Module-2 Malayalam


മൊഡ്യൂൾ രണ്ട് 


എച്ച്. ഐ.വി ബാധിതരിൽ കാണുന്ന ലക്ഷണങ്ങൾ, നിർണയ പരിശോധനകൾ, തുടർപരിശോധനകൾ തുടങ്ങിയവയാണ് ഈ രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

എച്ച്.ഐ.വി പരിശോധന നടത്തേണ്ടതെപ്പോൾ 

1 ) എച്ച്.ഐ.വി അണുബാധയുടെ ലക്ഷണങ്ങൾ കാണുമ്പോൾ 

2 ) എല്ലാ ഗർഭിണികളിലും, ഗർഭാവസ്ഥയിൽ നിർബന്ധമായും എച്ച്.ഐ.വി പരിശോധന നടത്തേണ്ടതുണ്ട്. അമ്മയിൽ നിന്നും കുഞ്ഞിലേക്ക്‌ എച്ച്.ഐ.വി പകരുന്നത് തടയാനുള്ള മരുന്നുകൾ ഇന്ന് ലഭ്യമായതു കൊണ്ട്, ഇതിന് ഏറെ പ്രാധാന്യമുണ്ട്. 

3 ) ക്ഷയരോഗം സ്ഥിരീകരിച്ച എല്ലാ രോഗികളും നിർബന്ധമായും എച്ച്.ഐ.വി പരിശോധിക്കണം. എച്ച്.ഐ.വി ബാധിതരിൽ ക്ഷയം സാധാരണയായി കാണാറുള്ളത് കൊണ്ടാണിത്​. പലരിലും ക്ഷയം കണ്ടുപിടിക്കുന്നതോടെ കൂടിയാണ് എച്ച്.ഐ.വിയും കണ്ടുപിടിക്കാറുള്ളത്. 

4 ) രക്തദാനത്തിന് മുൻപ്: രക്തം നൽകാൻ സന്നദ്ധരായി വരുന്ന വ്യക്തികളുടെ രക്തസാമ്പിളുകൾ എച്ച്.ഐ.വി പരിശോധനക്ക് വിധേയമാക്കാറുണ്ട്. പോസിറ്റിവ് ആണെങ്കിൽ സ്വകാര്യത നിലനിർത്തിക്കൊണ്ട് തന്നെ പ്രസ്തുത രക്തദാതാവിനെ അണുബാധയുടെ വിവരം രക്തബാങ്ക് അറിയിക്കും. അത്തരം രക്തം സുരക്ഷിതമായി നശിപ്പിക്കുകയും ചെയ്യും. മിക്ക ശസ്ത്രക്രിയകൾക്കും മുൻപും എച്ച്.ഐ.വി പരിശോധന ഡോക്ടർമാർ നിർദ്ദേശിച്ചു കാണാറുണ്ട്. 

5 ) സ്വമേധയാ എച്ച്.ഐ.വി പരിശോധനക്ക് വിധേയമാകുന്നവരുണ്ട്. നേരത്തെ അണുബാധ കണ്ടുപിടിക്കുന്നതിനും ശരിയായ ചികിത്സയിലൂടെ ദീർഘകാലം ആരോഗ്യത്തോടെ ഇരിക്കുവാനും ഇത് സഹായിക്കുമെന്നത് കൊണ്ട് തന്നെ, പ്രോത്സാഹിപ്പിക്കേണ്ട ഒരു പ്രവണതയാണിത്. വിവാഹത്തിന് മുൻപായോ, പതിവായുള്ള വൈദ്യപരിശോധനയോടൊപ്പമോ എച്ച്.ഐ.വി പരിശോധന നടത്താവുന്നതാണ്.

എച്ച്.ഐ.വി പരിശോധന എവിടെ നടത്താം 

സർക്കാർ ആശുപത്രിയിൽ, സൗജന്യമായി എച്ച്.ഐ.വി പരിശോധന നടത്തുന്ന കേന്ദ്രങ്ങളുണ്ട്. ഐ.സി.ടി.സി (Integrated Counselling and Testing Centre ) അഥവാ ‘ജ്യോതിസ്സ്’ കേന്ദ്രങ്ങൾ താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും പ്രവർത്തിക്കുന്നു. പരിശോധനക്ക് മുൻപും പിൻപും കൗൺസലിങ്ങും സംശയനിവാരണത്തിനുള്ള അവസരവും ഇവിടെ ലഭ്യമാണ്. പരിശോധനക്ക് വിധേയരാകുന്ന വ്യക്തിയുടെ വിവരങ്ങളും പരിശോധനാ ഫലവും സ്വകാര്യമായി തന്നെ ഇവിടെ സൂക്ഷിക്കുന്നു. സ്വകാര്യ ലാബുകളിലും എച്ച്.ഐ.വി പരിശോധന നടത്താവുന്നതാണ്. 

എച്ച്.ഐ.വി അണുബാധയുടെ ലക്ഷണങ്ങൾ 

മുൻപ് പറഞ്ഞത് പോലെ, വർഷങ്ങളോളം ബാഹ്യലക്ഷണങ്ങളൊന്നുമില്ലാതെ എച്ച്.ഐ.വി ബാധിതർ തുടർന്നേക്കാം. ശരീരത്തിൽ പലയിടത്തും കഴല വീക്കം ( generalised lymphadenopathy) മാത്രമായിരിക്കാം ഈ വർഷങ്ങളിൽ ചിലരുടെ ലക്ഷണം. 

തൊലിപ്പുറത്തു മാറാതെ വരുന്ന ചിലതരം ചൊറിച്ചിലുകൾ, കൊതുകോ മറ്റു പ്രാണികളോ കടിക്കുമ്പോൾ സാധാരണയിലധികം നിറയെ പാടുകളും ചൊറിച്ചിലുകളും വരുന്നത് (exaggerated insect bite reaction ) എച്ച്.ഐ.വി അണുബാധയുടെ ലക്ഷണമാകാം. ഇടയ്ക്കിടെ വരുന്ന ഞരമ്പ് പൊട്ടി (herpes zoster), വായിലെ പൂപ്പൽ ( oral candidiasis) എന്നിവയും രോഗ പ്രതിരോധശേഷീക്ഷയത്തി​െൻറ ഫലമായി കാണാറുണ്ട്. ഈ ലക്ഷണങ്ങൾ ലോകാരോഗ്യ സംഘടനയുടെ പട്ടിക പ്രകാരം രണ്ടാമത്തെ സ്റ്റേജ് (WHO stage II ) ആയി പരിഗണിക്കപ്പെടും. 

ശരീരം തീരെ ശോഷിച്ച അവസ്ഥ ( HIV wasting syndrome), PCP പോലുള്ള ശ്വാസകോശ അണുബാധ, അന്നനാളത്തിലെ പൂപ്പൽ ബാധ, തലച്ചോറിനെ ബാധിക്കുന്ന വിവിധ തരം അണുബാധകൾ ( toxoplasmosis, TB meningitis), ഗർഭാശയ മുഖത്തി​െൻറ അർബുദം (Cervical Cancer ), ലിംഫോമ പോലുള്ള അർബുദങ്ങൾ,കണ്ണി ൻ്റെ  ഉള്ളിലെ പടലത്തെ ബാധിക്കുന്ന ചില വൈറൽ അണുബാധകൾ ( CMV retinitis) എന്നിവ നാലാമത്തെ ഘട്ടമായി കണക്കാക്കുന്നു. ഈ ലക്ഷണങ്ങൾ കണ്ടാൽ എച്ച്.ഐ.വി പരിശോധന നടത്തേണ്ടതും, പോസിറ്റിവ് ഫലം കിട്ടുന്ന പക്ഷം ചികിത്സ ആരംഭിക്കേണ്ടതുമാണ്. 

നിർണയ പരിശോധനകൾ 

എച്ച്.ഐ.വി അണുബാധ കണ്ടെത്താൻ സാധാരണയായി എച്ച്.ഐ.വി എലൈസാ (ELISA ) പരിശോധനയാണ് ഉപയോഗിക്കുന്നത്. എച്ച്.ഐ.വിക്കെതിരെ മനുഷ്യശരീരം ഉത്പാദിപ്പിക്കുന്ന ആൻറിബോഡീസ് ( Anti HIV antibodies ) രക്തത്തിലുണ്ടോ എന്നാണ് ഈ പരിശോധനയിൽ നോക്കുന്നത്. എച്ച്.ഐ.വി പകർന്നു കിട്ടിയിട്ട് പത്തു ദിവസം മുതൽ മൂന്നുമാസം വരെ, എലൈസാ പരിശോധനക്ക് കണ്ടുപിടിക്കാൻ വേണ്ടത്രയളവിൽ, ആൻറിബോഡീസ് രക്തത്തിൽ ഉണ്ടായിട്ടുണ്ടാകണമെന്നില്ല. ഇങ്ങനെ, എച്ച്.ഐ.വി അണുബാധയുണ്ടായിട്ടും, പരിശോധനാഫലം നെഗറ്റിവ് ആകുന്ന കാലയളവിനെയാണ് വിൻഡോ പിരീഡ് എന്ന് പറയുന്നത്. ഈ കാലയളവിലും പ്രസ്തുത എച്ച്.ഐ.വി ബാധിതരിൽ നിന്നും അണുബാധ പകരാൻ സാധ്യതയുണ്ട്. വെസ്റ്റേൺ ബ്ലോട്ട് ( WESTERN BLOT ) എന്ന പരിശോധനയാണ് എലൈസ പരിശോധനയിൽ സംശയകരമായ ഫലം കിട്ടുമ്പോൾ ഉപയോഗിക്കുന്ന സ്ഥിരീകരണ പരിശോധന. 

എച്ച്.ഐ.വി യുടെ ജനിതക വസ്തു ( RNA ) രക്തത്തിൽ കണ്ടെത്താനുള്ള, പി.സി.ആർ (Polymerase chain reaction) സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധനകൾ ഇന്ന് ലഭ്യമാണ്. ഒന്നരവയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിൽ, എലൈസ പരിശോധന വഴി കൃത്യമായ ഫലം ലഭിക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട്, പി.സി.ആർ പരിശോധനയാണ് അണുബാധാനിർണയത്തിന് ഉപയോഗിക്കുന്നത്. NAAT ( Nucleic acid amplification test) ഉപയോഗിച്ച് വളരെ നേരത്തെ തന്നെ എച്ച്.ഐ.വി അണുബാധ കണ്ടുപിടിക്കാൻ സാധിക്കും. എച്ച്.ഐ.വി ശരീരത്തിൽ പ്രവേശിച്ച് ഏഴു മുതൽ 15 ദിവസത്തിനിടയിൽ തന്നെ വൈറസിനെ തിരിച്ചറിയാവുന്ന സംവിധാനമാണിത്. വിൻഡോ പിരീഡ് മൂന്നുമാസത്തിൽ നിന്നും ഒരാഴ്ച വരെ പോലും കുറക്കുവാൻ ഈ നൂതന സാങ്കേതിക വിദ്യയിലൂടെ സാധ്യമാണ്. 


  എച്ച്.ഐ.വി ബാധിതരിൽ നടത്തേണ്ട പരിശോധനകൾ 

രണ്ടു രീതിയിലാണ് എച്ച്.ഐ.വി ശരീരത്തെ എത്രത്തോളം ബാധിച്ചു എന്ന് തിട്ടപ്പെടുത്തുന്നത്. എച്ച്.ഐ.വി വൈറൽ ലോഡ് പരിശോധന മുഖേനയോ CD 4 പരിശോധന മുഖേനയോ 

* എച്ച്.ഐ.വി വൈറൽ ലോഡ് ( HIV viral load ) പരിശോധനയിലൂടെ ഒരു മില്ലിലിറ്റർ രക്തത്തിൽ എത്ര വൈറസുണ്ടെന്ന് (Viral copies/ ml) ഏകദേശം തിട്ടപ്പെടുത്താൻ സാധിക്കും. കൃത്യമായ ചികിത്സ എടുക്കുന്നവർക്ക് വൈറൽ ലോഡ്, കണ്ടുപിടിക്കാവുന്നതിലും താഴെയായിരിക്കും ( < 50 copies/ ml ). ചികിത്സ പരാജയപ്പെടുന്ന അവസരത്തിൽ ആയിരം മുതൽ ലക്ഷക്കണക്കിന് വരെ വൈറസുകൾ രക്ത പരിശോധനാ ഫലത്തിൽ ഉണ്ടാകും.

CD 4 പരിശോധന 

പലവിധ രോഗാണുക്കളെ പ്രതിരോധിക്കുന്നതിനായി ഒരു പ്രതിരോധ വ്യവസ്ഥ മനുഷ്യശരീരത്തിലുണ്ട്. ഈ വ്യവസ്ഥയിലെ ഒരു പ്രധാന ഘടകമാണ് ലിംഫോസൈറ്റ്സ് (lymphocytes) എന്ന കോശങ്ങൾ. ഇവയിൽ 'T cells' എന്ന ലിംഫോസൈറ്റുകളെയാണ് എച്ച്.ഐ.വി ലക്ഷ്യമാക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഇതിലെ CD 4 എന്ന ഘടകമാണ് എച്ച്.ഐ.വി ആക്രമിക്കുന്നത്. അതുകൊണ്ടു തന്നെ രക്തത്തിലെ CD 4 അളവ് പരിശോധിക്കുന്നത് വഴി, ശരീരത്തിൻ്റെ പ്രതിരോധ ശേഷിയെ എച്ച്.ഐ.വി എത്രത്തോളം ബാധിച്ചു എന്ന് പരോക്ഷമായി കണ്ടെത്താം. ആരോഗ്യമുള്ള വ്യക്തികളിൽ CD 4 ​െൻറ അളവ് ( CD 4 Count ) 800 മുതൽ 1200 വരെ ഉണ്ടാകും. എച്ച്.ഐ.വി അണുബാധയുണ്ടായ ആദ്യ വർഷങ്ങളിൽ CD 4 എണ്ണൂറിനു മുകളിലുണ്ടാകും. പിന്നീട് എച്ച്.ഐ.വി പെരുകുന്നതോടെ, CD 4 തോത് കുറയും. നൂറിലും അമ്പതിലും താ​ഴെ  പോകുമ്പോഴാണ് നാലാം സ്റ്റേജിലെ രോഗങ്ങൾ കണ്ടു തുടങ്ങുക. 

മറ്റു പരിശോധനകൾ 

* ക്ഷയരോഗ നിർണയം - ആദ്യമായി  എച്ച്.ഐ.വികണ്ടുപിടിക്കുന്നവരിൽ ക്ഷയത്തിൻ്റെ ലക്ഷണങ്ങൾ ഉണ്ടോയെന്ന് വിശദമായി പരിശോധിക്കണം. എച്ച്.ഐ.വി അനുബന്ധ പ്രതിരോധശേഷീ ക്ഷയത്തി​െൻറ ഭാഗമായാണ് ക്ഷയം ഉണ്ടാകുന്നത്. കഫ പരിശോധന, ശരീരത്തിൽ കഴലകളോ, മുഴകളോ ഉണ്ടെങ്കിൽ, കുത്തിയെടുക്കാനുള്ള പരിശോധന (FNAC ), വയറി​െൻറ​യോ തലച്ചോറി​ൻ്റെയോ സ്കാനിംഗ്‌ തുടങ്ങിയവ വേണ്ടിവന്നേക്കാം.

* പ്രാഥമികമായ എല്ലാ പരിശോധനകളും എച്ച്.ഐ.വി ബാധിതർക്ക് ആദ്യം ചെയ്യേണ്ടതുണ്ട്. വിളർച്ച (ഹീമോഗ്ലോബിൻ കുറവ്) വളരെ സാധാരണയായി എച്ച്.ഐ.വി ബാധിതരിൽ കാണാറുണ്ട്. നീണ്ടു നിൽക്കുന്ന എച്ച്.ഐ.വി, ഹൃദയത്തെയും വൃക്കകളെയും ബാധിക്കാം. അതിനാൽ വൃക്കയുടെ പ്രവർത്തനം നിർണയിക്കാനുള്ള RFT പരിശോധനയും ആവശ്യമായി വരാം.


അടുത്ത ഭാഗത്തിൽ എച്ച്.ഐ.വി-ചികിത്സ, മരുന്നുകൾ, തുടർ പരിചരണം എന്നിവയെ കുറിച്ച് വിശദമായി എഴുതാം. 


Complete and Continue  
Discussion

0 comments