Module-3 Malayalam


എച്ച്.ഐ.വി ഭാഗം മൂന്ന് 


എച്ച്.ഐ.വി ബാധിതർക്ക് ലഭിക്കേണ്ട ചികിത്സ, എച്ച്.ഐ.വിക്കെതിരെ ഉപയോഗിക്കുന്ന മരുന്നുകൾ, തുടർചികിത്സ തുടങ്ങിയവയാണ് മൂന്നാം ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

എച്ച്.ഐ.വിക്കു ഉള്ള ചികിത്സ എപ്പോൾ? 

അണുബാധ കണ്ടുപിടിച്ച അതെ ദിവസം തന്നെ തുടങ്ങേണ്ട ഒരു ചികിത്സയല്ല എച്ച്.ഐ.വിക്കുള്ളത്. ഒരത്യാഹിത വിഭാഗത്തിൽ വെച്ചോ, വേണ്ട മുന്നൊരുക്കമില്ലാതെയോ എച്ച്.ഐ.വി മരുന്നുകൾ തുടങ്ങേണ്ട ആവശ്യമില്ല. ക്ഷയം പോലുള്ള രോഗങ്ങൾ ഉണ്ടെങ്കിൽ, അതിനുള്ള ചികിത്സ തുടങ്ങിയതിനു ശേഷമേ, എച്ച്.ഐ.വി ക്കു മരുന്നുകൾ തുടങ്ങുവാൻ പാടുള്ളൂ. കൃത്യസമയത്ത്, ദിവസവും മുടങ്ങാതെ, തുടർച്ചയായി കഴിക്കേണ്ട മരുന്നുകളാണ് എച്ച്.ഐ.വിക്ക്​ ഉപയോഗിക്കുന്നത്. ഇതുകൊണ്ടു തന്നെ, മാനസിക മുന്നൊരുക്കവും കൗൺസലിങ്ങും മരുന്നുകൾ തുടങ്ങുന്നതിനു മുൻപായി, എച്ച്.ഐ.വി ബാധിതർക്കു നിർബന്ധമായും നൽകിയിരിക്കണം. ഒരു ദിവസം പോലും മുടങ്ങാതെ മരുന്നുകൾ കഴിക്കാനുള്ള നിശ്ചയദാർഢ്യം, ചികിത്സ സ്വീകരിക്കുന്ന വ്യക്തിക്കുണ്ടാകണം. 24 മണിക്കൂറും രക്തത്തിൽ എച്ച്.ഐ.വി മരുന്നുകൾ കൃത്യമായി നിൽക്കുന്നപക്ഷം, എച്ച്.ഐ.വി ക്ക് ശരീരത്തിൽ നിയന്ത്രണാതീതമായി പെരുകാൻ സാധിക്കില്ല.

എല്ലാ ദിവസവും, ഒരേ സമയത്തു കഴിക്കേണ്ട ഒരൊറ്റ ഗുളിക മതി ഇന്ന് എച്ച്.ഐ.വി യുടെ അണുബാധയെ നിയന്ത്രണവിധേയമാക്കാൻ. നിലവിൽ ചികിത്സക്ക് സാധാരണയായി ഉപയോഗിക്കുന്നത് ടിനോഫോവിർ, ലാമിവുഡിൻ, ഇഫാവിറൻസ് ( Tenofovir , Lamivudine/Emtricitabine, efavirenz) എന്നീ മൂന്നു മരുന്നുകൾ സംയോജിപ്പിച്ച ഒരൊറ്റ ഗുളികയാണ്. 

എച്ച്.ഐ.വി ചികിത്സക്കുള്ള മരുന്നുകൾ 

പ്രധാനമായും രണ്ടുഗണം മരുന്നുകളാണ് ആദ്യ ഘട്ട ചികിത്സക്ക് ഉപയോഗിക്കുന്നത്. ഒറ്റ -മരുന്നുകൾ ഏറെകാലം ഫലപ്രദമായി എച്ച്.ഐ.വിക്കെതിരെ പ്രവർത്തിക്കുകയില്ല എന്ന് കണ്ടതിനെ തുടർന്നാണ് മൂന്നു ഇനം മരുന്നുകൾ സംയോജിപ്പിച്ചു നൽകുന്നത്. NRTI ( Nucleoside reverse transcriptase inhibitors), NNRTI (Non-nucleoside reverse transcriptase inhibitors ) എന്നീ രണ്ടു ഗണത്തിൽപ്പെട്ട ആന്‍റി വൈറൽ മരുന്നുകളാണ് ആദ്യഘട്ട ചികിത്സക്ക് ഉപയോഗിക്കുന്നത്. ടിനോഫോവിറും ലാമിവുഡിനും NRTI എന്ന ഗണത്തിലും ഇഫാവിറൻസ് NNRTI ഗണത്തിലുംപെടുന്നു. 

രണ്ട് NRTI, ഒരു NNRTI എന്ന തോതിലാണ് സാധാരണ മൂന്നു മരുന്നുകൾ നിർണയിക്കുന്നത്. ഈ രണ്ടു ഗണത്തിൽ, അനേകം മറ്റു മരുന്നുകളുമുണ്ട്. 

എച്ച്.ഐ.വി ബാധിച്ച വ്യക്തിയുടെ ആരോഗ്യസ്ഥിതിയും പരിശോധനാഫലങ്ങളും പരിഗണിച്ചാണ് ഈ ഗണത്തിൽ നിന്ന് ഏതെല്ലാം മരുന്നുകൾ തെരെഞ്ഞെടുക്കണമെന്ന് ഡോക്ടർ തീരുമാനിക്കുന്നത്. തുടർച്ചയായി മരുന്നുകൾ കഴിക്കുന്ന വ്യക്തിയിൽ, മാസങ്ങൾ കൊണ്ട് തന്നെ പ്രകടമായ മാറ്റങ്ങൾ കാണാറുണ്ട്. CD4 തോത് ഉയർന്നു വരികയും, ശരീരഭാരം കൂടുന്നതും സാധാരണയായി കാണാറുണ്ട്. 

രണ്ടാംഘട്ട ചികിത്സ: വർഷങ്ങളോളം ആദ്യഘട്ട ചികിത്സയെടുത്ത വ്യക്തികളിൽ ക്രമേണ ചികിത്സ ഫലിക്കാത്ത സ്ഥിതിവിശേഷത്തിൽ എത്തിച്ചേരാറുണ്ട്. പലപ്പോഴും, പത്തും പതിനഞ്ചും വർഷത്തെ ആദ്യ ഘട്ട ചികിത്സക്ക് ശേഷമാണ് ഇത്​ കണ്ടുവരാറുള്ളത്. ചികിത്സകൊണ്ട്​ കൂടിവന്ന CD4 മെല്ലെ കുറഞ്ഞു വരും.രോഗപ്രതിരോധ ശേഷീ ക്ഷയത്തി​​ൻ്റെ ഭാഗമായ അസുഖങ്ങൾ പലതും വീണ്ടുംവന്നു തുടങ്ങും. 'ആദ്യഘട്ട ചികിത്സ പരാജയം' ( 1st line treatment failure ) എന്നാണ് ഇതിനെ വിളിക്കുന്നത്. പല കാരണങ്ങൾ കൊണ്ടിങ്ങനെ വരാം. ദിവസേനയുള്ള മരുന്ന് മുടങ്ങിയാൽ, രക്​തത്തിൽ മരുന്നി​ൻ്റെ  അളവ് കുറയും. എച്ച്.ഐ.വി ശക്തി പ്രാപിക്കുകയും ചെയ്യും. ഇത് ക്രമേണ, മരുന്നിനെതിരെ ചെറുത്ത് നിൽക്കാനുള്ള കഴിവ് എച്ച്.ഐ.വിക്കു നൽകും. ഇങ്ങനെ ചെറുത്തു നിൽക്കാൻ കഴിവുള്ള വൈറസ്, മരുന്ന് കൃത്യമായി കഴിക്കാത്ത വ്യക്തിയിൽ നിന്നും, മറ്റൊരാൾക്ക് പകർന്നാൽ, ആ വ്യക്തിക്കും വളരെ നേരത്തെ തന്നെ ആദ്യ ഘട്ട ചികിത്സാപരാജയം ഉണ്ടാകാം. ഇക്കാരണത്താലാണ്, മരുന്നുകൾ കൃത്യമായി കഴിക്കേണ്ടതാണെന്ന്, ഡോക്ടറും കൗൺസലർമാരും അടങ്ങുന്ന ചികിത്സാസംഘം എച്ച്.ഐ.വി ബാധിതരോട് ഊന്നിപ്പറയുന്നത്.

ആദ്യഘട്ട ചികിത്സാപരാജയം പരിശോധനകൾ വഴി ഉറപ്പിക്കേണ്ടതുണ്ട്. എച്ച്.ഐ.വി വൈറൽ ലോഡ് പരിശോധന ചെയ്‌താൽ; ഈ വ്യക്തികളിൽ ഒരു മില്ലിലിറ്ററിൽ ആയിരമോ, ലക്ഷക്കണക്കിനോ വൈറസുകൾ കണ്ടെത്താം. ഇങ്ങനെ ചികിത്സാപരാജയം സ്ഥിരീകരിച്ച വ്യക്തികളിൽ രണ്ടാം ഘട്ട മരുന്നുകൾ തുടങ്ങും. NRTI ഗണത്തോടൊപ്പം പ്രോട്ടിയേസ് ഇൻഹിബിറ്റർ ( Protease Inhibitor) എന്ന ഗണത്തിലെ മരുന്നുകൂടി രണ്ടാം ഘട്ടത്തിൽ ഉപയോഗിക്കുന്നു. ആദ്യ ഘട്ടത്തിൽ ഉപയോഗിച്ച NRTI മരുന്നുകളിൽ നിന്നും വിഭിന്നമായ NRTI ആണ് സാധാരണ രണ്ടാം ഘട്ടത്തിൽ ഉപയോഗിക്കുക. ആദ്യത്തെ മരുന്നിനെതിരെ ചെറുത്തു നിൽക്കാനുള്ള ശക്തി എച്ച്.ഐ.വി ആർജ്ജിച്ചിരിക്കും എന്നതിനാലാണിത്. സിഡോവുഡിനും ( NRTI ), ലോപിനാവിർ (Lopinavir), അറ്റസനാവിർ (Atazanavir) തുടങ്ങിയ പ്രോട്ടിയേസ് ഇൻഹിബിറ്ററുകളുമാണ് രണ്ടാം ഘട്ടത്തിൽ ഉപയോഗിക്കുന്നത്. ഒന്നോ രണ്ടോ ഗുളികകൾ ആയി തന്നെയാണ് ഈ ഘട്ടത്തിലും ദിവസവും നിശ്ചിത സമയത്തു കഴിക്കേണ്ടത്.

മരുന്നുകൾ തുടങ്ങിയതിനു ശേഷം, കൃത്യമായ ഇടവേളകളിൽ രക്തപരിശോധനകൾ നടത്തേണ്ടതുണ്ട്. മരുന്നിൻ്റെ  പാർശ്വഫലങ്ങൾ ശരീരത്തിലുണ്ടാകുന്നുണ്ടോ എന്നറിയാനാണിത്. ഹീമോഗ്ലോബിൻ, വൃക്കകളുടെ പ്രവർത്തനം നോക്കുന്ന രക്തപരിശോധന (RFT ), കരളിൻ്റെ  പ്രവർത്തനം നോക്കുന്ന രക്തപരിശോധന (LFT ) എന്നിവ ഇടവേളകളിൽ നിരീക്ഷിക്കണം. ആറുമാസം കൂടുമ്പോൾ CD4 പരിശോധന ചെയ്യുന്നത് വഴി, മരുന്നുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് നിജപ്പെടുത്താനും സാധിക്കും.

രണ്ടാം ഘട്ട ചികിത്സയും വർഷങ്ങൾക്കു ശേഷം പരാജയത്തിലേക്ക് പോയെന്നു വരാം. ഈ മരുന്നുകൾക്കെതിരെയും എച്ച്.ഐ.വി ശക്തിയാർജ്ജിക്കുന്ന സാഹചര്യമുണ്ടായാലാണിത്. മൂന്നാം ഘട്ട മരുന്നുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ആദ്യ ഘട്ടവും, രണ്ടാം ഘട്ടവുമായിത്തന്നെ പത്തിരുപത് വർഷത്തോളം ചികിത്സയിൽ, വലിയ ആരോഗ്യപ്രശ്നനങ്ങളില്ലാതെ, ജോലി ചെയ്തു ജീവിക്കുന്ന അനേകം എച്ച്.ഐ.വി ബാധിതർ ഇന്ന് നമ്മുടെ നാട്ടിൽത്തന്നെയുണ്ട്.

ചികിത്സ എപ്പോൾ തുടങ്ങണം ?

മുൻപ് എച്ച്.ഐ.വി അണുബാധിതരിൽ CD4 അഞ്ഞൂറിന് മുകളിലാണെങ്കിൽ മരുന്നുകൾ തുടങ്ങിയിരുന്നില്ല. എന്നാൽ, ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ മാർഗനിർദ്ദേശമനുസരിച്ച്‌, എച്ച്.ഐ.വി പോസിറ്റിവ് ആണെന്ന് സ്ഥിരീകരിച്ചാൽ, CD4 എത്ര തന്നെ ഉയർന്നതോ, താഴ്ന്നതോ ആണെങ്കിലും ആദ്യ ഘട്ട ചികിത്സ തുടങ്ങാം എന്നാണ്. എച്ച്.ഐ.വി ബാധിച്ച കുട്ടികൾക്കും നേരത്തെ തന്നെ മരുന്നുകൾ നൽകുന്നത് വഴി, സ്വാഭാവിക വളർച്ചയും, ആരോഗ്യവും ഇവരിൽ ഉറപ്പാക്കാൻ സാധിക്കും.

എച്ച്.ഐ.വി -സംബന്ധ രോഗങ്ങളുടെ ചികിത്സ

രോഗ പ്രതിരോധ ശേഷീ ക്ഷയത്തിൻ്റെ  ഭാഗമായി വരുന്ന മറ്റു അസുഖങ്ങൾ യഥാസമയം ചികിത്സിക്കേണ്ടതാണ്. ക്ഷയം, ന്യൂമോണിയ, പൂപ്പൽ, അർബുദം തുടങ്ങിയവയ്ക്കും ലഭ്യമായ മരുന്നുകൾ, എച്ച്.ഐ.വി മരുന്നുകളോടൊപ്പം നൽകി ചികിത്സിക്കണം.

പോഷകാഹാരങ്ങൾ, വൈറ്റമിൻ ഗുളികകൾ, ചിട്ടയായ ജീവിതം, എക്സർസൈസ് എന്നിവ എച്ച്.ഐ.വി ബാധിതരുടെ ആരോഗ്യം വർദ്ധിപ്പിക്കും. അതേസമയം, പുകവലി, പുകയില, മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയവ എച്ച്.ഐ.വി അണുബാധ കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ ത്വരിതപ്പെടുത്തും.


എച്ച്.ഐ.വി അണുബാധയുടെ പ്രതിരോധ മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് അടുത്ത ഭാഗത്തിൽ വായിക്കാം


Complete and Continue  
Discussion

0 comments