്നു.

മിഥ്യാധാരണകള്‍

1.       ആത്മഹത്യയെക്കുറിച്ച് എപ്പോഴും സംസാരിക്കുന്നവരും സൂചന നല്‍കുന്നവരും അത് ചെയ്യാറില്ല.

2.       ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയാണ് പലരും ആത്മഹത്യാശ്രമം നടത്തുന്നത്

3.       ആത്മഹത്യാശ്രമം നടത്തുന്ന എല്ലാവർക്കും മനോരോഗങ്ങള്‍ ഉണ്ട്

4.       ഒരാള്‍ ആത്മഹത്യാ ശ്രമം നടത്താന്‍ തീരുമാനിച്ചാല്‍ അതില്‍ നിന്ന് അയാളെ പിന്തിരിപ്പിക്കാന്‍ സാദ്ധ്യമല്ല

5.       ഒരിക്കല്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നയാല്‍ എല്ലായ്പ്പോഴും മരിക്കുന്നത് ആത്മഹത്യാ ശ്രമത്തിലൂടെ തന്നെ ആയിരിക്കും

6.       ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ മനസ്സിന് കട്ടി കുറഞ്ഞവരാണ്

7.       ഒരിക്കല്‍ മാനസിക സംഘര്‍ഷത്തെ മറികടന്നാല്‍ പിന്നീട് ആത്മഹത്യയ്ക്ക് സാദ്ധ്യതയില്ല

8.       ആത്മഹത്യ ചികിത്സിക്കേണ്ട ഒരു മാനസിക രോഗമാണ്

ഇവയൊക്കെ ആത്മഹത്യയെക്കുറിച്ചുള്ള തെറ്റായ ധാരണകളാണ്.ശരിയായ ചില വസ്തുതകള്‍ എന്തൊക്കെ ആണെന്ന് നോക്കാം:

ആത്മഹത്യയിലേക്ക് നടക്കുന്ന മനുഷ്യനെ രക്ഷിക്കാന്‍ നമുക്ക് ഒട്ടേറെ ക്രിട്ടിക്കല്‍ പോയിന്‍റുകള്‍ ഉണ്ട്. കണ്ണും കാതും തുറന്നിരുന്നാല്‍ പലപ്പോഴും നമുക്കിത് കാണാനാകും.മരണം ഇഷ്ടപ്പെടുന്ന നിമിഷം മുതല്‍ ജീവന്‍ കളയാനുള്ള ശ്രമം തുടങ്ങുന്നത് വരെ ആത്മഹത്യാശ്രമത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നമുക്ക് ഒരു മനുഷ്യന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിയും. അതിനുള്ള ശ്രമങ്ങള്‍ വരേണ്ടത് മാനസികാരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് മാത്രമല്ല മറിച്ച് സമൂഹത്തിലെ ഓരോ വ്യക്തിയില്‍ നിന്നുമാണ്.

1.       ഭൂരിപക്ഷം ആളുകളും ആത്മഹത്യയ്ക്ക് മുന്‍പ് സൂചനകള്‍ നല്‍കുന്നു

2.       ഈ സൂചനകള്‍ പലപ്പോഴും തിരിച്ചറിയപ്പെടാറില്ല

3.       ആത്മഹത്യക്ക് മുൻപ് നല്‍കുന്ന സൂചനകള്‍ സഹായത്തിനു വേണ്ടിയുള്ള മുറവിളിയാണ്

4.       സാമൂഹിക ബന്ധങ്ങളിലും വ്യക്തി ബന്ധങ്ങളിലുമുള്ള വിള്ളലുകള്‍ ആത്മഹത്യക്ക് വഴി തെളിക്കുന്നു. മസ്തിഷ്കപരമായി ആത്മഹത്യാ പ്രവണത ഉള്ളവരില്‍ പ്രത്യേകിച്ചും

5.       ആവര്‍ത്തിച്ചുള്ള ആത്മഹത്യാപ്രവണത വ്യക്തിത്വ വൈകല്യത്തിന്റെ ലക്ഷണമാണ്.

6.       മുന്‍പ് ആത്മഹത്യാശ്രമം നടത്തിയിട്ടുള്ള ഒരു വ്യക്തി ഭാവിയില്‍ അത് ചെയ്യാനുള്ള സാദ്ധ്യത ഗൗരവത്തോടെ കാണണം.

7. മനോവേദനകളാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്.

8.ആത്മഹത്യകളും ആത്മഹത്യാ ശ്രമങ്ങളും സാമൂഹ്യ കാരണങ്ങള്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്ന മസ്തിഷ്ക പ്രതിഭാസം തന്നെയാണ്.


ആത്മഹത്യാശ്രമം - മനസ്സില്‍ ട്യൂബ് ലൈറ്റ് കത്തേണ്ടതെപ്പോള്‍?

1.       മാനസികാരോഗ്യ പ്രശ്നം ഉള്ള ആളാണോ?

2.       മുൻപ് ആത്മഹത്യാശ്രമം നടത്തിയിട്ടുള്ള ആളാണോ?

3.       കുടുംബത്തില്‍ ആരെങ്കിലും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടോ?

4.       അടുത്തകാലത്ത് ഏതെങ്കിലും സുഹൃത്ത് അല്ലെങ്കില്‍ അയല്‍വാസി ആത്മഹത്യ ചെയ്തിട്ടുണ്ടോ?

5.       മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെട്ടു നില്‍ക്കുന്ന സ്വഭാവം അടുത്തിടെ ഉണ്ടോ?

6.       ഇടയ്ക്കിടെ ജീവിതത്തെക്കുറിച്ച് നിരാശയോടെ സംസാരിക്കുന്നുണ്ടോ?

7.       പ്രതീക്ഷകള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് വീണ്ടും വീണ്ടും സംസാരിക്കുന്നുണ്ടോ?

8.       യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ഒരു പെരുമാറ്റ രീതി അടുത്തിടയായി ഉണ്ടോ?

9.       സ്വന്തമെന്നു കരുതിയിരുന്നതെല്ലാം മറ്റുള്ളവര്‍ക്ക് നല്‍കുന്ന ഒരു പ്രവണത അടുത്തിടെ ഉണ്ടോ?

10.   ജീവിത രീതികളില്‍ അടുത്ത കാലത്ത് പ്രതീക്ഷയ്ക്ക് വിരുദ്ധമായ മാറ്റങ്ങള്‍ പെട്ടെന്ന് വന്നിട്ടുണ്ടോ?

ഇതൊക്കെ ചില സൂചനകള്‍ മാത്രം. പക്ഷെ സഹായകമായേക്കാം.

വ്യക്തി – ആത്മഹത്യ – കുടുംബം – സമൂഹം

ആത്മഹത്യക്ക് ശ്രമിക്കുന്ന വ്യക്തി പലപ്പോഴും അയാളുടെ കാലശേഷം കുടുംബാംഗങ്ങള്‍ക്ക് കുറച്ച് കൂടി നല്ല ജീവിതം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എങ്കിലും അയാളുടെ കുടുംബാംഗങ്ങള്‍ക്ക് അതികഠിനമായ അഗ്നി പരീക്ഷകളാണ് നേരിടേണ്ടി വരുന്നത്. ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന വ്യക്തി താന്‍ ആര്‍ക്കും വേണ്ടാത്തവനാണെന്നും തന്റെ ജീവിതം ഉപയോഗ്യ ശൂന്യമാണെന്നും തനിക്ക് ഭാവിയില്‍ ഇനി നല്ലതായി ഒന്നും പ്രതീക്ഷിക്കാന്‍ ഇല്ലെന്നും കരുതുന്നു. പക്ഷെ അയാളുടെ ബന്ധുക്കള്‍ക്ക് ദുഃഖം, കുറ്റബോധം, ദേഷ്യം, പശ്ചാത്താപം, ആശയക്കുഴപ്പം, സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടല്‍ തുടങ്ങിയ നിരവധി അസ്വസ്ഥതകള്‍ പേറേണ്ടി വരുന്നു. താന്‍ വളരെയേറെ സ്നേഹിച്ചിരുന്ന വ്യക്തി തന്നെ തനിച്ചാക്കി ആത്മഹത്യയിലേക്ക് നീങ്ങിയത് തങ്ങളുടെ  ജീവിതത്തിന്‍റെ പരാജയമായിട്ടാണ് പലരും കാണുക. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുവാനും മറ്റുള്ളവരെ വിശ്വാസത്തില്‍ എടുത്ത് പിന്നീട് മുന്നോട്ടുള്ള ജീവിതം കെട്ടിപ്പടുക്കുവാനും അവര്‍ക്ക് പലപ്പോഴും കഴിയാതെ വരുന്നു.

ആത്മഹത്യ – നമുക്ക് എന്ത് ചെയ്യാനാകും

ആത്മഹത്യാശ്രമത്തിന് ചികിത്സയുണ്ടോ എന്നത് പലരും ചോദിക്കാറുള്ള ചോദ്യമാണ്. ആത്മഹത്യ ഒരു രോഗമല്ല. മറിച്ച് മാനസികാരോഗ്യമില്ലായ്മയുടെ ലക്ഷണം മാത്രമാണ്. കാര്യ-കാരണങ്ങള്‍ വിവിധങ്ങളായത് കൊണ്ട് ചികിത്സയും വ്യക്തിഗതമായി മാനസികതലങ്ങളെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ളത് ആയിരിക്കണം. ഔഷധങ്ങള്‍ക്കും, മന:ശ്ശാസ്ത്ര ചികിത്സയ്ക്കും സാമൂഹ്യാധിഷ്ടിത ചികിത്സകള്‍ക്കും ഒട്ടേറെ പ്രാധാന്യമുണ്ട്. ആത്മഹത്യാപ്രവണത ഉള്ളവരും ആത്മഹത്യാശ്രമം നടത്തിയിട്ടുള്ളവരും ചികിത്സയിലൂടെയും വിദഗ്ധ സഹായത്തിലൂടെയും ജീവിതത്തിലേക്ക് തിരിച്ചു വന്ന സംഭവങ്ങള്‍ നിരവധിയാണ്. ആത്മഹത്യ കുറയ്ക്കാന്‍ മരുന്നില്ല, എന്നാല്‍ ആത്മഹത്യാശ്രമം നടത്താന്‍ പ്രേരിപ്പിക്കുന്ന മനോരോഗങ്ങള്‍ക്ക് മരുന്നുണ്ട് എന്നതാണ് ഇന്ന് നാം മനസ്സിലാക്കേണ്ട സത്യം. മരണം ഉള്ളിലേക്ക് കയറി പിടിമുറുക്കും മുന്‍പ് ഒന്ന് ചിന്തിച്ചാല്‍, അത് ജീവിതത്തില്‍ – സ്വന്തം ജീവിതത്തിലും സ്വന്തപ്പെട്ടവരുടെ ജീവിതത്തിലും – കുളിര്‍മ്മ നിറയ്ക്കാന്‍ കഴിയുന്ന മറ്റൊരു വസന്തകാലത്തിലേക്കുള്ള വഴി തുറന്നേക്കാം.

നിങ്ങളുടെ ഒരു സുഹൃത്ത് ഇത്തരം ചിന്തകള്‍ പ്രകടിപ്പിക്കുന്നുണ്ടോ? എങ്കില്‍ അയാളോടൊപ്പം ഇരുന്നു അയാള്‍ക്ക് പറയാനുള്ളത് ഒന്ന് കേള്‍ക്കുക. നല്ല ഒരു വാക്ക്,നല്ല ഒരു സ്പര്‍ശം, നല്ല ഒരു ചിരി – ഇതിനു ചിലപ്പോള്‍ ഒരു ജീവിതം തിരികെ നല്കാനായേക്കാം

ഇനി അടുത്ത മോഡ്യൂളില്‍...



Complete and Continue  
Discussion

5 comments